സി.പി.എം പട്ടികയായി; എറണാകുളത്ത് ഷാജി ജോർജ് സ്വതന്ത്ര സ്ഥാനാർഥി

കൊച്ചി - എറണാകുളം ജില്ലയിൽ സി.പി.എമ്മിന്റെ സ്ഥാനാർഥിപ്പട്ടികയായി. എറണാകുളം മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയായി കെ.ആർ.എൽ. സി.സി നേതാവ് ഷാജി ജോർജ് സ്വതന്ത്രനായി മത്സരിക്കും. ഷാജി ജോർജിന്റെ സ്ഥാനാർഥിത്വത്തിന് ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. കളമശ്ശേരിയിൽ പി. രാജീവ്, കൊച്ചിയിൽ കെ.ജെ മാക്‌സി, തൃപ്പൂണിത്തുറയിൽ എം. സ്വരാജ്, വൈപ്പിനിൽ കെ.എൻ. ഉണ്ണികൃഷ്ണൻ, കുന്നത്തുനാട്ടിൽ അഡ്വ. പി.വി. ശ്രീനിജൻ, ആലുവയിൽ ഷെൽന നിഷാദ്, തൃക്കാക്കരയിൽ ഡോ. ജെ. ജേക്കബ്, കോതമംഗലം ആന്റണി ജോൺ എന്നിവരാണ് സി.പി.എമ്മിന്റെ സ്ഥാനാർഥി പട്ടികയിലുള്ളത്. സംസ്ഥാന കമ്മിറ്റി നിർദേശിച്ച പേരുകൾ ഉൾപ്പെടുത്തിയാണ് ജില്ലാ സെക്രട്ടേറിയറ്റ് പുതിയ പട്ടിക സമർപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് പട്ടിക അംഗീകരിച്ച് സ്ഥാനാർഥി പ്രഖ്യാപനം നടത്തും. 


ജില്ലാ സെക്രട്ടേറിയറ്റിന്റെ അംഗീകാരം ലഭിച്ചതോടെ സ്ഥാനാർഥികൾ മണ്ഡലങ്ങളിൽ സജീവമായി. എറണാകുളത്ത് ഷാജി ജോർജിന്റെ കാര്യത്തിലാണ് അവസാന നിമിഷം അനിശ്ചിതത്വമുണ്ടായത്. എറണാകുളത്ത് ഷാജി ജോർജിനെ ഉൾപ്പെടുത്തിയാണ് ആദ്യം ജില്ലാ സെക്രട്ടേറിയറ്റ് പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വത്തിന് അയച്ചതെങ്കിലും വീണ്ടും പരിശോധിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതോടെ യേശുദാസ് പറപ്പള്ളിയുടെ കൂടി പേര് ഉൾപ്പെടുത്തി പുതിയ പട്ടിക നൽകി. എന്നാൽ വിജയസാധ്യത ഷാജി ജോർജിനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമമായി നിർദേശിച്ചത്. ഇതാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.
ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലാണ് ഷാജി ജോർജിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ഇതോടെ മണ്ഡലത്തിലെ നിർണായകമായ ലത്തീൻ കത്തോലിക്ക വോട്ടുകൾ അനുകൂലമാക്കാൻ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായ ടി.ജെ. വിനോദിനെക്കാളും കത്തോലിക്കാ സഭാ നേതൃത്വവുമായി അടുത്തു നിൽക്കുന്നത് ഷാജി ജോർജാണ്. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് എന്ന നിലയിൽ സഭാ പ്രവർത്തനങ്ങളിൽ സജീവമായ ഷാജി ജോർജ് പ്രണത ബുക്‌സിന്റെ സാരഥി എന്ന നിലയിൽ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ്. 


മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകനാണ് ശ്രീനിജൻ. യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ റിയൽ എസ്‌റ്റേറ്റ് ഇടപാടുകളുടെ പേരിൽ ആരോപണ വിധേയനായെങ്കിലും പിന്നീട് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. പട്ടികയിലെ ഏക വനിതയായ ഷെൽന നിഷാദ് ആലുവ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകന്റെ ഭാര്യയാണ്. കൊച്ചിയിലെ എസ്.എൻ ആർകിടെക്ടിന്റെ ഉടമയും ചീഫ് ആർക്കിടെക്ടുമാണ് ഷെൽന. തൃക്കാക്കരയിലെ സി.പി.എം സ്വതന്ത്ര സ്ഥാനാർഥി ഡോ. ജെ. ജേക്കബ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനാണ്.

 

Latest News