Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് കഴിഞ്ഞമാസം വിദേശികൾ നാട്ടിലേക്ക് അയച്ചത് 1220 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ മാസം നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത് 1,220 കോടി റിയാൽ. 2016 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം വിദേശികളുടെ റെമിറ്റൻസിൽ അഞ്ചു ശതമാനം കുറവ് രേഖപ്പെടുത്തി. 2016 ഒക്‌ടോബറിൽ വിദേശികളുടെ റെമിറ്റൻസ് 1,280 കോടി റിയാലായിരുന്നു. തുടർച്ചയായി മൂന്നാം മാസമാണ് വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്. 2016 സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ റെമിറ്റൻസ് 21 ശതമാനവും 2016 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ രണ്ടു ശതമാനവും റെമിറ്റൻസ് കുറഞ്ഞിരുന്നു. 
കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്‌ടോബറിൽ റെമിറ്റൻസിൽ 43 ശതമാനം വർധനവ് രേഖപ്പെടുത്തി. സെപ്റ്റംബറിൽ 854 കോടി റിയാലായി റെമിറ്റൻസ് കുറഞ്ഞിരുന്നു. ഒക്‌ടോബറിൽ സൗദിയിലെ വിദേശികൾ ശരാശരി ആയിരം റിയാൽ വീതം സ്വദേശങ്ങളിലേക്ക് അയച്ചു. സെപ്റ്റംബറിൽ ഇത് 701 റിയാലായിരുന്നു. 2016 ഒക്‌ടോബറിൽ വിദേശികൾ ശരാശരി 1,098 റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചു. ജനറൽ അതോറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 12.2 ദശലക്ഷം വിദേശികളാണുള്ളത്. സൗദി ജനസംഖ്യയിൽ വിദേശികൾ 37 ശതമാനമാണ്. രാജ്യത്തെ ആകെ ജനസംഖ്യ 32.6 ദശലക്ഷമാണ്. ഇതിൽ സൗദികൾ 20.4 ദശലക്ഷമാണ്. 
ഈ വർഷം ജനുവരിയിൽ 1,261 കോടിയും ഫെബ്രുവരിയിൽ 1,077 കോടിയും മാർച്ചിൽ 1,275 കോടിയും ഏപ്രിലിൽ 1,140 കോടിയും മേയിൽ 1,303 കോടിയും ജൂണിൽ 1,043 കോടിയും ജൂലൈയിൽ 1,128 കോടിയും ഓഗസ്റ്റിൽ 1,254 കോടിയും സെപ്റ്റംബറിൽ 854 കോടിയുമാണ് വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. 
ഒക്‌ടോബറിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ 640 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. 2016 ഒക്‌ടോബറിൽ സൗദികളുടെ റെമിറ്റൻസ് 540 കോടി റിയാലായിരുന്നു. കഴിഞ്ഞ മാസം സൗദികളുടെ റെമിറ്റൻസിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തി. 2016 സെപ്റ്റംബറിനെ അപേക്ഷിച്ച് 2017 സെപ്റ്റംബറിൽ സൗദികളുടെ റെമിറ്റൻസിൽ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2017 സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം സൗദികളുടെ റെമിറ്റൻസിൽ 68 ശതമാനം വർധനവുണ്ടായി. സെപ്റ്റംബറിൽ സൗദികളുടെ റെമിറ്റൻസ് 380 കോടി റിയാലായിരുന്നു. 
 

Latest News