കൊൽക്കത്ത- കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ബിജെപി റാലിയിൽ പങ്കെടുത്ത നടൻ മിഥുൻ ചക്രബർത്തിയുടെ താൽപര്യം തന്നെ നേതാവ് എന്ന് വിളിക്കരുതെന്നതാണ്. നേതാവാകാനുള്ള യോഗ്യത തനിക്കില്ല. തനിക്കൊരു നേതാവുണ്ടെന്ന് മാത്രമേ പറയാൻ കഴിയൂ. താൻ ആ നേതാവിനോട് സംസാരിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞദിവസം നടന്ന മോഡിയുമൊത്തുള്ള റാലിയെ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ചക്രബർത്തി ഇക്കാര്യം പറഞ്ഞത്. ഏറെ നാളുകളായി ചക്രബർത്തിയുടെ ബിജെപി പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജനകീയതയുള്ള സെലിബ്രിറ്റികളെ ലക്ഷ്യം വെക്കുകയെന്ന മറ്റിടങ്ങളിലെല്ലാം പയറ്റിത്തെളിഞ്ഞ തന്ത്രം ബിജെപി ബംഗാളിൽ സജീവമായി പുറത്തെടുത്തിരിക്കുകയാണ്.
പ്രധാനമന്ത്രി തനിക്കൊപ്പം 15 മിനിറ്റ് ചെലവഴിച്ചെന്ന് അഭിമാനത്തോടെ പറയുന്ന ചക്രബർത്തി 12ാം തിയ്യതി താൻ പ്രചാരണം തുടങ്ങുമെന്നും പ്രസ്താവിച്ചു. താൻ നേതാക്കളെ അനുസരിക്കുന്നയാളാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് എല്ലാം മാറണമെന്ന് ചക്രബർത്തി ആഗ്രഹം പ്രകടിപ്പിച്ചു. ചക്രബർത്തിയെ സംബന്ധിച്ചിടത്തോളം ഇത് നാലാമത്തെ രാഷ്ട്രീയബാന്ധവമാണ്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോൾ അവർക്കൊപ്പമായിരുന്നു അദ്ദേഹം. പിന്നീട് തൃണമൂലിന്റെ അധികാരം പിടിച്ചെടുക്കലിനു ശേഷം അവർക്കൊപ്പം കൂടി. ഇടക്കാലത്ത് കോൺഗ്രസ്സുനോടും ചായ്‍വ് പ്രകടിപ്പിച്ചു. ഏറ്റവുമൊടുവിൽ ബിജെപിയിലും എത്തി.






