Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

സ്ഥാനാർഥി നിർണയവും മുന്നണി രാഷ്ട്രീയത്തിന്റെ ജീർണതകളും 


കേരള രാഷ്ട്രീയം കൂടുതൽ കൂടുതൽ ജീർണിക്കുകയാണെന്നു തന്നെയാണ് തെരഞ്ഞെടുപ്പടുത്തതോടെ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും വിവിധ പാർട്ടികളുടെ തത്വദീക്ഷയില്ലാത്ത മുന്നണി മാറ്റവും നേതാക്കളുടെ പാർട്ടി മാറ്റവും നൂലിൽ കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചുള്ള വാർത്തകളുമാണ് ഇത്തരമൊരു നിഗമനത്തിലെത്താൻ പ്രേരിപ്പിക്കുന്നത്. എങ്ങനെയെങ്കിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ഒറ്റ അജണ്ടയിലേക്ക് കേരള രാഷ്ട്രീയം മാറിയെന്നു തന്നെ വേണം ഈ വാർത്തകളിൽനിന്ന് നിഗമനത്തിലെത്താൻ.
എം.എൽ.എമാരെ വല വീശിപ്പിടിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച സംഭവങ്ങൾ രാജ്യത്ത് നിരവധി നടന്നു. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനായി എം.എൽ.എമാരെ കൂട്ടത്തോടെ രാജിവെപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. രാജ്യം ഭരിക്കുന്ന സർക്കാരിനെ നിയന്ത്രിക്കുന്ന ബി.ജെ.പിയാണ് ഈ ജനാധിപത്യ വിരുദ്ധ നടപടിക്ക് ചുക്കാൻ പിടിക്കുന്നത്. അവർ വീശുന്ന വലയിൽ പ്രധാനമായും പെട്ടുപോകുന്നത് കോൺഗ്രസ് ആണെങ്കിലും മറ്റനവധി പാർട്ടികളും മോശമല്ല. ബംഗാളിലും ത്രിപുരയിലും സി.പി.എം എം.എൽ.എമാർ പോലും ബി.ജെ.പിയിലേക്കു പോകുന്നു. 


കേരളത്തിലും സി.പി.എമ്മുകാരനും കോൺഗ്രസുകാരനുമായിരുന്ന അബ്ദുള്ളക്കുട്ടിയും ഇടതു സഹയാത്രികനായിരുന്ന അൽഫോൺസ് കണ്ണന്താനവും മറ്റും ബി.ജെ.പിയിൽ പോയല്ലോ. അടുത്ത ദിവസങ്ങളിൽ കേരളത്തിന്റെ പല ഭാഗത്തുനിന്നും പല പാർട്ടികളുടെയും പ്രാദേശിക പാർട്ടികൾ ബി.ജെ.പിയിലേക്കു പോകുന്നുണ്ട്. എളുപ്പം സാധിക്കില്ലെന്നറിയാമെങ്കിലും തങ്ങളുടെ അജണ്ട കേരളത്തിലും നടപ്പാക്കാനുള്ള തീരുമാനത്തിൽ തന്നെയാണ് ബി.ജെപി എന്നു വ്യക്തം. അല്ലെങ്കിൽ 40 സീറ്റ് ലഭിച്ചാൽ ഭരണം പിടിക്കുമെന്നവർ പറയില്ലല്ലോ. 


എന്തായാലും ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ കഴിയുന്ന ഒരു പാർട്ടിയല്ല ബി.ജെ.പിയെന്നും മുന്നണിയല്ല എൻ.ഡി.എ എന്നും എല്ലാവർക്കുമറിയാം. എന്നിരിക്കലും ഇരുമുന്നണികളും, പ്രത്യകിച്ച് യു.ഡി.എഫ് ഈ സാഹചര്യത്തെ എത്രമാത്രം ഭയപ്പെടുന്നു എന്നാണവരുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. ഇത്തവണ അധികാരത്തിലെത്തിയില്ലെങ്കിൽ തങ്ങളുടെ പല നേതാക്കളും ബി.ജെ.പിയിലേക്കു പോകുമെന്ന പല കോൺഗ്രസ് നേതാക്കളുടെയും ആശങ്ക തന്നെ അതിനു തെളിവാണ്. കേരളവും കുതിരക്കച്ചവടത്തിലേക്കു പോകുന്നു എന്നു തന്നെ വേണം കരുതാൻ. 
വാസ്തവത്തിൽ കേരളത്തെ ബി.ജെ.പിക്ക് ബാലികേറാമലയാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഇവിടത്തെ സവിശേഷമായ മുന്നണി സംവിധാനമാണല്ലോ. പരസ്പരം മത്സരിക്കുമ്പോഴും ബി.ജെ.പി അധികാരത്തിലെത്തരുത് എന്ന് അടുത്ത കാലം വരെ ഇരുമുന്നണികളും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്ന പല ശബ്ദങ്ങളും കേട്ടാൽ ഇത്തരമൊരു രാഷ്ട്രീയം ഇരുമുന്നണികളും കൈവിട്ടോ എന്നു വേണം സംശയിക്കാൻ. ജയിക്കാനായാണ് മത്സരിക്കുന്നതെങ്കിലും അക്കാര്യത്തിൽ സ്‌പേർട്‌സ്മാൻ സ്പിരിട്ട് കാത്തുസൂക്ഷിക്കാൻ ഇരുമുന്നണികളും തയാറാകാത്ത കാഴ്ചയാണ് കാണുന്നത്. ബി.ജെ.പി അൽപം നേട്ടമുണ്ടാക്കിയാലും വിരോധമില്ല, പരസ്പരം തോൽപിച്ചാൽ മതി എന്ന ചിന്തയിലേക്ക് എൽ.ഡി.എഫും യു.ഡി.എഫും മാറുന്നു എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് പല വാർത്തകളും വരുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വാർത്തകൾ.
ഒരു കാര്യത്തിൽ സംശയമില്ല. ഏതൊരാൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജനപ്രതിനിധിയാകാനും അവകാശമുണ്ട്. അത് മുൻ ബ്യൂറോക്രാറ്റാണെങ്കിലും നടനാണെങ്കിലും സംവിധായകനായാലും. മാത്രമല്ല, ജനപ്രതിനിധി സഭയിൽ സമൂഹത്തിന്റെ പരിഛേദമുണ്ടാകണമെങ്കിൽ അങ്ങനെയുള്ളവരെല്ലാം ഉണ്ടാകുന്നത് നല്ലതാണ്. 


