ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടാന്‍ രണ്ടു വര്‍ഷമെടുക്കും

തൃശൂര്‍- ഇന്ത്യയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ചുരുങ്ങിയതു രണ്ടുവര്‍ഷമെങ്കിലുമെടുക്കുമെന്ന്   വാക്‌സിനേഷന്‍ വിദഗ്ധയും സി.എം.സി വെല്ലൂരിലെ പ്രഫസറുമായ ഡോ. ഗഗന്‍ദീപ് കാംഗ്.
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ. ഡി. എം. വാസുദേവന്റെ അധ്യാപന-ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയില്‍  പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ഗഗന്‍ദീപ്.
പ്രതിദിനം 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ആളുകള്‍ക്കു വാക്‌സിനേഷന്‍ നല്‍കാന്‍ സാധിച്ചാലേ ആറുമാസത്തിനകം എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കൂ. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം പത്തുലക്ഷം ആളുകള്‍ക്കാണു വാക്‌സിനേഷന്‍ നല്‍കുന്നത്. ആവശ്യത്തിന് വാക്‌സിന്‍ നമുക്കുണ്ടെങ്കിലും വാക്‌സിനേഷന്‍ നല്‍കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇവിടെ പ്രശ്‌നമാകുന്നത്.
ഇരുപതു കൊല്ലമായി വാക്‌സിനോളജിയില്‍ നമ്മള്‍ ഗവേഷണം നടത്തുന്നുണ്ട്. ഈ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണ് പത്തുമാസത്തിനുള്ളില്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനു നമ്മുടെ രാജ്യത്തിനു സാധിച്ചത്.
 കോവിഡ് ചികിത്സ സംവിധാനത്തിനു സമയമെടുക്കും. ഈ വര്‍ഷാവസാനത്തോടെ മാത്രമേ ചെറിയ സാധ്യതയെങ്കിലും ഉള്ളൂ. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളുടെ അറിവും ക്ലിനിക്കല്‍ വിഷയങ്ങളും ഒരുമിച്ചു ഗവേഷണത്തില്‍ ഏര്‍പ്പെടണം. അസുഖത്തിന്‍റെ ആദ്യഘട്ടം കണ്ടുപിടിക്കുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും കഴിയുന്ന വിധത്തില്‍ ഗവേഷണ വികസന വിഭാഗങ്ങള്‍ ഓരോ രാജ്യവും വികസിപ്പിക്കണം. ഏതെങ്കിലും ഒരിനം വൈറസിനെയല്ല, ആ വൈറസ് കുടുംബത്തെ ഒന്നാകെ നേരിടാവുന്ന വാക്‌സിനുകളാണു വേണ്ടത് ഡോ. കാംഗ് പറഞ്ഞു.

 

 

Latest News