Sorry, you need to enable JavaScript to visit this website.

സമുദായ വോട്ടിന് പിന്നാലെ നെട്ടോട്ടമോടുന്ന രാഷ്ട്രീയ നേതൃത്വം

കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്താൽ സാധാരണയായി രണ്ടു കാര്യങ്ങളാണ് നിശ്ചയമായും നടക്കുമെന്ന് ഉറപ്പ് പറയാനാവുക. എല്ലാ പ്രമുഖ മുന്നണികളുടെയും സംസ്ഥാന നേതാക്കൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ പല പേരുകളിൽ രാഷ്ട്രീയ യാത്രകൾ നടത്തിയിരിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. അനുബന്ധമായി പണപ്പിരിവ് വേറെയുമുണ്ടാകും. എല്ലാ സാമുദായിക നേതാക്കളുടെയും ആസ്ഥാനങ്ങളിലും കയറി നിരങ്ങി അവരുടെ കാൽ തൊട്ട് വന്ദിക്കുകയും  അനുഗ്രഹം വാങ്ങുകയും  അവരെ സാമൂഹ്യ പരിഷ്‌കർത്താക്കളും നവോത്ഥാന നായകൻമാരുമാക്കി പ്രസ്താവന നടത്തുകയും ചെയ്യും. കാലമേറെ പുരോഗമിച്ചിട്ടും രാഷ്ട്രീയ നേതാക്കളുടെ ഈ ആചാരാനുഷ്ഠാനങ്ങൾക്ക് മാറ്റമൊന്നും ഉണ്ടാകാറില്ല. ഇപ്പോൾ നടക്കാൻ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് തന്നെ സ്ഥിതി.  സാമുദായിക നേതാക്കൾക്കും മതപുരോഹിതൻമാർക്കും വി.ഐ.പി പരിഗണന കിട്ടുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. ഒരു വശത്ത് ഉത്തരേന്ത്യയിലെ ജാതി രാഷ്ട്രീയത്തെ പുഛിച്ചു തള്ളിക്കൊണ്ട് ഘോര പ്രസംഗം നടത്തുമ്പോഴും മറുഭാഗത്ത് മത-സാമുദായിക നേതാക്കളെ തൃപ്തിപ്പെടുത്താനായി എന്തു വിട്ടുവീഴ്ചക്കും തയാറായി നടക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. ഇതിന് ഇടത്-വലത് മുന്നണിയെന്നോ ബി.ജെ.പിയെന്നോ വ്യത്യാസമൊന്നുമില്ല.മത-സാമുദായിക നേതാക്കളല്ല കേരളത്തിലെ രാഷ്ട്രീയ അജണ്ട തീരുമാനിക്കേണ്ടതെന്ന് ഉറക്കെ പറയാൻ മുന്നണി നേതൃത്വങ്ങൾക്ക് കഴിയുന്നില്ല. ഇടതു മുന്നണിയിലെ ഘടക കക്ഷികളായ സി.പി.എമ്മും സി.പി.ഐയും പലപ്പോഴും സാമുദായിക നേതാക്കളുടെ സമീപനങ്ങൾക്കെതിരെ പരസ്യ നിലപാടെടുക്കാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത് മയപ്പെടുത്തുകയോ മാറ്റിപ്പറയുകയോ ആണ് ചെയ്യാറ്. കോൺഗ്രസാകട്ടെ, സാമുദായിക നേതാക്കളുമായി നേരിയ ഇടച്ചിലിന് പോലും ഒരിക്കലും തയാറല്ല. സമുദായങ്ങളാണ് തങ്ങളുടെ വോട്ട് ബാങ്കുകളെ എപ്പോഴും സുരക്ഷിതരാക്കി നിർത്തുന്നതെന്ന നിലപാടാണ് കോൺഗ്രസ് എക്കാലവും സ്വീകരിക്കുന്നത്. സവർണ ഹിന്ദു വോട്ടുകളാണ് ബി.ജെ.പിയുടെ കരുത്ത്. അതുകൊണ്ട് തന്നെ സവർണ ഹിന്ദുത്വത്തിന് പോറലേൽക്കാതെ നോക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യമായി മാറുന്നു.
കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പരിതഃസ്ഥിതിയിൽ സാമുദായിക സംഘടനകൾ നടത്തുന്ന ഇടപെടലുകളെ ചെറുതായി കാണാനാകില്ല. തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ അജണ്ട നിശ്ചയിക്കുന്നതിലും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിലും ജയപരാജയങ്ങൾ നിർണയിക്കുന്നതിലും പ്രധാന ശക്തിയായി കേരളത്തിൽ സാമുദായിക സംഘടനകൾ മാറിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെയും രാഷ്ട്രീയ അധികാരത്തെയും തങ്ങളുടെ വഴിയിലൂടെ നടത്താൻ ശ്രമിക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കൈയിലുള്ള വോട്ട് ബാങ്കിനെയാണ് ആയുധമാക്കുന്നതും രാഷ്ട്രീയ കക്ഷികളെ തങ്ങൾക്കു മുന്നിൽ അടിയറ പറയിക്കുന്നതും.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന്റെ കണക്കെടുത്താൽ തന്നെ സാമുദായിക സംഘടനകളുടെ സ്വാധീനം വെളിവാകും. മിക്കവാറും സ്ഥാനാർത്ഥികൾ സമുദായത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രമാണ് നിർണയിക്കപ്പെടുന്നത്. 
ഓരോ സാമുദായിക സംഘടനക്കും ശക്തിയുള്ള മണ്ഡലങ്ങളിൽ അവർ മുന്നോട്ട് വെക്കുന്ന ആളുകളെ തന്നെ സ്ഥാനാർത്ഥികളാക്കാൻ രാഷ്ട്രീയ സംഘടനകൾ തയാറാകുന്നു. അല്ലെങ്കിൽ പരാജയപ്പെടുമെന്ന ഭീതി രാഷ്ട്രീയ കക്ഷികൾക്കുണ്ടാകുന്നു. സാമുദായിക വോട്ടുകൾ ഏറ്റവും അധികം സ്വാധീനിക്കാൻ കഴിയുകയെന്നത് സ്ഥാനാർത്ഥികളുടെ യോഗ്യതയായി മാറുന്നു. ഈ തെരഞ്ഞെടുപ്പിലും ഇതിന് മാറ്റമുണ്ടാകില്ല.വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ടവർ എല്ലാവരും തെരഞ്ഞെടുപ്പിൽ സാമുദായിക പരിഗണനയിലോ അല്ലെങ്കിൽ സാമുദായിക നേതാക്കൾ പറയുന്നതിനനുസരിച്ചോ ആണ് വോട്ട് ചെയ്യുകയെന്നല്ല അർത്ഥം. 
മറിച്ച് നല്ലൊരളവിൽ വോട്ടുകളെ സ്വാധീനിക്കാൻ സാമുദായിക നേതൃത്വത്തിന് എപ്പോഴും കഴിയുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഹിന്ദുമതത്തിൽ എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ക്രൈസ്തവരിൽ ലത്തീൻ സമുദായം, യാക്കോബായ, ഓർത്തഡോക്‌സ്, മുസ്‌ലിംകളിൽ ഇരു വിഭാാഗം സുന്നികൾ, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയെല്ലാം വലിയ തോതിൽ വോട്ട് ബാങ്കുള്ള സംഘടനകളാണ്. 
ഇവരാണ് തെരഞ്ഞെടുപ്പിൽ പലപ്പോഴും അജണ്ട സെറ്റ് ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യയിൽ 54.73 ശതമാനത്തോളം വരുന്ന ഹിന്ദുക്കളിൽ 15 ശതമാനത്തോളം നായർ സമുദായമാണ്. തെക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കോട്ടയം മുതൽ തിരുവനന്തപുരം വരെ ശക്തമായ അടിത്തറയുള്ള നായർ വിഭാഗം അവഗണിക്കാൻ പറ്റാത്ത ഒരു വോട്ട് ബാങ്ക് തന്നെയാണ് കൈയാളുന്നത്. രാഷ്ട്രീയ സംവിധാനത്തിൽ വളരെ പരസ്യമായ ഇടപെടലുകളും സമ്മർദങ്ങളും അവർ നടത്തുന്നുമുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രാഷ്ട്രീയ നേതൃത്വത്തെ ചൊൽപടിക്ക് നിർത്താൻ കെൽപുള്ള നേതാവായി നേരത്തെ തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. അക്കാര്യം അദ്ദേഹം വളരെ ഭംഗിയായി തന്നെ നിർവഹിക്കുന്നുമുണ്ട്.
വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്.എൻ.ഡി.പി ഈഴവ വോട്ടുകളുടെ പിൻബലത്തിലാണ് തെരഞ്ഞെടുപ്പ് രംഗത്ത് സമ്മർദ തന്ത്രം പയറ്റുന്നത്. 24 ശതമാനത്തോളമുള്ള ഈഴവ വോട്ടുകൾ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്നവയാണ്. മലബാർ മേഖലയിൽ ഈഴവരിൽ നല്ലൊരു ശതമാനം സി.പി.എമ്മിനെ പിന്തുണക്കുന്നവരാണെങ്കിലും കണ്ണൂർ, പാലക്കാട് , തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 40 ലേറെ മണ്ഡലങ്ങളിൽ നിർണായക ശക്തിയാണെന്നാണ് എസ്.എൻ.ഡി.പിയുടെ അവകാശവാദം. ക്രിസ്ത്യൻ സഭകളെ പാട്ടിലാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പിൽ പതിനെട്ട് അടവും പയറ്റുക പതിവാണ്. ഇത്തവണ ക്രിസ്ത്യൻ വോട്ടുകളിൽ ബി.ജെ.പിയും നോട്ടമിട്ടിട്ടുണ്ടെന്നതാണ് മറ്റു രണ്ട് മുന്നണികളെയും അലോസരപ്പെടുത്തുന്നത്. 18.38 ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളിൽ യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾക്ക് മധ്യ കേരളത്തിൽ നല്ല സ്വാധീനമുണ്ട്. പരമ്പരാഗതമായി ഈ സമുദായങ്ങൾ യു.ഡി.എഫിനൊപ്പമാണ് നിലകൊള്ളാറുള്ളതെങ്കിലും അടുത്ത കാലത്തായി ഇരുമുന്നണികളിലേക്കും ചാഞ്ചാട്ടം നടത്തിക്കൊണ്ട് സമ്മർദ ശക്തിയായി മാറുന്നുണ്ട്.ഈ തെരഞ്ഞെടുപ്പിൽ ഇരു വിഭാഗവും തമ്മിലുള്ള പള്ളിത്തർക്കമാണ് സഭകളുടെ പ്രധാന വിഷയം. പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും ഇപ്പോൾ മിസോറം ഗവർണറുമായ പി.എസ്. ശ്രീധരൻ പിള്ളയുടെ മധ്യസ്ഥതയിൽ പ്രധാന മന്ത്രിയും തർക്കത്തിൽ ഇടപെട്ടിട്ടുണ്ട്. ഇത് വഴി ഇത്തവണ ക്രിസ്ത്യൻ വോട്ടുകളിൽ നല്ലൊരു ശതമാനം തങ്ങളുടെ പെട്ടിയിലാക്കാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സ്വാധീന ശക്തിയുണ്ട്.
കേരളത്തിൽ 26 ശതമാനത്തോളം വരുന്ന മുസ്‌ലിംകളിൽ ഇ.കെ വിഭാഗം സുന്നികളും എ.പി വിഭാഗം സുന്നികളും തെരഞ്ഞെടുപ്പിൽ എക്കാലവും  വലിയ സ്വാധീനമാണ് ചെലുത്താറുള്ളത്. മലബാറിൽ പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് സുന്നികൾക്ക് ഏറ്റവും കൂടുതൽ ശക്തിയുള്ളത്. 
ഈ ജില്ലകളിലെ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം എല്ലാ കാലവും ഇവർ പുലർത്തിപ്പോരുന്നുണ്ട്. ഇ.കെ വിഭാഗം സുന്നികൾ പരമ്പരാഗതമായി മുസ്‌ലിം ലീഗിന്റെ വോട്ട് ബാങ്കാണെങ്കിലും പല വിഷയങ്ങളുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ഇവർ മുസ്‌ലിം ലീഗുമായി കൊമ്പുകോർക്കുന്നത് എൽ.ഡി എഫിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇ.കെ സുന്നി വിഭാഗം വോട്ടുകൾ യു.ഡി.എഫിന് തന്നെ വീഴുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. എ.പി വിഭാഗം സുന്നികൾ സാധാരണയായി ഏതെങ്കിലും ഒരു മുന്നണിക്ക് വേണ്ടി മാത്രമായി നിലകൊള്ളാറില്ല. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുകയെന്ന നിലപാടാണ് അവർ എടുക്കാറുള്ളത്. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങളും നിർണായക വോട്ട് ബാങ്ക് തന്നെയാണ്. സാമുദായിക ശക്തികളാണ് ഇവിടുത്തെ രാഷ്ട്രീയ ചക്രം തിരിക്കുന്നതെന്നതാണ് മതേതര കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
 

Latest News