എന്നാൽ ആരായാലും വിരലിലെണ്ണാവുന്ന വർഷങ്ങളെങ്കിലും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്തവരെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്ഥാനാർത്ഥികളാക്കുന്നതിൽ എന്തർത്ഥമാണുള്ളത്? അതും പതിറ്റാണ്ടുകൾ രാഷ്ട്രീയ പ്രവർത്തനം നടത്തിയവരെ അവഗണിച്ചുകൊണ്ട്. ഇന്നസെന്റിനെയും സുരേഷ് ഗോപിയെയും മുകേഷിനെയും ജഗദീശിനെയും മറ്റും മത്സരിപ്പിച്ചതിൽ എങ്ങനെയെങ്കിലും ജയിച്ച് അധികാരത്തിലെത്തുക എന്ന രാഷ്ട്രീയമല്ലാതെ മറ്റെന്താണുള്ളത്? ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സിനിമക്കാർ പോലും വിജയിക്കുന്നത് മലയാളികളുടെ കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പ്രബുദ്ധത എത്രമാത്രം കാപട്യമാണെന്നതിനുള്ള ഉദാഹരണം തന്നെയാണ്. എന്തായാലും അധികാരത്തിലെത്തില്ല എന്നുറപ്പുള്ള ബി.ജെ.പി അതു ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ അധികാരത്തിനായി മത്സരിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും ആ ദിശയിലേക്കു പോകുന്നതിൽ എന്തർത്ഥമാണുള്ളത്? മുണ്ടശ്ശേരിയെയും കൃഷ്ണയ്യരെയും അഴിക്കോടിനെയുമൊക്കെ മുമ്പ് മത്സരിപ്പിച്ചിരിക്കാം. എന്നാൽ ആ നിലവാരത്തിലുള്ള ആരെയെങ്കിലും ഇപ്പോൾ ഇവർക്കു ലഭിക്കുന്നുണ്ടോ? കോഴിക്കോട്ട് ഇടതുപക്ഷം പരിഗണിച്ച് അവസാനം വേണ്ടെന്നുവെച്ച സംവിധായകൻ രഞ്ജിത് തന്നെ ഉദാഹരണം. ഒരാളുടെ സിനിമയും തിരക്കഥയുമൊക്കെ ഭാവനയാണെന്നും അതയാളുടെ രാഷ്ട്രീയ നിലപാടായി കാണേണ്ടതില്ല എന്നും പറയുന്നത് തത്വത്തിൽ ശരിയാകാം. എന്നാൽ മലപ്പുറത്ത് പോയാൽ എളുപ്പം ബോംബ് കിട്ടുമെന്ന് എഴുതുന്ന ഒരാളുടെ ഭാവന അത്ര നിഷ്‌കളങ്കമാണോ? 


