ജിദ്ദ- സംസ്ഥാനത്ത് വിവിധ സർക്കാർ ഉദ്യോഗങ്ങളിലും നീതിന്യായ രംഗത്തും പോലീസിന്റെ തലപ്പത്തും വിരാജിച്ചിരുന്നവരും മുഖ്യധാരക്കാരെന്നവകാശപ്പെട്ട പാർട്ടികളിൽ നിന്നുള്ളവരും സമീപ കാലത്ത് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് അവർക്കു പെട്ടെന്നുണ്ടായ വെളിപാടുമൂലമല്ലെന്നും അവരുടെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന കാവി മനസ്സിന്റെ പുറംതോട് കളഞ്ഞു സംഘപരിവാറിന്റെ തനിരൂപം വെളിവാക്കുന്നതാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നു കൊട്ടിഘോഷിക്കുന്ന സി.പി.എമ്മും ഇടതു സർക്കാരും സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളാകുന്ന സംഭവങ്ങളാണ് അവരുടെ ഭരണത്തിലുടനീളം കാണാൻ കഴിയുന്നത്. കിടപ്പാടമില്ലാതെയും വരുമാനമില്ലാതെയും നിരവധി കുടുംബങ്ങൾ ആത്മഹത്യ ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് സംഘപരിവാർ സഹയാത്രികന് തലസ്ഥാന നഗരിയിൽ നാലേക്കർ ഭൂമി അനുവദിച്ചു കൊടുത്തത് പിണറായിയുടെ സംഘി വിധേയത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നന്മക്കും നാടിന്റെ രക്ഷക്കും വേണ്ടി പ്രവർത്തിക്കുന്നവർക്കാകണം വരുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ നൽകേണ്ടതെന്ന് കൺവെൻഷൻ വോട്ടർമാരോടഭ്യർഥിച്ചു. മോഡിക്കെതിരെ 'യുദ്ധം നടത്താൻ' പോയി പിന്തിരിഞ്ഞോടിയവർക്ക് ചുട്ട മറുപടി കൊടുക്കുന്നതാകണം മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഹസ്സൻ മങ്കട പറഞ്ഞു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സ്വാഗതവും മുഹമ്മദ് കുട്ടി തിരുവേഗപ്പുറ നന്ദിയും പറഞ്ഞു.