മലപ്പുറം- ഫുട്‌േബാൾ ആവേശം വാനോളമുള്ള ഏറനാട് മണ്ഡലത്തിലെ രാഷ്ട്രീയ ടർഫിൽ ഇത്തവണ മികച്ചൊരു പോരാട്ടം നടക്കുമെന്നാണ് കണക്കു കൂട്ടലുകൾ. മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഏറനാട് മണ്ഡലത്തിൽ ഇരുമുന്നണികളും വീറോടെ ഇത്തവണയും കളത്തിലുണ്ടാകും. ഫുട്‌േബാളിൽ ദേശീയ,സംസ്ഥാന ടീമുകളിലേക്കടക്കം നിരവധി താരങ്ങളെ സമ്മാനിച്ച മണ്ണാണ് ഏറനാട് മണ്ഡലത്തിന്റേത്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഫുട്‌ബോളിൽ തട്ടിയാണ് ചർച്ചകളെല്ലാം നടന്നിരുന്നത്. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം യു.ഷറഫലി ഇടതുമുന്നണി സ്ഥാനാർഥിയായി രംഗത്തിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇടതുമുന്നണിയിൽ സി.പി.ഐ മൽസരിക്കുന്ന ഏറനാട് മണ്ഡലത്തിൽ കെ.ടി.അബ്്ദുറഹ്്മാനാകും ഇത്തവണ സ്ഥാനാർഥിയെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിംഗ് എം.എൽ.എയും മുസ്്‌ലിം ലീഗ് നേതാവുമായ പി.കെ. ബഷീർ തന്നെ വീണ്ടുമിറങ്ങിയാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം കാണാം.
2011ലെ നിയോജക മണ്ഡലങ്ങളുടെ പുനർനിർണയത്തെ തുടർന്നാണ് ഏറനാട് നിയോജക മണ്ഡലം രൂപീകൃതമായത്. ഇതുവരെ നടന്നത് രണ്ട് തെരഞ്ഞെടുപ്പുകൾ മാത്രം. അതിൽ 2011 ലെ തെരഞ്ഞെടുപ്പ് ഏറെ രാഷ്ട്രീയ നാടകങ്ങൾ നിറഞ്ഞതായിരുന്നു. ഇടതുസ്ഥാനാർഥിയായി മൽസരിച്ച സി.പി.ഐയിലെ അഷറഫ് കാളിയത്ത് ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ച വോട്ടു പോലും കിട്ടാതെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. അന്ന് വിജയിച്ചത് മുസ്്‌ലിം ലീഗിലെ പി.കെ. ബഷീറാണ്. ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയായ പി.വി. അൻവറിന്റെ രാഷ്ട്രീയ പ്രവേശം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. സ്വതന്ത്രനായി മൽസരരംഗത്തെത്തിയ അൻവറിനെ സി.പി.എം രഹസ്യമായി പിന്തുണച്ചത് സി.പി.ഐക്ക് കനത്ത തിരിച്ചടിയായി. ഇടതുമുന്നണിയിലെ തർക്കം മറനീക്കി പുറത്തുവന്ന തെരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. അൻവറിനെ ഇടതുസ്വതന്ത്രനായി മൽസരിപ്പിക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യം സി.പി.ഐ തള്ളിയതോടെ സി.പി.എം കാലുവാരി. 2700 വോട്ടുകൾ മാത്രമാണ് അന്ന് സി.പി.ഐ സ്ഥാനാർഥിക്ക് ലഭിച്ചത്. അൻവറിനാകട്ടെ 47452 വോട്ടുകളും. ആ തെരഞ്ഞെടുപ്പിൽ പി.കെ.ബഷീർ വിജയിച്ചത് 11246 വോട്ടുകൾക്കായിരുന്നു. അന്ന് അൻവറിനെ രഹസ്യമായി പിന്തുണച്ച സി.പി.എം അടുത്ത തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അൻവറിനെ സ്വതന്ത്രനാക്കി മൽസരിപ്പിച്ച് വിജയിപ്പിച്ചു. 2016 ൽ ഏറനാട് മണ്ഡലത്തിൽ പി.കെ.ബഷീറും സി.പിഐയിലെ കെ.ടി.അബ്്ദുറഹ്്മാനും തമ്മിലായിരുന്നു മൽസരം. ബഷീർ വിജയിച്ചത് 12893 വോട്ടുകൾക്കാണ്. ഇത്തവണ കെ.ടി.അബ്്ദുറഹ്്മാൻ തന്നെ വീണ്ടും മൽസര രംഗത്തുണ്ട്.
