Sorry, you need to enable JavaScript to visit this website.

മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി നാലു വിഭാഗങ്ങൾക്ക് പോസ്റ്റൽ ബാലറ്റ്

കണ്ണൂർ- മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരും മാധ്യമ പ്രവർത്തകർ ഉൾപ്പെടെ അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർ എന്നീ വിഭാഗങ്ങൾക്ക് പോസ്റ്റൽ വോട്ട് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. അവശ്യ സേവന മേഖലയിലുള്ളവർ ഒഴികെയുള്ളവർക്ക് പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തിക്കും. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ നൽകുന്നവർക്ക് അതുവഴി മാത്രമേ വോട്ട് ചെയ്യാനാവൂ. വോട്ടർ പട്ടികയിൽ അവരുടെ പേരിന് നേരെ പിബി (പോസ്റ്റൽ ബാലറ്റ്) എന്ന് രേഖപ്പെടുത്തുന്നതിനാൽ അവർക്ക് ബൂത്തിൽ ചെന്ന് വോട്ട് ചെയ്യാനാവില്ല. അവശ്യ സേവന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷ സമർപ്പിക്കണം. നിശ്ചിത ദിവസങ്ങളിൽ മണ്ഡലം തലത്തിൽ ഒരുക്കുന്ന പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ എത്തിയാണ് തപാൽ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ 948583 പുരുഷൻമാരും 1065248 സ്ത്രീകളും 15 ഭിന്നലിംഗക്കാരും ഉൾപ്പെടെ 2013846 വോട്ടർമാരാണുള്ളത്. 11 നിയോജക മണ്ഡലങ്ങളിലായി 1858 പോളിംഗ് സ്‌റ്റേഷനും 1279 ഓക്‌സിലറി സ്‌റ്റേഷനുമാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം ഒരുക്കിക്കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആറ് സ്ഥലങ്ങളിലായി ഏഴ് കേന്ദ്രങ്ങളിലാണ് ഇത്തവണ വോട്ടെണ്ണൽ നടക്കുക. സർ സയ്യിദ് ഹയർ സെക്കണ്ടറി സ്‌കൂൾ (പയ്യന്നൂർ, തളിപ്പറമ്പ്), ചിന്മയ വിദ്യാലയം (കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ), ചിന്മയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജീസ് (ധർമടം), തളിപ്പറമ്പ് ടാഗോർ വിദ്യാ നികേതൻ (ഇരിക്കൂർ), ബ്രണ്ണൻ കോളേജ് (തലശ്ശേരി), ഇരിട്ടി എം.ജി കോളേജ് (പേരാവൂർ, മട്ടന്നൂർ), നിർമലഗിരി കോളേജ് (കൂത്തുപറമ്പ്) എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. നാല് മുറികളിലായി ഏഴ് വീതം എന്ന നിലയിൽ 28 ടേബിളുകളിലായാണ് വോട്ടെണ്ണൽ നടക്കുക.

 

Latest News