Sorry, you need to enable JavaScript to visit this website.

കൊല്ലത്തേക്ക് മൂന്ന് ത്രീഫേസ് മെമു കൂടി 

തെക്കൻ കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കു കൂടുതൽ സൗകര്യമൊരുക്കാനായി മൂന്ന്  പുതിയ ത്രീഫേസ് മെമു കൂടി കൊല്ലത്തെത്തുന്നു. നിലവിൽ സർവീസ് നടത്തിയിരുന്ന പഴയ റേക്കുകൾ മാറ്റിയാണു പുതിയതു സർവീസ് തുടങ്ങുക. 
നിലവിൽ ആഴ്ചയിലൊരു ദിവസം സർവീസ് ഇല്ലാതിരുന്ന സ്ഥാനത്ത് ഇനി കന്യാകുമാരി മുതൽ എറണാകുളം വരെയുള്ള ഭാഗങ്ങളിൽ ദിവസവും മെമു സർവീസ് നടത്താനുള്ള നീക്കവും റെയിൽവേ നടത്തുന്നുണ്ട്.
ഈ മാസം അവസാനത്തോടെ പുതിയ മെമു കൊല്ലത്തെത്തും. നിലവിൽ മൂന്നു ത്രീ ഫേസ് മെമു റേക്കുകളാണു ജില്ലയിലുള്ളത്. പുതിയവ കൂടി എത്തുന്നതോടെ തെക്കൻമേഖലയിൽ 6 ത്രീഫേസ് മെമു സർവീസ് നടത്താനാകും. തെക്കൻ മേഖലയിലെ ഏക മെമു ഷെഡ് കൊല്ലത്താണുള്ളത്. 2012 മുതൽ ആരംഭിച്ച മെമു സർവീസിനായി പരമ്പരാഗത റേക്കുകളാണ് ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കം ഏറെയുള്ള ഈ റേക്കുകൾക്കു പകരമായാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച പുതിയ ത്രീ ഫേസ് മെമു എത്തുന്നത്. ഇതോടെ പഴയ 3 റേക്കുകൾ സർവീസിൽ നിന്നു പൂർണമായും പിൻവലിക്കും. 8 കാറുകളുള്ള (കോച്ച്) മെമുവാണു പുതിയത്. കൊല്ലത്തു നിന്നു പുലർച്ചെ ആലപ്പുഴ വഴി എറണാകുളത്തിനുള്ള മെമുവായിരിക്കും ആദ്യം സർവീസ് ആരംഭിക്കുകയെന്നാണു വിവരം.

3 ഫേസ് മെമുവിന്റെ പ്രത്യേകതകൾ

  •  ഊർജക്ഷമത കൂടിയ ട്രെയിൻ
  •  കുഷ്യൻ സീറ്റുകൾ
  •  ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം
  •  ബയോ ശുചിമുറികൾ
  •  എമർജൻസി സ്‌റ്റോപ്പ് ബട്ടൺ
  •  സുരക്ഷയ്ക്കായി സിസിടിവി ക്യാമറ
  •  എൽഇഡി ലൈറ്റുകൾ
  •  യാത്രാ സുഖത്തിന് എയർ സസ്‌പെൻഷൻ 
  •  ലോക്കോ പൈലറ്റിന് എസി കാബിൻ
  •  കല്ലേറ് പ്രതിരോധിക്കാൻ ശേഷിയുള്ള  ജനൽ സംവിധാനം
  •  ലോക്കോ പൈലറ്റിന് യാത്രക്കാരെ വിവരങ്ങൾ   അറിയിക്കാൻ സംവിധാനം

 

Latest News