Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേവികുളത്ത് സ്ഥാനാർഥിയെ നിർണയിക്കുന്നത്  തമിഴ് ജാതി സമവാക്യം 

ഇടുക്കി - തമിഴ് ജാതി സമവാക്യം വിധി നിർണയിക്കുന്ന ദേവികുളത്ത് സ്ഥാനാർഥികളെ കണ്ടെത്താനാകാതെ മുന്നണികൾ. 
1957 ലും 1958 ലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ റോസമ്മ പുന്നൂസ് വിജയിച്ചതൊഴിച്ചാൽ തമിഴ് വംശജരല്ലാതെ ആരും ദേവികുളത്ത് നിന്നും നിയമസഭ കണ്ടിട്ടില്ല. ഇക്കുറിയും മുന്നണികൾ കാക്കുന്നത് എതിർവിഭാഗം സ്ഥാനാർഥിയുടെ ജാതി അറിഞ്ഞ ശേഷം സ്വന്തം സ്ഥാനാർഥിയെ തീരുമാനിക്കാനാണ്. 
തമിഴ് ജാതികളായ പള്ളർ, പറയർ എന്നിവരാണ് ദേവികുളത്തെ വിധി നിർണയിക്കുന്നത്. ഒരു മുന്നണി പള്ളർ വിഭാഗക്കാരനെ മത്സരിപ്പിച്ചാൽ മറുപക്ഷവും അതേ ജാതിയിൽ നിന്നും ആളെ കണ്ടെത്തും. ദേവികുളത്ത് മൂന്ന് വട്ടം വിജയിക്കുകയും മൂന്നു തവണ പരാജയപ്പെടുകയും ചെയ്ത കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് എ.കെ. മണിയും, മണിയെ മൂന്നു തവണ തോൽപിച്ച സി.പി.എമ്മിലെ എസ്. രാജേന്ദ്രനും പളളർ സമുദായക്കാരാണ്. 


ഇത്തവണയും പള്ളർ-പറയർ വിഭാഗക്കാർ തമ്മിലുള്ള തർക്കത്തിൽ ആരു ജയിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ദേവികുളത്തെ ഇരുമുന്നണികളുടെയും സ്ഥാനാർഥിത്വം. പറയൻ വിഭാഗക്കാരനായ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ. രാജയും പളളൻ സമുദായാംഗമായ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഈശ്വരനുമാണ് എൽ.ഡി.എഫ് പട്ടികയിൽ. രാജ എൽ.ഡി.എഫ് സ്ഥാനാർഥിയായാൽ പ്ലാന്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ ജോയിന്റ് സെക്രട്ടറി മുത്തുരാജിനെയോ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാറിനെയോ യു.ഡി.എഫ് കളത്തിലിറക്കും. പറയൻ വിഭാഗക്കാരാണ് ഇരുവരും. ഈശ്വരനാണ് എൽ.ഡി.എഫിൽ നിന്നും നറുക്ക് വീഴുന്നതെങ്കിൽ ഏഴാമൂഴം പ്രതീക്ഷിച്ച് എ.കെ. മണിയും രംഗത്തുണ്ട്. 
പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനെ എൻ.ഡി.എയുടെ പൊതു സ്വതന്ത്രയാക്കാനാണ് നീക്കം. കഴിഞ്ഞ തവണ വെവ്വേറെ മത്സരിച്ച എൻ.ഡി.എ ഘടകകക്ഷികളായ എ.ഐ.എ.ഡി.എം.കെ 11613 വോട്ടും ബി.ജെ.പി 9592 വോട്ടും നേടിയതാണ് അവരുടെ പിൻബലം. കൃസ്തു മതക്കാരനെ വിവാഹം കഴിച്ച ഗോമതി ജൻമം കൊണ്ട് പറയർ വിഭാഗക്കാരിയാണ്.  
ദേവികുളത്ത് ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗത്തിലും വിജയിച്ചത് പള്ളൻ സമുദായക്കാരാണ്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ തമിഴ് തോട്ടം തൊഴിലാളികൾക്ക് ആധിപത്യമുള്ള മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, പള്ളിവാസൽ പഞ്ചായത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലാണ് പള്ളൻ-പറയ വോട്ടുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരം. 
അടിമാലി, മാങ്കുളം, ബൈസൺവാലി പോലുള്ള മലയാളി ഭൂരിപക്ഷ പഞ്ചായത്തുകളും ദേവികുളത്ത് ഉണ്ടെങ്കിലും വിധി നിർണയിക്കുക തമിഴ് വോട്ടുകൾ തന്നെയാകും. 

 

Latest News