Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

മിച്ചധന സിദ്ധാന്തത്തിന്റെ മേന്മകൾ


ഇസ്‌ലാമിലെ അനുഷ്ഠാന കർമങ്ങളിൽ തൃതീയമാണ് സക്കാത്ത് എന്ന നിർബന്ധ ദാനം. അത് കേവലം പരോപകാര പരിപാടിയല്ല. പരോപകാരവും ദാരിദ്ര്യ നിർമാർജനവുമെല്ലാം സക്കാത്തിലൂടെ ഫലപ്രദമായി സാധിക്കുമെന്നതിനപ്പുറം, സമ്പത്ത് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ജീവിത വിക്ഷണത്തെയും സമ്പത്ത് ഉൾപ്പെടെ എല്ലാ വിഭവങ്ങളുടെ നേരെയുള്ള നിലപാടിനെയും  കൃത്യവും വിശുദ്ധവുമാക്കുകയെന്നതാണ് സക്കാത്ത് ഉൾപ്പെടെ ഇസ്‌ലാമിക സാമ്പത്തിക ചട്ടങ്ങളുടെ പൊരുൾ. 
സക്കാത്തിന്റെ പ്രയോജനം ദുരിതാശ്വാസ പരിപാടിക്ക് ഉപയോഗപ്പെടുത്തുമ്പോൾ സക്കാത്ത് നൽകാൻ നിഷ്‌കർഷിക്കുന്ന ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണത്തിന്റെ നേരെയുള്ള നിലപാട് എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്. സത്യശുദ്ധവും സുദൃഢവുമായ ഏകദൈവ വിശ്വാസം, പരലോക ചിന്ത എന്നിവയെ തീർത്തും നിഷേധിക്കുന്ന നിരീശ്വര നിർമത ചിന്ത പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റുകൾ, മാർക്‌സിന് തെറ്റിയെന്നും ഇസ്‌ലാമാണ് ശരിയെന്നും തിരിച്ചറിയുമെങ്കിൽ അത് സന്തോഷകരമാണ്. 


സമ്പത്തിനെ തൊഴിലാളിക്കും തൊഴിലുടമയായ മുതലാളിക്കുമിടയിലെ വിഷയമായി മാത്രം വിശകലനം ചെയ്യരുത്. തൊഴിലിൽ ഏർപ്പെടാൻ പോലും സാധിക്കാത്ത ദുർബല വിഭാഗങ്ങളെ ഉദാരമായി സഹായിക്കാൻ കമ്യൂണിസത്തിൽ എന്ത് പ്രേരണയാണുള്ളത്? സദാചാര ധാർമിക മൂല്യങ്ങളെയും ആത്മീയതയെയും പരലോക ചിന്തയെയും നാനാമാർഗേണ തല്ലിയൊതുക്കാൻ എല്ലാ സന്ദർഭങ്ങളും ദുരുപയോഗം ചെയ്യുന്ന കമ്യൂണിസ്റ്റുകൾ ഇസ്‌ലാമിക് ബാങ്കിംഗിനെയും സക്കാത്തിനെയും  ചിലപ്പോഴൊക്കെ അംഗീകരിക്കുമ്പോൾ അതൊരു തിരിച്ചറിവിന്റെയും തിരുത്തിന്റെയും തുടക്കമായാൽ നന്ന്.
തൊഴിലാളിക്ക് മാന്യമായ വേതനം വിളമ്പംവിനാ നൽകണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നുണ്ട് . ഉൽപന്നത്തിന്റെ വിലയിടിവ് അഥവാ ഡെഫിസിറ്റ് വാല്യൂ തൊഴിലാളിയുടെ വേതനത്തെ ബാധിക്കൻ പാടില്ല. തൊഴിലാളി ഉൾപ്പെടെ ജീവിത പ്രയാസമുള്ള എല്ലാവർക്കും സഹായങ്ങൾ ചെയ്യാൻ സാമ്പത്തിക ശേഷിയുള്ളവർ ബാധ്യസ്ഥരാണ്. മിച്ചമൂല്യത്തെപ്പറ്റി ധാരാളം സംസാരിക്കുന്ന കമ്യൂണിസ്റ്റുകൾ കമ്മി മൂല്യത്തെപ്പറ്റിയും അനുബന്ധ പ്രശ്‌നങ്ങളെപ്പറ്റിയും വേണ്ടുംവിധം ചിന്തിച്ചിരുന്നില്ല. തൊഴിലാളികളിൽ അതിരുവിട്ട അന്യായമായ –അവകാശ ബോധം വളർത്തി ഒരു തരം ഭ്രാന്തുണ്ടാക്കുന്നു. ബാധ്യതാബോധം വളർത്തുന്നതിൽ തികഞ്ഞ അശ്രദ്ധ പുലർത്തുകയും ചെയ്തു. 


