കണ്ണൂർ- കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയായി കോൺഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി രണ്ടാമതും ജനവിധി തേടും. ഇടത് ജനാധിപത്യ മുന്നണി കോൺഗ്രസ് എസിന് അനുവദിച്ച കണ്ണൂർ നിയോജക മണ്ഡലത്തിൽ സിറ്റിങ്ങ് എം.എൽ.എ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് എസ് സംസ്ഥാന നിർവാഹക സമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും.
സിറ്റിംഗ് എം.എൽ.എയായ രാമചന്ദ്രൻ കടന്നപ്പള്ളി, പിണറായി മന്ത്രിസഭയിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കൂടിയായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ 1194 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് എസ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ ആർ.എൽ. സ്വാഹയുടെ അനുമതിയോടെയാണ് സംസ്ഥാന നിർവാഹക സമിതി തീരുമാനമെടുത്തത്.
കണ്ണൂർ ചേർന്ന യോഗത്തിൽ സംസ്ഥാന ട്രഷററർ അഡ്വ. ടി.വി. വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികൾ, പാർലമെന്ററി ബോർഡ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു, സംസ്ഥാനത്ത് തുടർഭരണം ഉറപ്പു വരുത്തുന്നതിനായി സജീവമായി രംഗത്തിറങ്ങാൻ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി, സംസ്ഥാന ഭാരവാഹികളായ ഇ. പി.ആർ. വേശാല, മാത്യൂസ് കോലഞ്ചേരി, യു. ബാബുഗോപിനാഥ്, പി.പി. ജോർജ്ജ്കുട്ടി, എം. അനന്തൻ നമ്പ്യാർ, സി.ആർ. വത്സൻ, ഐ. ഷഹാബുദ്ദീൻ, പട്ടം ശ്രീകുമാർ, എ. ശിവപ്രകാശ്, കെ.കെ. ജയപ്രകാശ്, എം. ഉണ്ണികൃഷ്ണൻ, സന്തോഷ്‌കാല, റനീഷ് മാത്യു സംസാരിച്ചു.






