Sorry, you need to enable JavaScript to visit this website.

നാനൂറു കോടി റിയാൽ തിരികെ നൽകി; രാജകുമാരനെ വിട്ടയച്ചു

റിയാദ് - അഴിമതി കേസിൽ സൗദിയിൽ അറസ്റ്റ് ചെയ്ത രാജകുമാരനെ സുരക്ഷാ വകുപ്പുകൾ വിട്ടയച്ചു. അഴിമതിയിലൂടെ സമ്പാദിച്ചതായി തെളിഞ്ഞ നാനൂറു കോടി റിയാൽ പൊതുഖജനാവിൽ തിരിച്ചടച്ചതിനെ തുടർന്നാണ് മോചനം സാധ്യമായത്. നിയമ വിരുദ്ധമായി സമ്പാദിച്ച പണം പൊതുഖജനാവിൽ തിരിച്ചടച്ച് മോചനം സാധ്യമാക്കുന്നതിന് അന്വേഷണ ഏജൻസികളുമായി രാജകുമാരൻ ധാരണയിലെത്തുകയായിരുന്നു. മോചനം ഉറപ്പുവരുത്തുന്നതിന് രാജകുമാരൻ എത്ര തുകയാണ് തിരിച്ചു നൽകിയതെന്ന് കൃത്യമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയില്ല. എന്നാൽ 100 കോടിയിലേറെ ഡോളർ (400 കോടി റിയാൽ) രാജകുമാരൻ തിരിച്ചു നൽകിയെന്നാണ് കരുതുന്നത്. അഴിമതി നടത്തിയതായി ഈ രാജകുമാരൻ സമ്മതിച്ചിരുന്നു. തുടർന്ന് 100 കോടിയിലേറെ ഡോളർ ഖജനാവിൽ തിരിച്ചടക്കുന്നതിന് അന്വേഷണ ഏജൻസികളുമായി രാജകുമാരൻ ഒത്തുതീർപ്പ് ധാരണയിലെത്തുകയായിരുന്നു. അറസ്റ്റിലുള്ള മറ്റു മൂന്നു പേർ കൂടി അഴിമതി തുക തിരിച്ചുനൽകി മോചനം സാധ്യമാക്കുന്നതിന് ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. ഏതാനും പ്രതികളെ വിട്ടയക്കുന്നതിന് അറ്റോർണി ജനറൽ തീരുമാനിച്ചു. അഞ്ചിൽ കുറയാത്ത പ്രതികൾക്കെതിരെ കോടതിയിൽ കേസ് നൽകുന്നതിനും ഇതിനകം അറ്റോർണി ജനറൽ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
നവംബർ നാലിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മിറ്റി ഏതാനും രാജകുമാരന്മാരും മന്ത്രിമാരും വ്യവസായ പ്രമുഖരും അടക്കം 200 ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കിരീടാവകാശി അധ്യക്ഷനായ കമ്മിറ്റിയിൽ ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ പ്രസിഡന്റ്, കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രസിഡന്റ്, ജനറൽ ഓഡിറ്റിംഗ് ബ്യൂറോ പ്രസിഡന്റ്, അറ്റോർണി ജനറൽ, ദേശീയ സുരക്ഷാ ഏജൻസി മേധാവി എന്നിവർ അംഗങ്ങളാണ്. 
അറസ്റ്റിലായവരിൽ 95 ശതമാനവും അഴിമതിയിലൂടെ സമ്പാദിച്ച പണം തിരിച്ചു നൽകി ഒത്തുതീർപ്പിന് സമ്മതിച്ചതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു ശതമാനം പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു. നാലു ശതമാനം പേർ അഴിമതി ആരോപണം നിഷേധിക്കുകയാണ്. തങ്ങൾക്കെതിരായ കേസ് കോടതിയിൽ നേരിടുന്നതിന് ഇവർ ആഗ്രഹം പ്രകടിപ്പിച്ചതായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അഴിമതി കേസുകളിൽ അറസ്റ്റിലായവരുടെ രണ്ടായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചിട്ടുണ്ട്. അഴിമതി കേസ് പ്രതികളുമായുണ്ടാക്കുന്ന ഒത്തുതീർപ്പുകളിലൂടെ 37,500 കോടി റിയാൽ പൊതുഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണമായോ കമ്പനികളുടെ ഓഹരികളായോ ഈ തുക തിരിച്ചുനൽകുകയല്ലാതെ മറ്റൊരു വഴിയും പ്രതികൾക്കു മുന്നിലില്ലെന്നും കിരീടാവകാശി പറഞ്ഞു.
 

Latest News