സക്കാത്തിന്റെ അടിസ്ഥാനം മിച്ചധനമാണ്. ഒരാൾ തന്റെയും ആശ്രിതരുടെയും ന്യായമായ ജീവിതാവശ്യങ്ങൾ മാന്യമായി നിർവഹിച്ചതിനു ശേഷം ബാക്കിയാകുന്നത് ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്നത് പെട്ടെന്ന് അത്യാവശ്യങ്ങളൊന്നും വരാതെ ഒരു വർഷമെങ്കിലും ബാക്കിയായാൽ അത് മിച്ചധനമാണ് (ഏതാണ്ട് 85 ഗ്രാം സ്വർണത്തിന് സമാനമായ തുക). സക്കാത്ത് സംബന്ധമായി പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളിൽ 'മാൽ' എന്നതിന്റെ പൊരുൾ മിച്ചധനം അഥവാ സമ്പാദ്യം എന്ന് ഗ്രഹിക്കാവുന്നതാണ്. 'അവരുടെ സമ്പാദ്യങ്ങളിൽ (മിച്ചധനം) ചോദിച്ചു വരുന്നവനും സമ്പാദിക്കാനുള്ള അവസരങ്ങളും സാഹചര്യം നിഷേധിക്കപ്പെട്ടവനും അവകാശമുണ്ട്' (51:19). 'അവരുടെ മിച്ചധനത്തിൽ ചോദിച്ചു വരുന്നവനും അവസരങ്ങൾ നിഷേധിക്കപ്പെട്ടവനും നിർണിതമായ അവകാശമുണ്ട്' (70:8).


അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ സാഹചര്യങ്ങൾ അനുകൂലമാവാത്തതിനാൽ ജീവിതാവശ്യങ്ങൾക്ക് തന്റെ വരുമാനം മതിയാവാത്തവനാണ് ഖുർആൻ പറഞ്ഞ സാഇൽ. അവൻ 'മാലു'ള്ളവനല്ല. 'മാൽ' എന്നു പറയുന്നത് ജീവിതാവശ്യങ്ങൾ മാന്യമായി നിർവഹിച്ച് മിച്ചം വരുന്ന സാമാന്യം നല്ല തുക വരുന്ന സമ്പാദ്യത്തെയാണ്. 
കൊച്ചു സമ്പാദ്യത്തെ (ഇന്നത്തെ കണക്കിൽ മൂന്നര ലക്ഷത്തിൽ താഴെയുള്ളത്) യും ഇടവേളകളിൽ താൽക്കാലികമായുണ്ടായേക്കാവുന്ന സുഭിക്ഷാവസ്ഥയും ഇസ്‌ലാം മാനദണ്ഡമാക്കുന്നില്ല. ഇടവേളകളിൽ വന്നേക്കാവുന്ന അത്യാവശ്യങ്ങളെയും അടിയന്തര പ്രശ്‌നങ്ങളെയും വരുമാനത്തിൽ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലുകളെയും ഇസ്‌ലാം പരിഗണിക്കുന്നുണ്ട്. എന്നാൽ സാധാരണ പരോപകാരങ്ങൾക്കോ കേവല ദാനധർമങ്ങൾക്കോ ഇങ്ങനെ ഒരു ഉപാധി ഇല്ല. 


