തൃശൂരിൽ ആകെ 3858 പോളിംഗ് ബൂത്തുകൾ

തൃശൂർ- നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിംഗ് ബൂത്തുകൾ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഒരു ബൂത്തിൽ പരമാവധി 1000 പേർക്കാണു വോട്ട് ചെയ്യാൻ കഴിയുക. അതിനാൽ മുൻ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായിരുന്ന 2298 പോളിംഗ് ബൂത്തുകളുടെ സ്ഥാനത്ത് 1560 ഓക്‌സിലറി ബൂത്തുകളടക്കം 3858 പോളിംഗ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ്. ഈ ബൂത്തുകളിലെല്ലാം അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകൾ പ്രധാന പോളിംഗ് സ്‌റ്റേഷൻ ലൊക്കേഷനിൽ നിന്നും 200 മീറ്റർ പരിധിക്കുള്ളിൽ വരത്തക്കവിധം പരമാവധി സജ്ജീകരിക്കും. പ്രസ്തുത പോളിംഗ് സ്‌റ്റേഷനുകളിൽ അടിസ്ഥാന സൗകര്യവും സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർക്കുള്ള റാംപുകൾ ഇല്ലാത്ത ബൂത്തുകളിൽ മാർച്ച് 15 ന് മുമ്പ് അവ സജ്ജമാക്കും.
ഓക്‌സിലറി ബൂത്തുകളിലടക്കം എല്ലായിടത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കും. ജലവിതരണത്തിനു സ്ഥിരം സംവിധാനമില്ലാത്ത ബൂത്തുകളിൽ വാട്ടർ ടാങ്കുകൾ മുഖേന ജലലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. ഓക്‌സിലറി ബൂത്തുകളിൽ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബയോ ടോയ്‌ലറ്റ് സൗകര്യം ഉറപ്പ് വരുത്തും. എല്ലാ ബൂത്തുകളിലും നെറ്റ് വർക്ക് കവറേജ് ഉറപ്പാക്കാൻ ബി. എസ്.എൻ.എൽന് നിർദേശം നൽകിയിട്ടുണ്ട്. നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ സാറ്റ്‌ലൈറ്റ് ഫോൺ ഉപയോഗിക്കാൻ ആലോചിക്കുന്നുണ്ടെന്നും കലക്ടർ പറഞ്ഞു.
 

Latest News