വണ്ടൂർ, മഞ്ചേരി നിയോജക മണ്ഡലങ്ങൾ വിഭജിച്ചാണ് 2011 ൽ ഏറനാട് മണ്ഡലം നിലവിൽ വന്നത്. കീഴുപറമ്പ്, ഊർങ്ങാട്ടിരി, എടവണ്ണ, കാവന്നൂർ, അരീക്കോട്, കുഴിമണ്ണ, ചാലിയാർ പഞ്ചായത്തുകൾ ചേർന്നതാണ് ഏറനാട് നിയോജക മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്ന സീതിഹാജിയുടെ പുത്രനെന്ന നിലയിൽ പി.കെ.ബഷീർ ഇവിടെ തുടർച്ചയായ വിജയം നേടി വരികയാണ്.
രണ്ട് തിരഞ്ഞെടുപ്പുകളിലും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടെങ്കിലും കണക്കുകൾ മുസ്്‌ലിം ലീഗിനെ ആഹ്ലാദിപ്പിക്കുന്നതല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഏറനാട്ടിൽ നടത്തിയത്. പി.കെ.ബഷീറിന്റെ നാടായ എടവണ്ണയിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുത്തു. ദയനീയമായ തോൽവിയാണ് എടവണ്ണയിൽ ലീഗിനേറ്റത്. പച്ചക്കോട്ടകളായി നിലയുറപ്പിച്ചിരുന്ന വാർഡുകളിലടക്കം വലിയ ഭൂരിപക്ഷത്തിന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചു. പാർട്ടി ചിഹ്നത്തേക്കാൾ സ്വതന്ത്ര ചിഹ്നത്തിലായിരുന്നു മിക്കവരും മത്സരിച്ചത്. പാർട്ടിക്കുള്ളിലെ പ്രശ്്‌നങ്ങൾ ലീഗിന് കടുത്ത ക്ഷീണമുണ്ടാക്കി. മറ്റ് പഞ്ചായത്തുകളിലും സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനായില്ല. ലീഗിനൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന അരീക്കോട്ട് യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഏഴും മെമ്പർമാരുണ്ട്. കൂടാതെ ഒരു ഇടത് സ്വതന്ത്രയും. ചാലിയാറിൽ യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് അഞ്ചും സീറ്റുകളുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പി.കെ. ബഷീർ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങൾ യു.ഡി.എഫിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ ആരോപണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി ആവർത്തിച്ചേക്കും. കാവനൂർ പഞ്ചായത്തിൽ യു.ഡി.എഫ് ശക്തമായി തന്നെ തുടരുന്നുണ്ട്. യു.ഡി.എഫിന് പന്ത്രണ്ടും എൽ.ഡി.എഫിന് ആറും മെമ്പർമാരുണ്ട്.
സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഇപ്പോഴും ഇവിടെ നല്ല ബന്ധത്തിൽ അല്ല. ഇതാണ് യു.ഡി.എഫിന് വിജയം ആവർത്തിക്കാകുമെന്ന പ്രതീക്ഷ നൽകുന്നത്. അതേസമയം, പി.കെ.ബഷീറിനെതിരെ മുസ്്‌ലിം ലീഗിൽ പ്രാദേശികമായി ഉയരുന്ന ആരോപണങ്ങളും പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസവും ഇടതുമുന്നണി മുതലെടുക്കാൻ കാത്തിരിക്കുകയാണ്.
2016- വോട്ടു നില
പി.കെ.ബഷീർ (മുസ്ലിം ലീഗ്)- 69048
കെ.ടി.അബ്ദുറഹ്മാൻ (സി.പി.ഐ)-56155
കെ.പി.ബാബുരാജ്(ബി.ജെ.പി)- 6055
പി.കെ.ബഷീർ ഭൂരിപക്ഷം- 12893






