ഇന്ത്യൻ ഓഹരി വിപണി നിയന്ത്രണം ബുൾ ഇടപാടുകാരുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള ആദ്യ ശ്രമം വിജയിച്ചു. രണ്ടാഴ്ച നിക്ഷേപകരുടെ ഉറക്കം നഷ്ടപ്പെടുത്തിയ വിൽപനക്കാരെ അൽപം ഒതുക്കാനായെങ്കിലും അവർ തിരിച്ചടിക്കുമെന്ന സൂചനയാണ് വാരാവസാന ദിവസങ്ങളിൽ കണ്ടത്.
എന്നാൽ ഫ്യൂച്ചേഴ്‌സ് ആന്റ് ഒപ്ഷൻസിൽ മാർച്ച് സീരീസിന്റെ ആദ്യവാരത്തിൽ വിപണിക്ക് തിളക്കം പകരാനായത് ബുൾ ഇടപാടുകരുടെ ആത്മവിശ്വാസം ഉയർത്തി. സെൻസെക്‌സ് 1305 പോയന്റും നിഫ്റ്റി 409 പോയന്റും കഴിഞ്ഞ വാരം ഉയർന്നു.
അമേരിക്കൻ മാർക്കറ്റ് വാരാന്ത്യം തിളങ്ങിയെങ്കിലും ഏഷ്യൻ യൂറോപ്യൻ ഓഹരി ഇൻഡക്‌സുകൾ തളർച്ച നേരിട്ടു. യുഎസ് ബോണ്ട് മാർക്കറ്റിലെ ഉണർവ് മറ്റു വിപണികളിൽ സമ്മർദം ഉളവാക്കുന്നു. ഡോളർ സൂചിക തിരിച്ചുവരവ് നടത്തിയതും ഫണ്ടുകളെ എമർജിങ് വിപണികളിൽ ഹെഡ്ജിങിന് പ്രേരിപ്പിച്ചു.
വിദേശ ഫണ്ടുകൾ തുടക്കത്തിൽ കാണിച്ച നിക്ഷേപ താൽപര്യം നിഫ്റ്റിയെ 14,529 ൽ നിന്ന് 15,261 വരെ ഉയർത്തി. വാരാന്ത്യത്തിലെ വിൽപന സമ്മർദത്തിൽ സൂചിക 14,638 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 14,938 ലാണ്. ഈവാരം 15,000 പോയന്റ് പ്രതിരോധം നേരിടാൻ ഇടയുണ്ട്. ആദ്യ താങ്ങ് 14,626 പോയന്റിലും ആദ്യ പ്രതിരോധം 15,261 പോയന്റിലുമാണ്. അതായത് ഈ റേഞ്ച് മറികടന്ന് ഏത് ദിശയിലേയ്ക്ക് വിപണി സഞ്ചരിച്ചാലു അതിൽ പിടിമുറുക്കാൻ ഊഹക്കച്ചവടക്കാർ രംഗത്ത് ഇറങ്ങും.
ബോംബെ സെൻസെക്‌സ് വൻ കയറ്റിറക്കങ്ങൾക്ക് ഒടുവിൽ 50,405 പോയന്റിലാണ്. 49,099 ൽ ഓപൺ ചെയ്ത വിപണി 51,540 വരെ കയറിയെങ്കിലും നിർണായകമായ 51,500 ന് മുകളിൽ വാരാവസാനം ഇടം കണ്ടത്താനായില്ല.
ഈ വാരം 49,383 ലെ താങ്ങ് നിലനിർത്തി 51,483 ലേയ്ക്ക് ചുവടുവെക്കാനായാൽ അടുത്ത ലക്ഷ്യം 52,561 പോയന്റായി മാറും. വാരത്തിന്റെ രണ്ടാം പകുതിയിൽ വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ ഓപറേറ്റർമാരെ നിക്ഷേപങ്ങളിൽ നിന്ന് അൽപം പിൻതിരിപ്പിച്ചു. കഴിഞ്ഞ വാരം അവർ 4437 കോടി രൂപയടെ ഓഹരികൾ ശേഖരിച്ചു.
ആഭ്യന്തര ഫണ്ടുകൾ 3000 കോടി രൂപയുടെ ഓഹരികൾ പിന്നിട്ടവാരം വിറ്റു. ഈമാസം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 16,306 കോടി രൂപ പിൻവലിച്ചു. സെബിയടെ കണക്കുകൾ പ്രകാരം 2020 ൽ അവർ 56,400 കോടി രൂപയുടെ വിൽപന അവർ നടത്തി. മുൻവാരം വ്യക്തമാക്കിയതാണ് രൂപയുടെ മൂല്യം മെച്ചപ്പെടുമെന്ന കാര്യം. വിനിമയ നിരക്ക് 73.91 ൽ നിന്ന് 72.60 ലേയ്ക്ക് ശക്തിപ്രാപിച്ചെങ്കിലും വാരാന്ത്യം ഡോളറിന് മുന്നിൽ രൂപ 73.16 ലാണ്. ഈ വാരം രൂപ 72.56, 73.37 റേഞ്ചിൽ നീങ്ങാം.
ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ഫെബ്രുവരി അവസാനവാരം 689 മില്യൺ ഡോളർ ഉയർന്ന് 584.554 ബില്യൺ ഡോളറിലെത്തി.
ക്രൂഡ് ഓയിൽ വില വീണ്ടും കത്തിക്കയറി. എണ്ണ ഉൽപാദനത്തിൽ കുറവ് വരുത്തില്ലെന്ന ഒപെക്ക് വെളിപ്പെടുത്തലിൽ ബാരലിന് 58.38 ഡോളറിൽ നിന്ന് 66.26 ഡോളറായി. വീക്കിലി ചാർട്ട് പരിശോധിച്ചാൽ ക്രൂഡ് 68 ഡോളറിലെ പ്രതിരോധം മറികടന്നാൽ 74.45 ഡോളർ വരെ ഉയരാം. ഇതിനിടയിൽ ഉൽപാദനം ഉയർത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഒപെക്ക് പരിഗണിച്ചില്ല. കഴിഞ്ഞ വർഷം ബാരലിന് 20 ഡോളറിൽ താഴ്ന്ന വിലയ്ക്ക് വൻ തോതിൽ ക്രൂഡ് ഓയിൽ ഇന്ത്യ ശേഖരിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെ ആഭ്യന്തര നികുതിയിൽ കുറവ് വരുത്തിയാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമേ നിലവിലുള്ളൂ.