Sorry, you need to enable JavaScript to visit this website.

റോബർട്ട് വദ്ര രാഷ്ട്രീയപ്രവേശത്തിനുള്ള മുന്നൊരുക്കങ്ങളിൽ?

ന്യൂദൽഹി- രാഷ്ട്രീയത്തിലിറങ്ങാനുള്ള റോബർട്ട് വദ്രയുടെ പദ്ധതികളെക്കുറിച്ച് യുപിഎ സർക്കാരുകളുടെ കാലം മുതൽക്കേ കേൾക്കുന്നതാണ്. എന്നാൽ അതിനെല്ലാം തടസ്സമായി അദ്ദേഹം തന്നെയാണ് നിന്നിരുന്നതും. നിരന്തരമായ അഴിമതി  ആരോപണങ്ങൾക്കിടയിലായിരുന്നു വദ്രയുടെ അക്കാലത്തെ ജീവിതം. പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം മാറ്റങ്ങൾക്കായി ശ്രമിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ്. 

അടുത്തകാലത്ത് വദ്ര തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിക്കുന്നത്. വദ്ര ഈയിടെ ക്ഷേത്രങ്ങൾ സന്ദർശിക്കുക മാത്രമല്ല അവ പടംപിടിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. തീവ്രഹിന്ദുത്വ തരംഗം നിലനിൽക്കുന്ന ദേശീയരാഷ്ട്രീയ അന്തരീക്ഷത്തോട് ലയിക്കാനുള്ള ശ്രമമാണ് വദ്ര നടത്തുന്നതെന്നാണ് പലരും സന്ദേഹിക്കുന്നത്. 

ചില മാധ്യമങ്ങൾക്ക് വദ്ര നൽകിയ അഭിമുഖങ്ങളും ഈ സന്ദർഭത്തിൽ എടുത്തുകാണിക്കപ്പെടുന്നുണ്ട്. ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായം പറയുന്നുണ്ട് ഈ അഭിമുഖങ്ങളിലെല്ലാം. മാധ്യമങ്ങളോട് താൻ ചെല്ലുന്നിടത്തെല്ലാം വെച്ച് സംസാരിക്കാൻ വദ്ര പ്രത്യേക താൽപര്യം കാണിക്കുന്നു. നേരത്തെ സോഷ്യൽ മീഡിയയിൽ ഗുഡ്മോണിങ് മെസ്സേജുകളും ഉദ്ധരണികളും ഷെയർ ചെയ്യുന്ന 'വാട്സാപ്പ് അമ്മാവ'നായിരുന്നു വദ്ര. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. 

വദ്രയുടെ ഏറ്റവും പുതിയ ട്വീറ്റ് കർഷക സമരവുമായി ബന്ധപ്പെട്ടതാണ്. ഈ കടുത്ത കാലാവസ്ഥയിലും സമരം ചെയ്യുന്ന കർഷകർക്ക് കൊടുക്കാനായി താൻ പണം കൊടുത്ത് വാങ്ങിയ ഉൽപന്നങ്ങൾ ഫോട്ടോ പിടിച്ച് ഇട്ടിരിക്കുകയാണ് വദ്ര. സർക്കാർ കർഷകരുടെ ശബ്ദം കേൾക്കണമെന്ന് അദ്ദേഹം അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. 

വളരെ സൂക്ഷ്മമായ ഇടപെടലാണ് വദ്ര സോഷ്യൽ മീഡിയയിൽ നടത്തുന്നതെന്നും കാണാം. പോസ്റ്റുകൾക്കുള്ള മറുപടികളെല്ലാം അദ്ദേഹം വായിക്കുന്നുണ്ട്. എന്ന് മാത്രമല്ല, തനിക്ക് പറ്റാത്തവ ഡിലീറ്റ് ചെയ്ത് കളയുന്നുമുണ്ട്. 

ഈയിടെ പെട്രോള വിലവർധനയ്ക്കെതിരെ വദ്ര ഒരു സമരം സംഘടിപ്പിക്കുകയുണ്ടായി. തന്റെ ലാൻഡ് ക്രൂയിസറിൽ നിന്നിറങ്ങി വദ്ര സൈക്കിളോടിച്ച് നടന്നു. ലാൻഡ് ക്രൂയിസറും അംഗരക്ഷകരും പിന്നാലെ. താൻ ദരിദ്രരുടെ വിഷമം തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുകയാണെന്നായിരുന്നു വദ്രയുടെ വിശദീകരണം. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടർ ഒരു കുനുഷ്ട് ചോദ്യം കൂടി ചോദിച്ചു. പിന്നാലെ വന്ന ലാൻഡ് ക്രൂയിസറിനെക്കുറിച്ചും അംഗരക്ഷകരെക്കുറിച്ചുമുള്ള ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. വദ്രയ്ക്ക് മിണ്ടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. 

Latest News