വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതികൾക്കു തടവും പിഴയും

പുൽപള്ളി-പതിനാലുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. പുൽപള്ളി  സ്വദേശികളായ ഭൂദാനം പള്ളിക്കര സുരേഷ് ബാബു(40), ഭൂദാനം പാലയ്ക്കൽ സുരേഷ്(43),  പാക്കം പുത്തൻപുരയ്ക്കൽ സിജു പൗലോസ്(38), ഭൂദാനം പള്ളിക്കര കാഞ്ചന(56) എന്നിവരെയാണ് പോക്‌സോ കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്.  പ്രതികളിൽ സുരേഷ് ബാബുവിനു ജീവപര്യന്തം തടവും 345,00 രൂപ പിഴയുമാണ് ശിക്ഷ. സുരേഷ്, സിജു പൗലോസ് എന്നിവർക്കു 42 വർഷം വീതം തടവും 2.1 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. കാഞ്ചന 15 വർഷം തടവ് അനുവഭിക്കണം. 7,5000 രൂപ പിഴ ഒടുക്കണം. പ്രതികൾ പിഴ ഒടുക്കിയാൽ പെൺകുട്ടിക്കു നൽകണം.   വിക്റ്റിം കോമ്പൻസേഷൻ സ്‌കീം പ്രകാരം അർഹമായ  നഷ്ടപരിഹാരം ലഭ്യമാക്കാൻ കോടതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കു നിർദേശം നൽകി. 
2017-18ലാണ് വിദ്യാർഥിനി  പീഡനത്തിനു ഇരയായത്. പെൺകുട്ടിയുടെ പരാതിയിൽ പള്ളിക്കര സുരേഷിനെതിരെയാണ്  ആദ്യം കേസെടുത്തത്. കൗൺസലിംഗിലാണ് മറ്റു രണ്ടു പേർകൂടി പീഡിപ്പിച്ച വിവരവും കാഞ്ചന കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വിവരവും  പെൺകുട്ടി വെളിപ്പെടുത്തിയത്. ചില ദിവസങ്ങളിൽ പ്രതികളുടെ സംഘടിത പീഡനത്തിനു ഇരയായതായും വിദ്യാർഥിനി മൊഴി നൽകിയിരുന്നു. മാനന്തവാടി ഡിവൈ.എസ്പിയായിരുന്ന കെ.എം.ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു തുടക്കത്തിൽ കേസ് അന്വേഷണം. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിരുന്ന ഡോ.വൈഭവ് സക്‌സേനയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പോക്‌സോ കോടതി മുൻ ജജ്ഡി കെ. രാമകൃഷ്ണനാണ് കേസ്  വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി.
 

Latest News