കണ്ണൂർ- അന്വേഷണ ഏജൻസി നേരും നെറിയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജന്മനാട്ടിൽ മുഖ്യമന്ത്രിക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണ ഏജൻസികൾ ഏജൻസികളൊക്കെ തന്നെയാകും. മറ്റുവഴിയിലൂടെ കേരളത്തെ അടക്കിഭരിക്കാമെന്ന് നോക്കിയാൽ അത് നടക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ച അതേ വിജയം നിയമസഭ തെരഞ്ഞെടുപ്പിലുമുണ്ടാകും. ഇത് രാഷ്ട്രീയ പോരാട്ടമാണ്. അതിൽ നേരും നെറിയും വിട്ടുപ്രവർത്തിക്കുന്നവരാണ് നമ്മുടെ എതിരാളികൾ. അത് നാം മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ അമിത് ഷാ നമ്മുടെ നാടിനെ അപമാനിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. കേരളത്തിലാകെ അഴിമതിയാണ് എന്നാണ് അമിത് ഷാ പറഞ്ഞത്.
രാജ്യത്തെ മുഴുവൻ ഏജൻസികളും കേരളമാണ് അഴിമതി കുറഞ്ഞ സംസ്ഥാനമെന്നാണ് സാക്ഷ്യപ്പെടുത്തിയത്. കേരളത്തെ അപമാനിച്ചതിനെതിരെ ഒരക്ഷരവും കോൺഗ്രസ് നേതാക്കളിൽനിന്ന് ഉയരില്ല. കാരണം അവർ രണ്ടും കൂട്ടാണ്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയുണ്ട്. കേരളത്തിനെതിരെ അന്വേഷണ ഏജൻസികൾ നീങ്ങുന്നില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. രണ്ടു വിഭാഗവും ഒരേമനസോടെ എൽ.ഡി.എഫ് സർക്കാറിനെ തകർക്കാൻ വേണ്ടി നോക്കുകയാണ്. ആഭ്യന്തര മന്ത്രിയായിട്ടാണോ അമിത് ഷാ മനസിലാക്കിയത്. ഓരോ സ്ഥാനത്തും ഇരിക്കുമ്പോൾ ആ സ്ഥാനത്തിന്റെ വില മനസിലാക്കി സംസാരിക്കണം. അല്ലെങ്കിൽ അതേ രീതിയിൽ സംസാരിക്കും. അത് മനസിൽ വെച്ചോളണം. പ്രസംഗത്തിനിടെ മുസ്ലിം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അമിത് ഷായുടെ സ്വരം വല്ലാതെ കനക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തിനാകെ അറിയാം. അദ്ദേഹം വർഗീയത ഏതെല്ലാം തരത്തിൽ വളർത്തിയെടുക്കാൻ പറ്റും എന്ന് നോക്കി നടക്കുന്നയാളാണെന്നും പിണറായി വ്യക്തമാക്കി.