Sorry, you need to enable JavaScript to visit this website.

സൗദി തലസ്ഥാനത്ത് ബാലന്മാരെ  റാഞ്ചാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍ 

റിയാദ് - തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ രണ്ടു ബാലന്മാരെ തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ മൂവരും സൗദികളാണ്. സംഘത്തില്‍ ഒരാള്‍ ബാലന്മാര്‍ക്കു പിന്നാലെ കത്തിയുമായി ഓടുന്നതിന്റെയും കുട്ടികള്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ മാസം ഇരുപത്തിനാലിനാണ് സംഭവം. 


നഗരമധ്യത്തില്‍ നിന്ന് പട്ടാപ്പകല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് പ്രതികള്‍ ധൈര്യം കാണിച്ചതും ഈ സംഭവം നാട്ടുകാരുടെ രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയതും കണക്കിലെടുത്ത് പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നെന്ന് റിയാദ് പോലീസ് വക്താവ് കേണല്‍ ഫവാസ് ബിന്‍ ജമീല്‍ അല്‍മൈമാന്‍ അറിയിച്ചു. ഒരു യുവാവ് ഒറ്റക്കാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടത്തിയതെന്നാണ് വീഡിയോ ക്ലിപ്പിംഗിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ മൂന്നംഗ സംഘമാണ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

സൗദിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ (വീഡിയോ)
പ്രതികളെ കുറിച്ച കാര്യമായ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നിട്ടും ബന്ധപ്പെട്ട മുഴുവന്‍ സുരക്ഷാ വകുപ്പുകളും നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങളിലൂടെ സംഘത്തെ തിരിച്ചറിയുന്നതിന് സാധിച്ചു. പ്രത്യേകം കെണിയൊരുക്കിയാണ് മൂവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് ഉപയോഗിച്ച കാര്‍ ഒളിപ്പിച്ചുവെച്ച സ്ഥലത്തെ കുറിച്ച് പ്രതികള്‍ അന്വേഷണ സംഘത്തിന് വിവരം നല്‍കി. വീഡിയോ ക്ലിപ്പിംഗിലുള്ള പ്രതി ഉപയോഗിച്ച കത്തിയും മദ്യക്കുപ്പിയും കാറിനകത്ത് കണ്ടെത്തി. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഡ്രൈവറെ ആക്രമിച്ച് ഈ കാര്‍ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തതാണെന്നും ബാലന്മാരെ തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതായും മൂവരും കുറ്റസമ്മതം നടത്തി. സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് റിയാദ് പോലീസ് വക്താവ് പറഞ്ഞു.

Latest News