Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

ജനഹൃദയം കീഴടക്കിയ സാമൂഹ്യ പ്രവർത്തകൻ 

ഡോ. വണ്ടൂർ അബൂബക്കർ

ചിലർ മഹാന്മാരായി ജനിക്കുന്നു. മറ്റു ചിലർ മഹത്വം ആർജിച്ചെടുക്കുന്നു. വേറെ ചിലരിലാകട്ടെ മഹത്വം വിശ്വസിച്ചേൽപിക്കപ്പെടുന്നു എന്ന ഷേക്‌സ്പീരിയൻ വാചകമാണ് ഡോ. വണ്ടൂർ അബൂബക്കറിനെ അനുസ്മരിക്കുമ്പോൾ ഓർമയിലേക്ക് വരുന്ന ആദ്യ വാചകം. ഈ മൂന്ന് രീതിയിലും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ തിളങ്ങുന്ന ഓർമകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം ഈ ലോകത്തെ നിയോഗം പൂർത്തീകരിച്ച് ശാശ്വത ലോകത്തേക്ക് യാത്രയായത്.   
വിനയാന്വിതമായ പെരുമാറ്റത്തിലൂടെ  ജനഹൃദയം കീഴടക്കിയ സാമൂഹ്യ പ്രവർത്തകനായിരുന്നു ഡോ. വണ്ടുർ അബൂബക്കർ. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും സഹകരിക്കാനും ഒത്തൊരുമിച്ചു പ്രവർത്തിക്കാനും കഴിയുന്ന നേതാവായിരുന്നു എന്നതാകാം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുതിർന്ന നേതാക്കളുമായി വലിയ അടുപ്പം സൂക്ഷിക്കുന്നതോടൊപ്പം ചെറുപ്പക്കാരുമായും ഇടപഴകുവാനും പൊതുപ്രവർത്തനങ്ങളിൽ സജീവമാകുവാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. 
മുസ്‌ലിം ലീഗിന്റെ വിദ്യാർഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ സാമൂഹ്യ രംഗങ്ങളിൽ സജീവമായ അദ്ദേഹം ചെന്നിടത്തെല്ലാം വിവിധ  കൂട്ടായ്മകളുടെ നേതൃത്വമലങ്കരിച്ചത് അദ്ദേഹത്തിന്റെ ജനകീയതയുടെ സാക്ഷ്യപത്രമാകാം. നേതൃപാടവവും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലാക്കിയ അദ്ദേഹം സദാ സക്രിയനായിരുന്നു. തിരുവനന്തപുരം മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷൻ ചെയർമാൻ, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ച അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.  
മുസ്‌ലിം ലീഗിലെ ഉന്നത നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രവാസ ലോകത്ത് കെ.എം.സി.സിയുടെ കരുത്തനായ നേതാവായി സജീവമായപ്പോഴും പൊതുവേദികളുമായും സംരംഭങ്ങളുമായയും തുറന്ന മനസ്സോടെ സഹകരിച്ചാണ് വണ്ടൂർ സേവനത്തിന്റെ മഹത്തായ പാരമ്പര്യം അടയാളപ്പെടുത്തിയത്. സ്‌നേഹബന്ധം സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ താൻ വിശ്വസിച്ച മൂല്യങ്ങൾ മുറുകെപ്പിടിച്ചാണ് ജീവിച്ചത്. കറകളഞ്ഞ സൗഹൃദത്തിന്റെ ഉദാത്തമായ മാതൃകയാണ് പൊതുസമൂഹത്തിന് അദ്ദേഹം പകർന്നു നൽകിയത്.  
1976 ൽ കേരള ഹൈക്കോടതിയിൽ പ്രശസ്ത അഭിഭാഷകനായിരുന്ന എസ്. ഈശ്വര അയ്യരുടെ കീഴിൽ ജൂനിയർ അഭിഭാഷകനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.  കുറഞ്ഞ കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് അദ്ദേഹം തന്റെ തട്ടകമായി പ്രവാസ ലോകം തെരഞ്ഞെടുത്തത്.  
കാൽ നൂറ്റാണ്ടോളം സൗദി അറേബ്യയിലെ വിവിധ നിയമ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ഡോ. വണ്ടൂർ പ്രവാസത്തിന്റെ കർമപഥങ്ങളെ ക്രിയാത്മകമായി വിനിയോഗിക്കുകയും സാമൂഹ്യ ജീവിതത്തിൽ സജീവ സാന്നിധ്യമുറപ്പിക്കുകയും ചെയ്തു.  പ്രവാസികളുടെ ജീവിതം കൂടുതൽ പ്രത്യുൽപാദനപരമായി മാറ്റുന്നത് സംബന്ധിച്ച് പലപ്പോഴും ചിന്തിച്ച അദ്ദേഹം സുരക്ഷിതമായ നിക്ഷേപങ്ങളെക്കുറിച്ചും ഭാവിക്ക് വേണ്ടി എന്തെങ്കിലും കരുതിവെക്കുന്നതിനെക്കുറിച്ചുമൊക്കെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.
ഒരു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി സ്വഭാവ ഗുണങ്ങളുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എവിടെയും കയറിച്ചെല്ലാനും കാര്യങ്ങൾ അവതരിപ്പിക്കാനും വളരെ സമർഥനായിരുന്ന അദ്ദേഹം പൊതുപ്രവർത്തനത്തിന്റെ വേറിട്ട മാതൃകയാണ് സമ്മാനിച്ചത്. 
ഖത്തറിൽ സ്‌കോളേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ, ദോഹ ബാങ്ക് ലീഗൽ റിസ്‌ക് മാനേജർ, ഖത്തർ ഫൗണ്ടേഷനിലെ സീനിയർ അറ്റോർണി, ബർബ ബാങ്ക് ചീഫ് കംപഌയിൻസ് ഓഫീസർ തുടങ്ങിയ നിലകളിൽ  സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഖത്തർ ഇന്റർനാഷനൽ ആർബിട്രേഷൻ കൗൺസിൽ, യു.കെയിലെ ഇന്റർനാഷനൽ ബാർ അസോസിയേഷൻ, ലണ്ടൻ കോർട്ട് ഓഫ് ഇന്റർനാഷണൽ ആർബിട്രേഷൻ എന്നിവയിൽ അംഗമായിരുന്നു.  
പ്രവാസ ലോകത്ത് സഹജീവികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി സജീവമായി പ്രവർത്തിച്ച ഒരു നേതാവിനെയാണ് ഡോ.വണ്ടൂരിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.  ജീവിതമവസാനിച്ചാലും കർമങ്ങളും സേവനങ്ങളും ബാക്കിയാകുമെന്നതിനാൽ പ്രവാസ ലോകത്തെ നിരവധി മനുഷ്യ മനസ്സുകളിൽ അദ്ദേഹം ജീവിക്കുമെന്ന കാര്യത്തിൽ സംശയമില്ല.   

Latest News