Sorry, you need to enable JavaScript to visit this website.

ഉദ്ഘാടനം ചെയ്ത് രണ്ടു മണിക്കൂറിനകം മാൾ അടപ്പിച്ചു

ഹായിൽ - ഉദ്ഘാടനം ചെയ്ത് രണ്ടു മണിക്കൂറിനകം ഹായിലിലെ ഷോപ്പിംഗ് മാൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ക്രൈസിസ് സെന്റർ അടപ്പിച്ചു. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതാണ് മാൾ അടപ്പിക്കാൻ കാരണം. ഹായിലിൽ പുതിയ ശാഖ തുറക്കുന്നതായും ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ഉൽപന്നങ്ങളിലും ഓഫറുകളുള്ളതായും പ്രമുഖ ഷോപ്പിംഗ് മാൾ ശൃംഖല അറിയിച്ചിരുന്നു. 
ഉദ്ഘാടനം പ്രമാണിച്ച് പുതിയ മാളിലേക്ക് സ്ത്രീകൾ അടക്കമുള്ളവർ ഒഴുകിയെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മാൾ അധികൃതർ സംവിധാനമേർപ്പെടുത്തിയിരുന്നില്ല. തൽഫലമായി ഉപയോക്താക്കൾ കൂട്ടത്തോടെ മാളിൽ പ്രവേശിക്കുകയും മാളിനകത്ത് സാമൂഹിക അകലം പാലിക്കാതെ തിക്കും തിരക്കുമുണ്ടാക്കുകയുമായിരുന്നു. ഷോപ്പിംഗ് മാളിൽ അനുഭവപ്പെട്ട ഉപയോക്താക്കളുടെ കടുത്ത തിരക്ക് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക വകുപ്പുകൾ നൽകിയ നിർദേശങ്ങൾക്കും സുരക്ഷാ, പ്രതിരോധ വ്യവസ്ഥകൾക്കും അനുസൃതമായും ചില ഉപയോക്താക്കൾ മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചതിന്റെ ഫലമായും മാൾ താൽക്കാലികമായി അടക്കാനും ഉദ്ഘാടനത്തോടനുബന്ധിച്ച മുഴുവൻ ഓഫറുകളും നിർത്തിവെക്കാനും തീരുമാനിച്ചതായി മാനേജ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിയമാവലികൾക്കും അനുസൃതമായി ഉപയോക്താക്കൾക്ക് സുരക്ഷിതമായ സാഹചര്യം ഉറപ്പു വരുത്താൻ വേണ്ടിയാണ് മാൾ അടപ്പിച്ചത്. ഷോപ്പിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലും ഹായിൽ ക്രൈസിസ് സെന്റർ ശക്തമായ പരിശോധനകൾ നടത്തിവരികയാണ്.
 

Tags

Latest News