അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് 2500 കോടി രൂപ ലഭിച്ചു; സംഭാവന ഇനി ഓണ്‍ലൈനില്‍ മാത്രം

ചമ്പത്ത് റായ്

ന്യൂദല്‍ഹി- അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ 2500 കോടി രൂപ സംഭാവന ലഭിച്ചുവെന്നും ഇനി ഓണ്‍ലൈനില്‍ മാത്രമേ സംഭാവന സ്വീകരിക്കൂ എന്നും ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് പദ്ധതി.

മാര്‍ച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് വീടുകള്‍ കയറിയും സ്ഥാപനങ്ങള്‍ കയറിയും സംഭാവന സ്വീകരിച്ചത്. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ഉടന്‍ വിദേശത്ത് നിന്നുള്ള സംഭാവനയും സ്വീകരിക്കുമെന്ന് ട്രസ്റ്റ് അധികൃതർ പറഞ്ഞു.

പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മാത്രമായി 400 കോടി രൂപ ചെലവ് വരുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്.   ഈ തുക ഉയരും എന്നാണ് പുതിയ കണക്ക്. ക്ഷേത്രത്തിന് പുറമെ 67 ഏക്കര്‍ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Latest News