ഫേസ്ബുക്ക് ലൈവില്‍ മോഡിയേക്കാള്‍ മുന്നില്‍ ഹര്‍ദിക്

അഹമ്മദാബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ഫേസ് ബുക്ക് ലൈവുകളെ മറികടന്ന് ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. എആം ഗുജറാത്ത് എന്ന വെബ്‌സൈറ്റാണ് രണ്ട്  പേജുകളുടെ താരതമ്യപഠനം പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫേസ്ബുക്ക് ലൈവുകളുടെ കണക്കെടുത്താല്‍ ഹര്‍ദികിന്റെ പ്രസംഗം കണ്ടവരുടെ എണ്ണം 33.24 ലക്ഷമാണ്. നരേന്ദ്രമോഡി പങ്കെടുത്ത പരിപാടികളുടെ ലൈവ് ഗുജറാത്ത് ബി.ജെ.പി ഫേസ്ബുക്ക് പേജിലൂടെ കണ്ടവരുടെ എണ്ണം 10.09 ലക്ഷം മാത്രവും. ഫേസ്ബുക്കിലെ സ്വീകാര്യതയെക്കുറിച്ചും തനിക്ക് ലഭിക്കുന്ന ജനപ്രിയ പരിവേഷത്തെക്കുറിച്ചും ഹര്‍ദിക്ക് പറയുന്നു: ഞാനെന്റെ റാലികള്‍ക്ക് ബസ്സിലോ മറ്റ് വാഹനങ്ങളിലോ ശ്രേതാക്കളെ കൊണ്ടുവരാറില്ല. എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു, അവരെത്തുന്നു.
ഗുജറാത്തില്‍ കോണ്‍ഗ്രസിനെപ്പോലും തന്റെ വരുതിയിലെത്തിച്ച ഹര്‍ദിക്ക് ബി.ജെ.പിയെ തറപറ്റിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. കോണ്‍ഗ്രസിന്റെ പിന്തുണയുള്ള ഈ പട്ടിദാര്‍ നേതാവിന് ഗുജറാത്തിലെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹര്‍ദിക്കിന് അപകീര്‍ത്തിയുണ്ടാക്കുന്ന വിവാദ സി.ഡികള്‍ പുറത്തെത്തിച്ചെങ്കിലും  ബി.ജെ.പിയുടെ അത്തരം ശ്രമങ്ങളൊന്നും വിജയിച്ചില്ല.  ആ ശ്രമം ബൂമറാങ് പോലെ തിരിച്ചടിച്ചുവെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. 
ബി.ജെ.പ ിയുടെ കപടമുഖം വെളിവാക്കാന്‍ അവര്‍ തന്നെ വ്യാജസി.ഡികളുണ്ടാക്കി വിതരണം ചെയ്യുന്നു എന്ന ഹര്‍ദിക്കിന്റെ വാക്കുകളാണ് ജനങ്ങള്‍ക്ക് സ്വീകാര്യമായത്. 


 

Latest News