മധ്യപ്രദേശ് നിയമസഭ മതപരിവര്‍ത്തന നിരോധ ബില്‍ പാസാക്കി; ഒരു മാസം 23 കേസുകള്‍

ഭോപ്പാല്‍- വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വഞ്ചനയിലൂടെയോ ഉള്ള മതപരിവര്‍ത്തനം തടയുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. 10 വര്‍ഷം തടവും ചില കേസുകളില്‍ വന്‍തുക പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ ഡിസംബറില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമായിരുന്നു ബില്‍. ഈ മാസം ഒന്നിനാണ് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മധ്യപ്രദേശ് മതസ്വാതന്ത്ര്യ ബില്‍- 2021 നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം തിങ്കളാഴ്ച ശബദ് വോട്ടിലൂടെ പാസാക്കുകയായിരുന്നു.

ജനുവരി ഒമ്പതിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശ് മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്ന ഒരു മാസത്തിനിടെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി മിശ്ര വെളിപ്പെടുത്തിയിരുന്നു.

ഭോപ്പാല്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍  കേസുകള്‍ ഫയല്‍ ചെയ്തിരുന്നത്. ഏഴ് കേസുകള്‍ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തപ്പോള്‍  ഇന്‍ഡോറില്‍ അഞ്ചും ജബല്‍പൂര്‍, റെവ എന്നിവിടങ്ങളില്‍ നാല് വീതവും ഗ്വാളിയോര്‍ ഡിവിഷനില്‍ മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

 

Latest News