Sorry, you need to enable JavaScript to visit this website.

മ്യാൻമറിൽ ആശുപത്രികളും സർവ്വകലാശാലകളും പട്ടാളം പിടിച്ചെടുത്തു;  ഇന്ന് പണിമുടക്ക്

നയ്പിഡോ- മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരെ ഇന്ന് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച ദേശവ്യാപക പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളും സർവ്വകലാശാലകളും പട്ടാളം പിടിച്ചെടുത്തതായി റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ യങ്കൂണിൽ വലിയ സംഘർഷാവസ്ഥ നിലനിൽക്കുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. വലിയ ആയുധങ്ങളുപയോഗിച്ചുള്ള വെടിവെപ്പിന്റെ ശബ്ദങ്ങൾ എമ്പാടും കേൾക്കാമായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പട്ടാളം നടത്തിയ അട്ടിമറിയിൽ നിരവധി പേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ആശുപത്രികൾക്കരികിലും വെടിവെപ്പ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. സമീപവാസികൾ ആശുപത്രികൾക്ക് പട്ടാളത്തിൽ നിന്നും സംരക്ഷണം നൽകുന്നതാണ് ഈ വെടിവെപ്പിന് കാരണമെന്നാണ് വിവരം. മ്യാൻമർ സേനകൾ ആംബുലൻസുകളെയും ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

ദി ഇന്റർനാഷണൽ ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പ് ഈ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തി. ആശുപത്രികൾക്കെതിരായ പട്ടാള ആക്രമണങ്ങൾ അന്ധാളിപ്പിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹം ശക്തമായ എതിർപ്പ് ഉന്നയിച്ചില്ലെങ്കിൽ മ്യാൻമർ പട്ടാളം മനുഷ്യാവകാശ ലംഘനങ്ങൾ ഇനിയും തുടരുമെന്ന് വളരെ വ്യക്തമായതായും അവർ പറഞ്ഞു.

മ്യാൻമറിലെ വലിയ സ്വാധീനമുള്ള തൊഴിലാളി സംഘടനകളാണ് ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടാളനീക്കങ്ങളെ ചെറുക്കുന്നതിന് രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ പൂർണമായും അടച്ചിടുക എന്ന ലക്ഷ്യത്തോടെയാണിത്. ഭൂരിഭാഗം തൊഴിലാളികളും തങ്ങളോടൊപ്പം ചേരുമെന്നാണ് കരുതുന്നതെന്ന് ഫെഡറേഷൻ ഓഫ് ഗാർമന്റ് വർക്കേഴ്സ് ചെയർമാൻ സാന്ദ മൈയിന്റ് പറഞ്ഞു. ഏതാധിപത്യത്തെ പിഴുതെറിയും വരെ പണിമുടക്കാനാണ് ആഹ്വാനം.

അതെസമയം മ്യാൻമറിൽ നടക്കുന്ന പട്ടാള അതിക്രമങ്ങളെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ മറച്ചുപിടിക്കുന്നതിനായി ഒരു പിആർ ഏജൻസിയെ പട്ടാളം നിയമിച്ചിട്ടുണ്ട്. ഒരു മുൻ ഇസ്രായേലി മിലിട്ടറി ഉദ്യോഗസ്ഥനായ അരി ബെൻ മനാഷെയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രാജ്യത്തെ 'യഥാർത്ഥ സാഹചര്യം' പടിഞ്ഞാറൻ മാധ്യമങ്ങളെ ബോധ്യപ്പെടുത്തലാണ് ഇദ്ദേഹത്തിന്റെ ദൌത്യം. സിംബാബ്വെയിലെ റോബർട്ട് മുഗാബെ, സുഡാനിലെ പട്ടാളഭരണകൂടം തുടങ്ങിയവർക്കു വേണ്ടി പ്രവർത്തിച്ച പാരമ്പര്യം ഇദ്ദേഹത്തിനുണ്ട്.

Latest News