Sorry, you need to enable JavaScript to visit this website.

വിസ വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ യുവതി അറസ്റ്റില്‍

ഇടുക്കി-ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. കട്ടപ്പന സ്വദേശി നല്‍കിയ പരാതിയിലാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ വിദ്യാ പയസി (32)നെ കട്ടപ്പന പോലീസ് ബംഗളുരു വിമാനത്താവളത്തില്‍ നിന്നു  അറസ്റ്റ്  ചെയ്തത്.  
2019 ലാണ് കേസിനാസ്പദ സംഭവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 പേരില്‍ നിന്നു ഇസ്രായേലിലേക്ക് പോവാന്‍ വിസ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുള്‍പ്പെടുന്ന സംഘം പണം തട്ടിയത്. 1.3 കോടി രൂപ ഇവര്‍ തട്ടിയെടുത്തു എന്നാണ് പരാതി.കട്ടപ്പന സ്വദേശിനി പൂതക്കുഴിയില്‍ ഫിലോമിന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ വിദ്യ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് ലുക്ക്ഔട്ട് നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം അബുദാബിയില്‍നിന്നു ബംഗലൂരു എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്.  കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധു തോമസിന്റെയും അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്. കേസില്‍ ഇവര്‍ രണ്ടും മൂന്നും  പ്രതികളാണ്. കൂട്ടു പ്രതികളായ കണ്ണൂര്‍ സ്വദേശി അംനാസ്, തലശേരി സ്വദേശികളായ മുഹമ്മദ് ഒനാസീസ്, അഫ്സീര്‍ എന്നിവര്‍ക്കായും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കട്ടപ്പന കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കട്ടപ്പന ഡിവൈ.എസ് പി.ജെ. സന്തോഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ടപ്പന സി.ഐ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ ബംഗളുരുവിലെത്തി  അറസ്റ്റ് ചെയ്തത്.

 

Latest News