Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

മാതൃകയായി ചില മഹിളാ ജീവിതങ്ങൾ

ഇന്ന് അന്താരാഷ്ട്ര വനിതാദിനം

ഇത് കല്യാണി. ഇന്ന് ഈ വനിതാ ദിനത്തിൽ ഞാൻ ഓർമിക്കാൻ ഇഷ്ടപ്പെടുന്ന മൂന്നു വ്യക്തിത്വങ്ങളിൽ ഒരാൾ. തീർച്ചയായും അധ്യാപികയും നല്ലൊരു കുടുംബിനിയുമായിരുന്ന എന്റെ അമ്മയുടെ മുഖം തന്നെയാണ് ആദ്യം എന്റെ മനസ്സിൽ. അപ്പോൾ തീർച്ചയായും അമ്മക്ക് പ്രിയപ്പെട്ട മറ്റൊരു മുഖം കൂടി എന്റെ മനസ്സിൽ തെളിയുന്നു. കല്യാണിയമ്മ.  എന്റെ നാട്ടിലെ സുപരിചിത മുഖം. കുഞ്ഞുന്നാൾ മുതലേ എനിക്കവരെ അടുത്തറിയാം. കടുത്ത ദാരിദ്ര്യത്തിനിടയിലും ചിരിക്കുന്ന മുഖവുമായി എന്റെ അമ്മ യെ കാണാനും വീട്ടിലെ അല്ലറ ചില്ലറ പണികൾ ചെയ്യാനുമൊക്കെ വന്നിരുന്ന ആൾ. നാല് മക്കളെ അവരെക്കൊണ്ടാവുന്ന രീതിയിൽ പട്ടിണിയില്ലാതെ വളർത്തി. ഒരിക്കൽ പോലും അവർ വെറുതെ ഇരുന്നു കണ്ടിട്ടില്ല. കരഞ്ഞു നിലവിളിക്കുന്നതും കണ്ടിട്ടില്ല. വിഷാദഛായ നിഴലിച്ച ആ കണ്ണുകളിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഇഛാശക്തിയായിരുന്നു ഞാൻ കണ്ടത്. 


മൊബൈൽ ഫോണുകളോ ടെലിവിഷനോ മറ്റു സുഖസൗകര്യങ്ങളോ ഇല്ലാത്ത കാലം. അവർ അവരുടെ ജീവിത പ്രാരാബ്ധങ്ങൾ സധൈര്യം നേരിട്ട് കൂലിവേല ചെയ്തു കിട്ടുന്ന പണം കൊണ്ട് സംതൃപ്തയായിരുന്നു. സത്യത്തിൽ അത് തന്നെയല്ലേ വേണ്ടത്? സുഖസൗകര്യങ്ങൾക്കിടയിലും വിലപിക്കുന്ന സ്ത്രീജനങ്ങൾ എത്രയോ നമുക്ക് ചുറ്റും ഉണ്ട്. അതൃപ്തിയും വിരസതയുമായി. സ്ത്രീ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും സ്വപ്‌നം കണ്ടു സ്ത്രീ ആയിപ്പോയതിൽ അബല എന്ന് സ്വയം വിശേഷിപ്പിച്ചു ജീവിക്കുന്നവർ. ആരൊക്കെയോ തന്റെ ഭാവനയും മിഥ്യയും സത്യവും കൂട്ടിക്കുഴച്ചെഴുതിയ  പുസ്തകങ്ങളിൽ സ്വയം നഷ്ടപ്പെട്ടവർ. ആധുനിക സമൂഹ മാധ്യമങ്ങളിൽ സമയം കളഞ്ഞു നഷ്ടസ്വർഗങ്ങൾ തീർക്കുന്നവർ. അങ്ങനെ പലരും!
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തുനിന്നുമുള്ള അധ്യാപകരുണ്ട്. അവർ ഓരോരുത്തരും ഓരോ പാഠപുസ്തകങ്ങളാണ്. ഇനി രണ്ടാമത്തെ വനിത എന്റെ സഹാധ്യാപികയാണ്. എന്നും സുസ്‌മേരവദനയായി നല്ല നിറമുള്ള വസ്ത്രങ്ങളണിഞ്ഞു വരുന്നവർ. വിശേഷാവസരങ്ങളിൽ ചൂട് ബിരിയാണിയും മറ്റു ഭക്ഷണ പദാർത്ഥങ്ങളും ഞങ്ങൾക്ക് സസ്‌നേഹം കൊണ്ടുതന്നിരുന്നവർ.. അനാരോഗ്യം അവരെ അലട്ടിയിരുന്നെങ്കിലും അതിന്റെ ആലസ്യമോ വേദനയോ ഒന്നുമില്ലാതെ കർമനിരതയായിരുന്നു അവർ. പാചകം, സംഗീതം ചിത്രരചന .. നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ മനസ്സിലാക്കാനും എന്നുവേണ്ട  പല മേഖലകളിലും അവർക്കുണ്ടായിരുന്ന അറിവാണ് ഏറെക്കുറെ സമാന ചിന്താഗതിയുള്ള ഞാനുമായി അവരെ അടുപ്പിച്ചത്. ഓരോ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുള്ള അവർ പറയുമായിരുന്നു, നല്ല ഭക്ഷണം വെച്ച് നൽകൂ എല്ലാവർക്കും, നല്ല ചിന്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ, നല്ല നിറമുള്ള വസ്ത്രങ്ങൾ വൃത്തിയായി ധരിക്കൂ, നല്ലവണ്ണം ഒരുങ്ങി നടക്കൂ, എന്തിനു ജീവിതത്തെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളി ദീർഘനിശ്വാസം വിട്ടിരിക്കണം?
ശരിയാണ്, സത്യത്തിൽ എല്ലാ മേഖലകളിലും അറിവ് സമ്പാദിക്കുകയും ജീവിതത്തെ പോസിറ്റിവ് അയി കാണുകയും ചെയ്താൽ ഒരു സ്ത്രീയും അബലയായി മാറില്ല. യഥാർത്ഥത്തിൽ കല്യാണിയമ്മയെ  പോലുള്ള അല്ലെങ്കിൽ, എന്റെ സഹാധ്യാപികയായിരുന്ന ആ വനിതയെ പോലുള്ള  മഹിളകളെയല്ലേ നാം ഇന്ന് ഓർമിക്കേണ്ടതും ആദരിക്കേണ്ടതും? 


 

Latest News