ജിദ്ദ- ഇരുപത്തിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മ ജനറൽ സെക്രട്ടറിയും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ സൈനുദ്ദീൻ എടയപ്പുറത്തിന് ആലുവ കൂട്ടായ്മ യാത്രയയപ്പ് നൽകി. സൗദി കേബിൾസ് (പ്ലാനിംഗ് വിഭാഗം) ജീവനക്കാരനായ സൈനുദ്ദീൻ സ്വയം വിരമിക്കൽ നടത്തിയാണ് നാട്ടിലേക്കു മടങ്ങുന്നത്. കൂട്ടായ്മ സംഘടിപ്പിച്ച നാടകം ഉൾപ്പെടെ വിവിധ കലാപരിപാടികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്ന സൈനുദ്ദീൻ കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
ഷറഫിയ ഗ്ലോബൽ വിൻഡോസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് പി.എം. മായിൻകുട്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എ അബ്ദുൽ റഷീദ്, കോർഡിനേറ്റർ സുബൈർ മുട്ടം, മറ്റു ഭാരവാഹികളായ ഫൈസൽ അലിയാർ തോട്ടുംമുഖം, ഹാഷിം കുന്നുകര, കലാം എടയാർ, അൻവർ തോട്ടുംമുംഖം, അൻഫൽ ബഷീർ മുവാറ്റുപുഴ, ഷിഹാബ് തായിക്കാട്ടുകര, മുഹമ്മദ് റഫീഖ് പാനായിക്കുളം, നൗഷാദ് അടുവാശ്ശേരി എന്നിവർ ആശംസകർ നേർന്നു. ജോയന്റ് സെക്രട്ടറി സുബൈർ പാനായിക്കുളം സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ മെമന്റോ പി.എം. മായിൻകുട്ടിയും പി.എ. അബ്ദുൽ റഷീദും ചേർന്ന് സൈനുദ്ദീന് കൈമാറി. ഉപഹാരം സുബൈർ മുട്ടം സമ്മാനിച്ചു. പുതിയ ജനറൽ സെക്രട്ടറിയായി സുബൈർ മുട്ടത്തെയും കോർഡിനേറ്ററായി കലാം എടയാറിനെയും തെരഞ്ഞെടുത്തു.