ന്യൂദൽഹി- കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനും കോവിഡ് -19 വാക്സിൻ ഡോസുകൾ വിതരണം ചെയ്യും. അയൽരാജ്യത്തിന് 45 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിനാണ് ലഭിക്കുക.
ഇന്ത്യ ഇതുവരെ 15 രാജ്യങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. 25 രാജ്യങ്ങള്‍ വാക്സിനുവേണ്ടിയുള്ള ക്യൂവിലാണ്. പല വിദേശ രാജ്യങ്ങൾക്കും ഗ്രാന്റ് അടിസ്ഥാനത്തിലാണ് വാക്സിൻ നല്‍കിയത്.
ശ്രീലങ്ക, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളില്‍ 56 ലക്ഷത്തോളം ഡോസ് കൊറോണ വൈറസ് വാക്സിനാണ് സഹായമായി നല്‍കിയത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കൊറോണ വൈറസ് വാക്സിൻ കോവിഷീൽഡ് എന്നിവയാണ് പ്രതിരോധ മരുന്നുകളായി ഇന്ത്യ അംഗീകരിച്ചത്.






