തിരുവനന്തപുരം- ജില്ലയില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടർന്ന് വിതരണത്തില്‍ നിയന്ത്രണം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം. സ്വകാര്യ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തല്‍ക്കാലം വാക്‌സിന്‍ ലഭിക്കില്ല. വാക്‌സിന്‍ ക്ഷാമത്തെത്തുടര്‍ന്ന് സ്വാകാര്യ ആശുപത്രികളിലേക്കുള്ള വിതരണം നിര്‍ത്തിയിരിക്കുകയാണ്. പതിനായിരം പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നത്.
വാക്‌സിന്‍ കിട്ടാതെ മുതിര്‍ന്ന പൗരന്‍മാരില്‍ പലർക്കും മടങ്ങേണ്ടി വന്നിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി തുടങ്ങിയ പേരുപറഞ്ഞ് അനര്‍ഹരായ പലരും കുത്തിവെപ്പ് നടത്തി യതായി ആരോപണമുണ്ട്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി എത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.
കണക്കുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുപ്പതിനായിരത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ അറുപതിനായിരത്തിലേറെ പേര്‍ ഈ വിഭാഗത്തില്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.






