റിയാദ് - സൗദിയില്‍ ഇതിനകം 15 ലക്ഷത്തിലേറെ ഡോസ് കൊറോണ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി അറിയിച്ചു. പള്ളിയില്‍ എത്തിയവരില്‍ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ പ്രവിശ്യകളിലെ ഏഴു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം ചൊവ്വാഴ്ച അടച്ചു.
ഇതോടെ 30 ദിവസത്തിനിടെ താല്‍ക്കാലികമായി അടച്ച പള്ളികളുടെ എണ്ണം 243 ആയി. ഇതില്‍ 228 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഹായില്‍ എന്നീ പ്രവിശ്യകളില്‍ രണ്ടു മസ്ജിദുകള്‍ വീതവും മക്ക പ്രവിശ്യയില്‍ ഒരു പള്ളിയുമാണ് ഇന്നലെ അടച്ചത്. നാലു മസ്ജിദുകള്‍ വീണ്ടും തുറന്നു. മക്ക പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും റിയാദ്, അല്‍ഖസീം പ്രവിശ്യകളില്‍ ഓരോ മസ്ജിദുകളുമാണ് ചൊവ്വാഴ്ച വീണ്ടും തുറന്നത്.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 390 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 306 പേര്‍ രോഗമുക്തി നേടുകയും അഞ്ചു കൊറോണ രോഗികള്‍ മരികകുകയും ചെയ്തു.