മിച്ചധനമുള്ള സമ്പന്നർക്ക് അത് നേടാനായത് സാഹചര്യങ്ങൾ ഒത്തുവന്നതിനാലും അങ്ങനെ അവസരങ്ങൾ ലഭിച്ചതിനാലുമാണ്. ആയതിനാൽ അല്ലാഹുവിനോട് കൃതജ്ഞത കാണിക്കേണ്ടതുണ്ട്. തനിക്ക് അല്ലാഹു നൽകിയത് അങ്ങനെ ലഭിച്ചിട്ടില്ലാത്തവർക്ക് ഉദാരമായി വിശാല മനസ്സോടെ പങ്കുവെക്കലാണ് ഉദാത്തമായ നന്ദിപ്രകടനം.
ചരിത്രപരവും പ്രകൃതിപരവും സാമൂഹികവുമായ പലവിധ കാരണങ്ങളാൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ചെലവിലാണ് സമ്പന്നന് അത് സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നത് എന്ന വസ്തുത മറന്നുകൂടാ. ആയതിനാൽ ഈ വിഭാഗങ്ങൾക്ക് മറ്റുള്ളവരുടെ സമ്പാദ്യങ്ങളിൽ (മിച്ചധനം) ന്യായമായ അവകാശങ്ങൾ ഉണ്ട് എന്ന നിയമം വളരെ ശരിയാണ്. നാം യഥാവിധി അത് ഉൾക്കൊള്ളേണ്ടതുണ്ട്.
കാറൽ മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തേക്കാൾ സക്കാത്ത് വ്യവസ്ഥക്ക് നിദാനമായ ഇസ്‌ലാമിലെ മിച്ചധന സിദ്ധാന്തത്തിന്റെ മേന്മകൾ വിശകലന വിധേയമാക്കിയാൽ ഇസ്‌ലാമിക സാമ്പത്തിക ദർശനം നന്നായി ഗ്രഹിക്കാനാവും.


ചരിത്രപരവും പ്രകൃതിപരവും സാമൂഹികവുമായ വിവിധ കാരണങ്ങളാൽ മെച്ചപ്പെട്ട വേല ചെയ്ത് സമ്പാദിക്കാൻ അവസരവും സൗകര്യവും ലഭിക്കാതെ പോയതിനാൽ ജീവിതത്തിൽ വളരെ പ്രയാസപ്പെടുന്നവരെ വിപണി മാത്സര്യത്തിന് വിട്ടുകൊടുത്ത് നിസ്സംഗമായി മാറിനിൽക്കാൻ ഇസ്‌ലാം സന്നദ്ധമല്ല. ന്യായവും മാന്യവും പ്രത്യുൽപാദനക്ഷമവുമായ മത്സരത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. അങ്ങനെയുള്ളവർക്ക് ധനികരുടെ സമ്പാദ്യത്തിൽ (മിച്ചധനം) ഇസ്‌ലാം 'അവകാശം' നിർണയിച്ചിരിക്കുന്നു. കൂടാതെ അവർക്ക് പല നിലക്കുള്ള പരിഗണനകളും നൽകിയിരിക്കുന്നു.
ഇസ്‌ലാമിന്റെ മിച്ചധന സിദ്ധാന്തം കാറൽ മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തെ പോലെ വെറും ഉൽപന്നത്തിന്റെ മാർക്കറ്റ് വിലയെ മാത്രം ആശ്രയിച്ചുകൊണ്ടല്ല നിലകൊള്ളുന്നത്. പ്രത്യുത, ഒരാളുടെ മൊത്തം സാമ്പത്തികാവസ്ഥയെ സമഗ്രമായി പരിഗണിച്ചുകൊണ്ടാണ്. ഇതുവഴി അവശ, ദരിദ്ര സഹോദരങ്ങളുടെ ജീവിതാവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുകയെന്നത് സമ്പാദ്യം (മിച്ചധനം) ഉള്ളവരുടെ നിർബന്ധ ബാധ്യതയാണെന്നും സ്‌റ്റേറ്റ് ആ സംഗതി ഉറപ്പു വരുത്തണമെന്നും അവരുടെ ന്യായമായ സംരക്ഷണം സാധ്യമാക്കണമെന്നും ഇസ്‌ലാം വളരെ ഗൗരവപൂർവം നിഷ്‌കർഷിക്കുന്നുണ്ട്. 
മിച്ചധന സിദ്ധാന്തം പാവങ്ങളുടെ ന്യായമായ അവകാശങ്ങൾ മാർക്കറ്റ് മെക്കാനിസത്തിന് അഥവാ വിതരണ, ചോദന മേഖലകളിലെ മെക്കാനിസത്തിന് വിട്ടുകൊടുക്കുന്നില്ല. തൊഴിലാളികളല്ലാത്ത പാവങ്ങൾക്ക് മാർക്‌സിസ്റ്റ് ദർശനത്തിൽ വലിയ പരിഗണനയില്ല. എന്നാൽ ഇസ്‌ലാം വളരെ ഉയർന്ന പരിഗണന നൽകുന്നു. അതാണ് സക്കാത്ത്.


മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ചിന്താധാര വർഗ സംഘട്ടനത്തിലാണ് ഊന്നുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഊഷ്മളമല്ലാത്ത ബന്ധമാണ് അതുണ്ടാക്കിത്തീർക്കുന്നത്. വൈരവും വിദ്വേഷവുമാണ് കമ്യൂണിസ്റ്റ് വർഗ സംഘട്ടനത്തിന്റെ കാതലായി വർത്തിക്കുന്നത്. എന്നാൽ സക്കാത്ത് വ്യവസ്ഥയിൽ ദയയും സഹതാപവും പങ്കുവെപ്പിനുള്ള വാഞ്ഛയുമാണ് ഉണ്ടാകുന്നത്. വർഗ സംഘട്ടനത്തിനപ്പുറം നല്ല രീതിയിലുള്ള വർഗ സഹകരണമാണ് ഈ സിദ്ധാന്തം പല നിലക്കും ഉണ്ടാക്കിയെടുക്കുന്നത്. മിച്ചമൂല്യ സിദ്ധാന്തം തികഞ്ഞ കേവല ഭൗതികതയിലാണ് അടിമുടി നിലകൊള്ളുന്നത്. എന്നാൽ സക്കാത്തിന് നിദാനമായ സമഗ്ര ദർശനം ഭൗതികതക്കപ്പുറം ആത്മീയതക്കാണ് വലിയ ഊന്നൽ നൽകുന്നത്. ഉറച്ച പരലോക വിശ്വാസം മിച്ചധനം സമസൃഷ്ടികളുമായി പങ്കുവെക്കാൻ പ്രേരണയായി വർത്തിക്കുന്നു. മിച്ചമൂല്യ സിദ്ധാന്തത്തിന്റെ ആളുകൾക്ക് അങ്ങനെ ഒരു പ്രേരണ ഇല്ല. വർഗ സംഘട്ടനത്തിനപ്പുറം ഫലപ്രദമായ വർഗ സഹകരണം ഉണ്ടാകും വിധമാണ് സക്കാത്തിന് പ്രേരണയേകുന്ന പരലോക വിശ്വാസം.


ഇസ്‌ലാം സമ്പത്തിനെ മുതലാളിക്കും തൊഴിലാളിക്കുമിടയിലെ തർക്ക പ്രശ്‌നമായി ഗണിക്കുന്നേയില്ല. മറിച്ച്, മിച്ചധന സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാം ഉപജീവനത്തിന് ആവശ്യമായ വരുമാനമില്ലാത്തവർ, ഒരുവിധം തികയുന്നവർ, ജീവിതാവശ്യങ്ങൾ മാന്യമായി നിറവേറിയ ശേഷം സാമാന്യം മിച്ചധനമുള്ളവർ എന്നിങ്ങനെയാണ് സമൂഹത്തെ വീക്ഷിക്കുന്നത്. 
മിച്ചധനത്തിലുള്ള ദരിദ്രരുടെ അവകാശം വർഷാവർഷം വ്യവസ്ഥാപിതമായും സംഘടിതമായും വിതരണം ചെയ്യപ്പെടുന്നു. ആയുഷ്‌കാലത്ത് ഒരിക്കൽ മാത്രം നൽകിയാൽ പോരാ.
മിച്ചധന സിദ്ധാന്തം വിഹിതവും ന്യായവുമായ മാർഗങ്ങളിലൂടെ പരമാവധി സമ്പത്ത് സമ്പാദിക്കുന്നതിനെയും ഉടമപ്പെടുത്തുന്നതിനെയും ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ലെന്നു മാത്രമല്ല നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സത്യവിശ്വാസി തന്റെ വിശ്വാസ സംഹിതയെ മുറുകെപ്പിടിച്ച് ധനസമ്പാദനം നടത്തുമ്പോൾ അത് ദൈവാരാധനയാണ്. 


