Sorry, you need to enable JavaScript to visit this website.

ഞാനൊരു ഹിന്ദു പെണ്ണാണ്; ഹിന്ദു-മുസ്ലിം വിഭജനത്തിന് ശ്രമിക്കുന്നവർ ഓർക്കണമെന്ന് മമത

കൊൽക്കത്ത- ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുന്നവർ താനൊരു ഹിന്ദു പെണ്ണാണെന്ന കാര്യം ഓർക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനർജി പറഞ്ഞു.

നന്ദിഗ്രാമില്‍ ബൂത്ത് തല  ടിഎംസി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. നന്ദഗ്രാമിനെ ഒരിക്കലും മറക്കാനാവില്ലെന്നും ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് ഇവിടെ പോരാട്ടം നയിച്ചതെന്നും മമത പറഞ്ഞു. ഗുജറാത്തിൽ നിന്ന് വരുന്നവരാണ് താന്‍ നന്ദിഗ്രാമിനു പുറത്തുള്ളവളാണെന്ന് ആക്ഷേപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സൂചിപ്പിച്ച് അവർ പറഞ്ഞു.

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദിഗ്രാമില്‍ മത്സരിക്കുന്നതിന് മമത നാളെ പത്രിക നല്‍കും. 50,000 വോട്ടുകൾക്ക് മമതയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന്സുവേന്ദു അധികാരി വെല്ലുവിളിച്ചിരുന്നു.

ബിജെപി  ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്.  വിഭജന രാഷ്ട്രീയം നന്ദിഗ്രാമിൽ പ്രവർത്തിക്കില്ല. എല്ലാവരുടെയും പേര് എനിക്ക് മറക്കാൻ കഴിയും, പക്ഷേ ഞാൻ ഒരിക്കലും നന്ദിഗ്രാം മറക്കില്ല. ഞാൻ ആദ്യമായി നന്ദഗ്രാം സന്ദർശിച്ചപ്പോൾ ഒരു എം‌എൽ‌എയും ഉണ്ടായിരുന്നില്ല. ഞാൻ ഈ മുഖങ്ങൾ നോക്കി ഇവിടെ നിന്ന് മത്സരിക്കാൻ തീരുമാനിച്ചു. എനിക്ക് എന്റെ സ്വന്തം മണ്ഡലം ഉണ്ടായിരുന്നു, അത് ഭവാനിപൂർ ആയിരുന്നു. ഒരു പ്രശ്നവുമില്ല.നിങ്ങളുടെ സ്നേഹവും ഉത്സാഹവും കണ്ടതിനാലാണ് ഞാൻ നന്ദിഗ്രാമിനെ തെരഞ്ഞെടുത്തത്.    ഇത്തവണ സിങ്കൂരിൽ നിന്നോ നന്ദിഗ്രാമിൽ നിന്നോ മത്സരിക്കാനാണ് ആലോച്ചിരുന്നത്. ഉടൻ നന്ദിഗ്രാമിൽ രണ്ട് റാലികൾ നടത്തും- മമത പറഞ്ഞു.
സാമുദായിക വികാരങ്ങളെ ഉത്തേജിപ്പിക്കാനാണ് സുവേന്ദു  അധികാരി ശ്രമിക്കുന്നത്. . 70:30 അനുപാതത്തെ  കുറിച്ചാണ് ചിലർ സംസാരിക്കുന്നത്.   ഇരു സമുദായങ്ങളിലെയും ആളുകൾ ഒരുമിച്ച് പോരാടിയ വിശുദ്ധ നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്  ഇക്കൂട്ടർ ചെയ്യുന്നത്. നന്ദിഗ്രാമിലെ ജനങ്ങൾ ഏപ്രിൽ ഒന്നിന് ബിജെപിയെ  ഏപ്രിൽ ഫൂളാക്കുമെന്നും മമതാ ബാനർജി പറഞ്ഞു.

Latest News