Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസികളുടെ സഹായവും കാത്ത് മുൻ ദമാം പ്രവാസി മുജീബ്

ആലപ്പുഴ- കാൽ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനൊടുവിൽ മുജീബിന് മിച്ചമായത് രോഗവും ബാധ്യതയും. സൗദി അറേബ്യയിലെ ദമാമിൽ വിവിധ ജോലികൾ ചെയ്തിരുന്ന സാധാരണ തൊഴിലാളിയായിരുന്നു ഹരിപ്പാട് മണ്ണാറശാല വലിയപറമ്പ് വീട്ടിൽ മുജീബ്. വീട്ടിലെ പ്രാരബ്ധങ്ങളെത്തുടർന്ന് നന്നേ ചെറുപ്പത്തിൽ സൗദിയിലെത്തിയ മുജീബ് പെട്രോൾ പമ്പ്, ബൂഫിയ, ഇലക്ട്രിക് ജോലികൾ, സെക്യൂരിറ്റി തുടങ്ങി വിവിധ ജോലികളിൽ ഏർപ്പെട്ടു. ഇവിടെ നിന്നൊക്കെ ലഭിച്ച ചെറിയ വരുമാനം വീട്ടിലേക്ക് അയച്ചിരുന്ന മുജീബ് ആരോഗ്യം പോലും നോക്കാതെ മണലാരണ്യത്തിൽ ജോലി തുടർന്നു. 
അവസാനം ദമാമിലെ ഖത്തീഫിൽ സെക്യൂരിറ്റിയായി ജോലി നോക്കുന്നതിനിടെയാണ് മുജീബിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു സംഭവം. കോവിഡ് മഹാമാരി മൂലം എങ്ങോട്ടും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ദമാമിലെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ മുജീബിന്റെ ഹൃദയത്തിന്റെ പ്രവർത്തനം 25 ശതമാനം മാത്രമാണുള്ളതെന്ന് ഡോക്ടർമാർ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയയ്ക്ക് പോലും കഴിയാത്ത സാഹചര്യം. 35 ശതമാനത്തിനു മുകളിൽ ഹൃദയം പ്രവർത്തിച്ചെങ്കിൽ മാത്രമേ ശസ്ത്രക്രിയ സാധ്യമാകൂ. 
തുടർ ചികിൽസയ്ക്കായി ദമാമിലെ ഐ.സി.എഫ് പ്രവർത്തകരുടെ സഹായത്തോടെ 2020 ജൂലൈയിൽ നാട്ടിലെത്തിയ മുജീബ് ഇവിടുത്തെ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. ഇപ്പോഴത്തെ പരിശോധനയിൽ മുജീബിന്റെ ഇരു വൃക്കകളും തകരാറിലാണ്. ഒരു ദിവസം നാല് മിനിറ്റിൽ കൂടുതൽ നടക്കരുതെന്നാണ് ഡോക്ടർമാർ നിർദേശിച്ചരിക്കുന്നത്. ഒരു ലിറ്റർ വെള്ളം മാത്രം ഒരു ദിവസം കുടിക്കാം. രണ്ടാഴ്ച കൂടുമ്പോൾ ആശുപത്രിയിൽ പോകണം. പരിശോധനകൾക്കും മറ്റുമായി വലിയ തുകയാണ് ഓരോ തവണയും വേണ്ടത്. ഇതു കൂടാതെ മരുന്നും മറ്റ് ചെലവുകളും.
സൗദിയിലായിരുന്നപ്പോൾ തുച്ഛമായ വരുമാനമാണുണ്ടായിരുന്നത്. അന്ന് നിരവധി പേരിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് വീട്ടലേക്ക് പണമയച്ചിരുന്നത്. അതിന്റെ ബാധ്യത ഇതുവരെയും തീർന്നിട്ടില്ല. ഇപ്പോൾ എല്ലാം കൂടി വലിയ ബാധ്യതയും രോഗവും മാത്രമാണ് മുജീബിന്റെ സമ്പാദ്യം. 1995 ലാണ് മുജീബ് സൗദിയിലേക്ക് പോകുന്നത്. 26 വർഷം പ്രവാസ ജീവിതമായിരുന്നു. ഇപ്പോൾ 46 വയസുള്ള മുജീബിന് ചികിൽസയ്ക്കും ജീവിത ചെലവുകൾക്കും വിവിധ സംഘടനകളും അയൽവാസികളുമൊക്കെ സഹായിക്കുന്നു. തൃക്കുന്നപ്പുഴ പാനൂർ ആഞ്ഞിലിത്തറയിൽ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ    : സലീന. രണ്ടാംവർഷ ബിരുദ വിദ്യാർഥിനി ഐഷ, പത്താം ക്ലാസുകാരൻ മാഹീൻ എന്നിവരാണ് മക്കൾ. ഉദാരമതികളായ പ്രവാസികളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് മുജീബിനുള്ളത്. മുജീബിന്റെ അക്കൗണ്ട് നമ്പർ: 556002010009005. ബാങ്ക് ഐ.എഫ്.എസ് കോഡ്: UBIN0555606. മുജീബിന്റെ നമ്പർ: 8129476905 (Googlepay)

Latest News