നീതിപൂർവകവും സന്തുലിതവുമായ സമ്പദ്‌വിതരണം ഉറപ്പു വരുത്താൻ ഇസ്‌ലാം നിർദേശിക്കുന്ന ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധികളിലൊന്നാണ് സക്കാത്ത്. അത് ഉള്ളവനിൽനിന്ന് ഇല്ലാത്തവനിലേക്ക് സമ്പത്തിന്റെ ഒഴുക്ക് സുസാധ്യമാക്കുന്ന ചാലുകളാണ്. എന്നാൽ സമ്പത്തിന്റെ സന്തുലിത വിതരണം ഉറപ്പു വരുത്താൻ ദാനധർമങ്ങൾ, വഖ്ഫ്, പലിശ നിരോധം, വാണിജ്യ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്ന വിവിധ ചട്ടങ്ങൾ, അനന്തരാവകാശം, കൃഷി ഉറപ്പു വരുത്തുന്ന ഭൂവിതരണ ചട്ടങ്ങൾ തുടങ്ങി പലതും ഇതിനോട് ചേർത്തുവെക്കേണ്ടതാണ്.
സക്കാത്തിന്റെ എട്ട് അവകാശികളിൽ ഏഴ് അവകാശികളെയും വിലയിരുത്തിയാൽ സക്കാത്ത് നേർക്കു നേരെ അവശ, ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഗ്രഹിക്കാനാകും. സമ്പന്നനും ദരിദ്രനും ഒരുപോലെ ഗുണഭോക്താവാകുന്ന പൊതുവികസന പ്രവർത്തനങ്ങൾക്ക് സക്കാത്ത് ഉപയോഗപ്പെടുത്താവതല്ല. പൊതുവികസന പ്രവർത്തനങ്ങൾക്കും ഭരണ നിർവഹണത്തിനും രാഷ്ട്രത്തിന് അതിന്റെ പൗരന്മാരിൽനിന്ന് വേറെ നികുതി പിരിക്കാം. സക്കാത്ത് ഒരിക്കലും നികുതിയല്ല. നികുതി കൊടുത്താൽ സക്കാത്തിന്റെ ബാധ്യത തീരില്ല. സക്കാത്ത് ദൈവാരാധനയാണ്.


സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ ഇസ്‌ലാമിക സമീപനം പുലർത്താതെ സാമ്പത്തിക രംഗത്തു മാത്രം ഇസ്‌ലാമിക നിലപാട് പൂർണാർഥത്തിൽ പുലർത്തുക അസാധ്യമാണ്. ശകലത്തിൽ സകലവും ദർശിക്കാവതല്ല. കൃത്രിമമായ വേലികൾ ഉണ്ടാക്കി സമഗ്രമായ ഇസ്‌ലാമിനെ അതിനകത്ത് പരിമിതപ്പെടുത്തി നമ്മൾ ആ വേലിക്ക് വെളിയിൽ വിഹരിച്ചാൽ നാം വലിയ കഷ്ടനഷ്ടങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ തിരുത്തുകൾ വരുത്താൻ ഇനിയും വൈകിക്കൂടാ. സംവാദങ്ങൾ ആരോഗ്യകരമായ രീതിയിൽ ഇനിയും നടക്കണം
 

Latest News