Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മത്സ്യത്തൊഴിലാളികള്‍ കപ്പലില്‍ കയറാന്‍ തയാറാകുന്നില്ല 

തിരുവനന്തപുരം- ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലകപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ പലരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവരെ കരയിലെത്തിക്കാനുള്ള ശ്രമമാണ് തീരസംരക്ഷണ സേനയും നേവിയും തുടരുന്നത്. 
തങ്ങളുടെ വള്ളങ്ങള്‍ വിട്ട് മത്സ്യത്തൊഴിലാളികള്‍ രക്ഷാ ദൗത്യത്തിലേര്‍പ്പെട്ട കപ്പലില്‍ കയറാന്‍ വിസമ്മതിക്കുകയാണ്. ഇവരെ അതിനു പ്രേരിപ്പിക്കാനുള്ള  ശ്രമമാണ് തുടരുന്നത്. തങ്ങള്‍ക്ക്  വെള്ളവും ഭക്ഷണവും മതിയെന്നും രക്ഷപ്പെടുത്തുന്നുണ്ടെങ്കില്‍ വള്ളം അടക്കം കൊണ്ടുപോകണമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 
ചുഴലിക്കാറ്റിനെ കുറിച്ച് ഇന്നലെ മാത്രമാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. തീരപ്രദേശത്തുള്ളവരുടെ ആശങ്ക സ്വാഭാവികമാണെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ എത്ര പേരാണ് കടലില്‍ കുടുങ്ങിയതെന്ന വ്യക്തമായ വിവരമില്ല. 
ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലും നാശം വിതക്കുമെന്നെ റിപ്പോര്‍ട്ടുകളുള്ളതിനാല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതല്‍ കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഏതാനും പേരെ കൂടി രക്ഷപ്പെടുത്തി കരയിലെത്തിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനു സഹായിക്കാന്‍ കപ്പല്‍ പാതയിലുടെ നീങ്ങുന്ന ചരക്കുകപ്പലുകളോട് അഭ്യര്‍ഥിച്ചതിനു ഫലമുണ്ടായി. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ഏഴ് കപ്പലുകള്‍ രംഗത്തുണ്ട്. തീരസേനയുടെ രണ്ടും  നേവിയുടെ നാലും കപ്പലുകളാണ് രംഗത്തുള്ളത്. വ്യോമസേനയുടെ  രണ്ട് വിമാനങ്ങളും നേവിയുടെ രണ്ട് ഹെലിക്കോപ്റ്ററുകളുമാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. 
കരസേനയും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ പൂര്‍ണ സൗകര്യങ്ങളോടെ 
കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.  തീരപ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍  13 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മര്‍ച്ചന്റ് നേവിയുടെ കപ്പലുകള്‍ അവരുടെ ശ്രദ്ധയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഷിപ്പിംഗ് ഡയരക്ടര്‍ ജനറിലിനോട് ആവശ്യപ്പെട്ടു. 
കനത്ത കാറ്റും മഴയും കടലിന്റെ പ്രക്ഷുബ്ധാവസ്ഥ നളെ വരെ ഇതേ നിലയില്‍ തുടരാനാണ് സാധ്യത. ചുഴലിക്കാറ്റ് കടലില്‍ 200 കി.മീ അകലേക്ക് പോയിട്ടുണ്ടെങ്കിലും വേഗത 70 കി.മീറ്ററില്‍നിന്ന് കുറഞ്ഞിട്ടില്ല.  
 

Latest News