ന്യൂദൽഹി- ദൽഹിയിലെ താമസക്കാരിൽ 60 ശതമാനം പേരും ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള സൗകര്യങ്ങളിലാണ് കഴിയുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ദൽഹി ഇക്കണോമിക് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനത്തെ വീടുകളിലെ ശരാശരി മുറികളുടെ എണ്ണത്തിന്റെ ശരാശരി 1.5 ആണെന്ന് യുനൈറ്റഡ് നേഷൻസ് പറയുന്നു. സർവേ പറയുന്ന മറ്റൊരു കാര്യം ദൽഹിയിലെ മൂന്നിലൊന്ന് ആളുകളും നിലവാരം കുറഞ്ഞ പ്രദേശങ്ങളിലാണ് ജീവിക്കുന്നതെന്നാണ്. 675 ചേരികളിലും, 1767 അനധികൃത പുറമ്പോക്കുകളിലുമായി ഇത്രയും പേർ ജീവിക്കുന്നു. ഇവിടെ ജീവിതസൗകര്യങ്ങൾ നന്നെ കുറവാണ്. നല്ല വെള്ളമോ സുരക്ഷിതത്വമോ ആവശ്യമായ ശുചീകരണ സംവിധാനങ്ങളോ ഇവിടങ്ങളിലില്ല.
2021ഓടെ 24 ലക്ഷം ഭവന യൂണിറ്റുകളെങ്കിലും ദൽഹിയിൽ ആവശ്യമാണ്. ഇതിൽ 54 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. 2022ഓടെ എല്ലാവർക്കും വീട് ലഭ്യമാക്കണമെങ്കിൽ 4.8 ദശലക്ഷം വീടുകൾ നിർമിക്കേണ്ടി വരും.
നിലവിൽ ഭൂവികസനം പൊതുജനങ്ങളുടെ ഭവനാവശ്യങ്ങൾ എന്നിവ ദൽഹി സർക്കാരിന്റെ ചുമതലയിലാണ്. ഇക്കാരണത്താൽ തന്നെ വീടുകൾ നിർമിക്കുന്ന കാര്യത്തിൽ നടപടികൾ വരേണ്ടതും ദൽഹി സർക്കാരിൽ നിന്നാണ്. ചുരുങ്ങിയ ഭൂമി ലഭ്യതയ്ക്കുള്ളിൽ നിന്ന് ഈ ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ അനധികൃത ചേരികളെ പുനർരൂപകൽപ്പനയ്ക്ക് വിധേയമാക്കി അവിടങ്ങളിൽ കൂടുതൽ സൗകര്യത്തോടെ അപ്പാർട്ട്മെന്റുകൾ പണിയുകയാണെന്ന് വഴിയെന്ന് ഡിഡിഎ വൈസ് ചെയർപേഴ്സൺ ബൽവീന്ദർ കുമാർ പറയുന്നു.