Sorry, you need to enable JavaScript to visit this website.

മന്ത്രി ബാലന്റെ ഭാര്യയെ ഒടുവില്‍ വെട്ടി, പകരം സുമോദ്

തിരുവനന്തപുരം- മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജലീലയെ തരൂരില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. പകരം ഡി.വൈ.എഫ്.ഐ നേതാവ് പി.പി. സുമോദ് മത്സരിക്കും.
തരൂരിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍നിന്ന് ജമീലയെ ഒഴിവാക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ജമീലയുടെ സ്ഥാാനാര്‍ഥിത്വത്തെ ചൊല്ലി വലിയ വിവാദങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമീലയെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നത്.

തരൂര്‍ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ജമീല ഇടംപിടിച്ചത് അപ്രതീക്ഷിതമായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറായി വിരമിച്ച ഇവര്‍, ഒരു തരത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ ജമീലയുടെ പേര് ജില്ലാ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ അവഗണിക്കപ്പെട്ടു.  

ജമീലയുടെ പേര് ഉള്‍പ്പെട്ട സ്ഥാനാര്‍ഥി സാധ്യത പട്ടിക പുറത്തെത്തിയതോടെ പരാതികള്‍ വീണ്ടും ഉയര്‍ന്നു. മന്ത്രിയുടെ ഭാര്യയെ നൂലില്‍ കെട്ടിയിറക്കി സ്ഥാനാര്‍ഥിയാക്കി എന്നായിരുന്നു പ്രധാന ആരോപണം. പിന്നാലെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ബാലനും ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിനും എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തരൂര്‍ മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരച്ചടിക്കുമെന്ന മുന്നറിയിപ്പാണ് പോസ്റ്ററിലുണ്ടായിരുന്നത്.

 

Latest News