നൂലിൽ കെട്ടിയിറക്കുന്നവരെ മാത്രമല്ല, സീറ്റ് കിട്ടാത്തതിനാൽ മാത്രം പാർട്ടി മാറുന്നവരെ സ്വീകരിച്ച് സ്ഥാനാർത്ഥിയാക്കുന്ന പ്രവണതയും ജനാധിപത്യ സംവിധാനത്തിനു ഗുണകരമാണെന്നു പറയാനാവില്ല. അത്തരത്തിലുള്ള നീക്കങ്ങളും സജീവമാണ്. പാലക്കാട്ടുനിന്നും വയനാട്ടിൽനിന്നുമൊക്കെയാണ് ഇപ്പോൾ അത്തരം വാർത്തകൾ കേൾക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷനിലടക്കം മേയറായിരിക്കുന്നത് ഇത്തരത്തിൽ കാലുമാറി വന്നവരാണ്. തങ്ങളുടെ പ്രമുഖ പ്രവർത്തകരെ വെട്ടിക്കൊന്ന കേസുകളിൽ പ്രതികളായവരെ പോലും കൈനീട്ടി സ്വീകരിച്ച് സ്ഥാനങ്ങൾ നൽകുന്ന രാഷ്ട്രീയാഭാസങ്ങൾ പോലും കാണുന്നു. അതുപോലെ തന്നെയാണ് വലിയ വായിൽ ഡയലോഗടിക്കുമ്പോഴും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എട്ടും പത്തും തവണ മത്സരിച്ചവർക്കു പോലും ഇളവുകൾ കൊടുക്കുന്നത്. ഉമ്മൻ ചാണ്ടി, ചെന്നിത്തല, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, എ.കെ. ശശീന്ദ്രൻ, ജി. സുധാകരൻ  തുടങ്ങി എത്രയോ പേർ പത്തിനടുത്തു തവണ മത്സരിച്ചു കഴിഞ്ഞവരാണ്. ഇനിയും ഇവർക്കു പകരം പുതുമുഖങ്ങളെ കണ്ടെത്താൻ നമ്മുടെ പ്രസ്ഥാനങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? 1970 ൽ ആദ്യമായി എം.എൽ.എമാരായവരാണ് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും. അവർ തന്നെയാണ് അര നൂറ്റാണ്ടിനു ശേഷവും കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്.  

 

ജനാധിപത്യത്തിലും അധികാരം ഏതാനും രാജാക്കന്മാരിൽ കേന്ദ്രീകരിക്കുകയാണോ? കഴിഞ്ഞില്ല, എത്രയോ നേതാക്കളുടെ ഭാര്യമാരും മക്കളും അവരുടെ പിൻഗാമികളായി എത്തുന്നു. അക്കാര്യത്തിലും ഒരു പാർട്ടിയും മോശമല്ല. വൻതുക നൽകി സീറ്റുകൾ വിലക്കു വാങ്ങുന്ന പ്രവണതയും അടുത്ത കാലത്ത് കാണുന്നുണ്ടല്ലോ. സ്ഥാനാർത്ഥിത്വത്തിനു വേണ്ടി പാർട്ടികളെ പിളർക്കുന്ന പ്രവണതയും വർധിക്കുന്നു. കേരള കോൺഗ്രസിലും എൻ.സി.പിയിലുമൊക്കെ ഉണ്ടായ സമീപകാല സംഭവങ്ങൾ അവസാന ഉദാഹരണം. മറുവശത്ത് സ്ത്രീകളോടുള്ള അവഗണന ക്രൂരമായി തുടരുക തന്നെയാണ്. സ്ത്രീസാക്ഷരതയെയും വനിത ാശാക്തീകരണത്തെയും കുറിച്ച് ഏറെ ചർച്ച ചെയ്യുന്ന കേരളത്തിൽ  ആകെ 53 വനിതകളാണ് ഇന്നോളം നിയമസഭയിൽ എത്തിയിട്ടുള്ളത്. എട്ടു പേരാണ് മന്ത്രിമാരായിട്ടുള്ളത്. ദളിതുകൾക്കും ആദിവാസികൾക്കും ജനറൽ സീറ്റുകൾ നൽകാനും നമ്മുടെ പ്രസ്ഥാനങ്ങൾ തയാറാകുന്നതേയില്ല.


ബി.ജെ.പിയെ അധികാരത്തിൽ നിന്നു പുറത്തു നിർത്തുന്നതടക്കം പല രീതിയിലും ഗുണകരമായ ഒന്നാണ് തുടർച്ചയായി ഭരണ മാറ്റം നടക്കുന്ന നമ്മുടെ മുന്നണി സംവിധാനം. എന്നാൽ എല്ലാ ആദർശങ്ങളും മാറ്റവെച്ച്,  എങ്ങനെയെങ്കിലും ജയിച്ചാൽ മാത്രം മതി എന്ന ഏക അജണ്ടയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ ഈ സംവിധാനത്തിൽ അവശേഷിക്കുന്ന മൂല്യങ്ങളെല്ലാം നഷ്ടപ്പെട്ട് സ്വയം ജീർണിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ. ഇത്രയും കാലം അധികാരത്തിനു പുറത്തു നിർത്തിയ സംഘപരിവാറിനെ അവിടേക്ക് ആനയിക്കാനേ ദീർഘകാലാടിസ്ഥാനത്തിൽ ഇതെല്ലാം സഹായിക്കൂ എന്നു തിരിച്ചറിഞ്ഞാൽ അത്രയും നല്ലത്.

Latest News