കണ്ണൂരിൽ സി.പി.എമ്മിൽ കലാപം;  പുറംമോടി അകത്തില്ല -കെ.സുധാകരൻ 

കണ്ണൂർ- സി.പി.എമ്മിൽ കലാപം തുടങ്ങിയെന്നും പി.ജയരാജനെ സി.പി.എമ്മിൽ ഒറ്റപ്പെടുത്തിയെന്ന പ്രതീതി കണ്ണൂരിൽ പൊതുധാരയിൽ ഉണ്ടെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ഒരു സമയത്ത് സി.പിഎം ശക്തമായി ഉപയോഗപ്പെടുത്തിയ നേതാവായിരുന്നു ജയരാജൻ. അദ്ദേഹത്തെ ഒഴിവാക്കിയെന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ട്. പുറംമോഡി അകത്തില്ല. പുറം ശാന്തമാണെങ്കിലും അകം പൊട്ടിത്തെറിയിലാണ്. ഒരു കേൾവിക്കാരൻ, അതല്ലെങ്കിൽ ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ നോക്കുമ്പോൾ ഒറ്റപ്പെടുത്തിയെന്ന അഭിപ്രായം തന്നെയാണ് ശരി. ഇത് അവരുടെ ആഭ്യന്തര കാര്യമാണ്. നമ്മൾ പ്രതികരിക്കേണ്ട കാര്യമില്ല. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിവാദവും അഭിപ്രായ വ്യത്യാസവും എതിർ രാഷ്ട്രീയ പാർട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാൽ ഞങ്ങൾ അത് പ്രതീക്ഷിക്കുന്നില്ല. ഇത് കണ്ടല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് -സുധാകരൻ പറഞ്ഞു.
ശ്രീ.എമ്മുമായി നടത്തിയ ചർച്ചയുടെ കാര്യം സത്യസന്ധമായി പറഞ്ഞുവെന്നതാണ് ജയരാജന്റെ പ്ലസ് പോയന്റ്. ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ പ്രശ്‌നങ്ങളുണ്ട്. സി.പി.എമ്മിന്റെ ചരിത്രത്തിൽ ഇതാദ്യ സംഭവമാണ്. ആർ.എസ്.എസുമായി ചർച്ച നടത്തിയിട്ടില്ലെന്നു പറഞ്ഞ കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനെ തിരുത്തുകയാണ് പി.ജയരാജൻ ചെയ്തത്. ഐസക്കിനേയും സുധാകരനെയും മാറ്റുന്നതുമായി ഞങ്ങൾ അഭിപ്രായം പറയേണ്ട കാര്യമില്ല. അത് അവരുടെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. സി.പി.എമ്മുമായാണ് ഞങ്ങളുടെ മത്സരം. സുധാകരനുമായും ഐസക്കുമായല്ല. സി.പി.എമ്മിലെ പ്രശ്‌നങ്ങളെ ഞങ്ങൾ കണക്കിലെടുക്കുന്നില്ല. കണ്ണൂരിൽ യു.ഡി.എഫ് പിടിക്കേണ്ട സീറ്റുകൾ പിടിച്ചിരിക്കും -സുധാകരൻ വ്യക്തമാക്കി.ഉറപ്പാണ് എൽ.ഡി.എഫ് എന്നാണ് പറയുന്നത്. എൽ.ഡി.എഫിന് ജയിൽ ഉറപ്പാണ് എന്നതാണ് വ്യക്തമാകുന്നത്. സി.പി.എം നേതാക്കളിൽ ഭൂരിഭാഗവും ഒന്നുമില്ലായ്മയിൽ നിന്ന് വന്നവരാണ്. ഇവരുടെയെല്ലാം മക്കൾ ഇന്ന് കോടികളുടെ ആസ്തിയുള്ളവരാണ്. ഇതെങ്ങനെയുണ്ടായി. ബിനീഷിന്റെ സ്വത്തുക്കളുടെ സ്രോതസ്സ് തേടി അന്വേഷണ സംഘങ്ങൾ കേരളത്തിലുണ്ട്. ഈ അന്വേഷണം ഭയന്നാണ് ആരോഗ്യ കാരണം പറഞ്ഞ് കോടിയേരി മാറി നിൽക്കുന്നത്. കോടിയേരിയുമായി ബന്ധപ്പെട്ട് ഇനിയും പല കാര്യങ്ങളും പുറത്തു വരാനുണ്ട്. രമേശ് ചെന്നിത്തലയുടെ കൈയിലുണ്ടെന്ന് കോടിയേരി പറഞ്ഞ ഐ-ഫോണാണ് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ ആരോപണം ആസൂത്രിതമായിരുന്നുവെന്ന് ഇക്കാര്യം തെളിയിക്കുന്നു. -സുധാകരൻ പറഞ്ഞു.
തന്നെ ഹൈക്കമാൻഡ് ദില്ലിക്കു വിളിപ്പിച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. കെ.പി.സി.സി പ്രസിഡണ്ട് പദവി സംബന്ധിച്ച് ഇന്നുവരെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗികമായി പലരും ഇക്കാര്യം പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. കെ.എം.ഷാജി അഴീക്കോട്ട് മത്സരിക്കുകയും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യുമെന്ന് സുധാകരൻ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഇത്തവണ മത്സരിക്കുന്നില്ലെന്നായിരുന്നു ഷാജിയുടെ നിലപാട്. ഞങ്ങൾ സഹോദര ബുധ്യാ നിർബന്ധിച്ചതിന് ശേഷമാണ് ഷാജി നിലപാട് മാറ്റിയത്. കാസർേകാട്ട് മത്സരിക്കുമെന്ന് ഷാജിയോ ലീഗോ പറഞ്ഞിട്ടില്ല. ഷാജി, അഴിമതിക്കേസിൽ പ്രതിയല്ലേ എന്ന ചോദ്യത്തിന്, എന്ത് അഴിമതി? ഇങ്ങനെ ചോദിക്കാൻ നാണമില്ലേയെന്നായിരുന്നു സുധാകരന്റെ മറുചോദ്യം. 
കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഈ മാസം 9 നോ 10 നോ കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ പ്രധാന ഭാഗം പുറത്തുവരുമെന്ന് സുധാകരൻ പറഞ്ഞു.
 

Latest News