Sorry, you need to enable JavaScript to visit this website.

പാലാരിവട്ടം പാലം തുറക്കുമ്പോള്‍ കേരളത്തോട് യാത്ര പറഞ്ഞ് ഡി.എം.ആര്‍.സി

കൊച്ചി-പാലാരിവട്ടം പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കുമ്പോള്‍ ദൗത്യം പൂര്‍ത്തിയാക്കിയ ഡി.എം.ആര്‍.സി കൊച്ചിയോട് എന്നെന്നേക്കുമായി വിടപറയാനുള്ള തയാറെടുപ്പിലാണ്. ഈ മാസം അവസാനത്തോടെ വാടക കെട്ടിടം ഒഴിഞ്ഞ് മുഴുവന്‍ ജീവനക്കാരും കേരളം വിടും. ഇവര്‍ക്കുള്ള സ്ഥലംമാറ്റ ഉത്തരവ് ആറ് മാസം മുമ്പേ വന്നതാണ്. പാലാരിവട്ടം പാലം പൂര്‍ത്തിയാക്കാനുള്ള ചുമതല ഇ ശ്രീധരന്റെ താല്‍പര്യപ്രകാരം ഏറ്റൈടുത്തതോടെ ദൗത്യം തീരുന്നതുവരെ കൊച്ചിയില്‍ തുടരാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേശവചന്ദ്രയുടെ നേതൃത്വത്തിലുള്ള ടീം തീരുമാനിക്കുകയായിരുന്നു. കേശവചന്ദ്രക്ക് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ ജോയിന്‍ ചെയ്ത ശേഷം ഡെപ്യൂട്ടേഷനിലാണ് പാലാരിവട്ടം പാലം നിര്‍മാണ മേല്‍നോട്ടത്തിനായി എത്തിയത്. പാലം നിര്‍മാണത്തിന്റെ അന്തിമ കണക്കുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന് കൈമാറുന്ന ജോലി മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് കേശവചന്ദ്ര പറഞ്ഞു.
പാലം നേരത്തെ പ്രഖ്യാപിച്ചതിലും മൂന്നു മാസം മുമ്പേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം ടീം ഡി എം ആര്‍ സി പങ്കുവെച്ചു. ഇന്നലെ രാവിലെ പാലാരിവട്ടം പാലത്തില്‍ മധുരപലഹാര വിതരണവും ഫോട്ടോ സെഷനും നടത്തിയാണ് സംഘം പിരിഞ്ഞത്. പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും പാലം തുറക്കുന്നതിന് സാക്ഷിയാകാന്‍ ഡി എം ആര്‍ സി ടീം ഉണ്ടാകുമെന്ന് കേശവചന്ദ്ര പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനായി എത്തിയ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ ടീം നിരവധി നിര്‍മാണ ജോലികള്‍ അത്ഭുതകരമായ വേഗത്തിലും ഗുണനിലവാരത്തിലും കുറഞ്ഞ ചെലവിലും പൂര്‍ത്തിയാക്കി കേരളത്തിന്റെയാകെ കൈയടി വാങ്ങിയാണ് പത്തുവര്‍ഷത്തിനിപ്പുറം മടങ്ങിപ്പോകുന്നത്. മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി നിരവധി പാലങ്ങള്‍ ഡി എം ആര്‍ സി നിര്‍മിക്കുകയുണ്ടായി. എസ്റ്റിമേറ്റ് തുകയിലും കുറഞ്ഞ തുകയ്ക്കാണ് അതെല്ലാം ഡി എം ആര്‍ സി പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ 30 കോടി മിച്ചമുണ്ടായി. എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ എസ്റ്റിമേറ്റ് തുകയില്‍ 10 ശതമാനത്തോളം വര്‍ധനവുണ്ടായി. എസ്റ്റ്‌മേറ്റ് തയാറാക്കിയ ശേഷം പണി ആരംഭിക്കാന്‍ ഒരു വര്‍ഷം വൈകിയതാണ് ഇതിന് കാരണം. എങ്കിലും നേരത്തെ നടപ്പാക്കിയ പ്രോജക്ടുകളില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് മേല്‍പാലത്തിന്റെ പുനിര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഡി എം ആര്‍ സിക്ക് സാധിച്ചു. ഇത് സംസ്ഥാന ഖജനാവിന് വലിയ ലാഭമാണ്.
പാലം തര്‍ന്നതിന് നഷ്ടപരിഹാരമായി 24.52 കോടി നഷ്ടപരിഹാരം കരാറുകാരില്‍നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം ലഭിച്ചാല്‍ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം സര്‍ക്കാരിന് ലാഭമായി മാറും.

 

Latest News