വോട്ടു ചോർന്ന ചരിത്രമില്ലാത്ത മലപ്പുറം

മലപ്പുറം- ജില്ലാ ആസ്ഥാനകേന്ദ്രത്തിലെ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പുകളിലൊന്നും ഭൂരിപക്ഷം വോട്ടുകളും ഒരേ വഴിക്കാണ് പെട്ടിയിൽ വീഴാറുള്ളത്. മുസ്്‌ലിം ലീഗിലൂടെ യു.ഡി.എഫ് അടക്കി വാഴുന്ന മലപ്പുറത്ത് അട്ടിമറികളുടെ കുളമ്പടികളൊന്നും ഇതുവരെ കേട്ടിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പെ യു.ഡി.എഫ് വിജയപ്പട്ടികയിൽ എഴുതി ചേർക്കുന്ന മണ്ഡലം. ലീഗ് നേതാക്കൾ പരാജയ ഭീതിയില്ലാതെ ഗോദയിലേക്കിറങ്ങുന്ന സ്വന്തം ഇടം. 
സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ലീഗ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നവരാണ് മലപ്പുറം മണ്ഡലത്തിലെ വോട്ടർമാർ. ജില്ലയിൽ മുസ്്‌ലിം ലീഗിന് അടിപതറിയ 2006 ലെ തെരഞ്ഞുപ്പിലും മലപ്പുറം മണ്ഡലം അവർക്കൊപ്പം ഉറച്ചു നിന്നു. ഇടതുമുന്നണിക്ക് അട്ടിമറി നടത്താൻ ഒരു സാധ്യതയും ഇവിടെ ലഭിക്കാറില്ല. 
1957 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ മലപ്പുറം മണ്ഡലം യു.ഡി.എഫിനൊപ്പമാണ്. വിജയിച്ചവരെല്ലാം മുസ്്‌ലിം ലീഗ് സ്ഥാനാർഥികൾ. ലീഗിലെ പ്രമുഖർക്ക് സുരക്ഷിതമായ വിജയമൊരുക്കി അവർക്ക് മന്ത്രി പദത്തിലേക്ക് വരെ ചവിട്ടുപടിയായാണ് മലപ്പുറം നിലകൊണ്ടത്. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ മുസ്്‌ലിം ലീഗ് സ്വതന്ത്രനും കോൺഗ്രസ് സ്ഥാനാർഥിയും തമ്മിലായിരുന്നു മത്സരം. അന്ന് ലീഗ് സ്വതന്ത്രനായിരുന്ന കെ. ഹസൻ ഗനിക്കായിരുന്നു വിജയം. അടുത്ത തെരഞ്ഞെടുപ്പിൽ ഹസൻ ഗനി മുസ്്‌ലിം ലീഗ് സ്ഥാനാർഥിയായി എത്തി സി.പി.ഐ സ്ഥാനാർഥിയായിരുന്ന സാധു പി. അഹമ്മദ്കുട്ടിയെ തോൽപ്പിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ മുസ്്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കൾ ജയിച്ചു കയറുന്നതാണ് കണ്ടത്. എം.പി.എം. അഹമ്മദ് കുരിക്കൾ, സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാൻ, യൂനുസ് കുഞ്ഞ്, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, അഡ്വ. എം. ഉമ്മർ തുടങ്ങി മുസ്്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം മലപ്പുറം വഴി നിയമസഭയിലെത്തി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പി. ഉബൈദുള്ളയാണ് പത്തു വർഷമായി മലപ്പുറത്തെ പ്രതിനിധീകരിക്കുന്നത്. പല തെരഞ്ഞെടുപ്പുകളിലായി കോൺഗ്രസും കോൺഗ്രസ് പിളർന്നുണ്ടായ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും ലീഗിൽ നിന്ന് ഭിന്നിച്ച അഖിലേന്ത്യ ലീഗും ഐ.എൻ.എല്ലുമൊക്കെ മലപ്പുറത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും മുസ്്‌ലിം ലീഗിനെ പിടിച്ചു കെട്ടാനായില്ല. 
മലപ്പുറം നഗരസഭയും കോഡൂർ, പൂക്കോട്ടൂർ, മൊറയൂർ, പുൽപ്പറ്റ, ആനക്കയം പഞ്ചായത്തുകളും ചേർന്നതാണ് ഇപ്പോഴത്തെ മലപ്പുറം മണ്ഡലം. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ഭൂരിപക്ഷത്തിൽ വീണ്ടും റെക്കോർഡിട്ടു. പി. ഉബൈദുല്ലക്ക് നൽകിയത് 44,322 വോട്ട് ലീഡ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭൂരിപക്ഷം 40,000 കടന്നത്. എന്നാൽ 2016 ൽ ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,672 ലേക്ക് താഴ്ന്നു. 2017 ലെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 33,281 ലേക്ക് വീണ്ടും ചുരുങ്ങി. എന്നാൽ 2019 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം നൽകിയത് 44,976 വോട്ടിന്റെ മേൽകയ്യാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്വം നിലനിർത്തി. എല്ലായിടത്തും ഭരണവും നിലനിർത്തിയെങ്കിലും പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ 20,000 ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. 
ഇതാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നത്. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ ഇത്തവണ 10,000 ലധികം വോട്ടുകൾ മറിക്കാനായാൽ മലപ്പുറം മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കു കൂട്ടൽ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോൾ ലീഗിന്റെ വോട്ട് ഇനിയും വർധിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്. 
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലത്തിലെ ഒരു തദ്ദേശ സ്ഥാപനത്തിലും ഇടതുപക്ഷത്തിന് ഭരണം പിടിക്കാനായിട്ടില്ല. മലപ്പുറം നഗരസഭയിൽ യു.ഡി.എഫ് 25, എൽ.ഡി.എഫ് 15 എന്നതാണ് കക്ഷിനില. കോഡൂർ പഞ്ചായത്തിൽ യു.ഡി.എഫ് 14-എൽ.ഡി.എഫ് അഞ്ച്, പൂക്കോട്ടൂരിൽ യു.ഡി.എഫ്-16, എൽ.ഡി.എഫ് -ഒന്ന് സ്വതന്ത്രൻ-രണ്ട്, മൊറയൂരിൽ യു.ഡി.എഫ്-13 എൽ.ഡി.എഫ്-നാല്, സ്വതന്ത്രൻ-ഒന്ന്, ആനക്കയത്ത് യു.ഡി.എഫ്-15 എൽ.ഡി.എഫ്-എട്ട്, പുൽപ്പറ്റയിൽ യു.ഡി.എഫ്-14 എൽ.ഡി.എഫ്-ഏഴ് എന്നിങ്ങിനെയാണ് നില.

2016 വോട്ടു നില 
പി. ഉബൈദുല്ല (മുസ്‌ലിം ലീഗ്)     81,072
കെ.പി. സുമതി (സി.പി.എം)     45,400
ബാദുഷ തങ്ങൾ (ബി.ജെ.പി)     7,211
ഇ.സി. ആയിഷ (വെൽഫയർ പാർട്ടി)     3,330
ജലീൽ നീലാമ്പ്ര (എസ്.ഡി.പി.ഐ)     2,444
അഷ്‌റഫ് പുൽപ്പറ്റ (പി.ഡി.പി)     1,550
പി. ഉബൈദുല്ല ഭൂരിപക്ഷം-     35,672
 

Latest News