Sorry, you need to enable JavaScript to visit this website.

കസ്റ്റംസ് ബി.ജെ.പിക്ക് വേണ്ടി വിടുവേല ചെയ്യുന്നു-മുഖ്യമന്ത്രി

തിരുവനന്തപുരം- കസ്റ്റംസിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരു വ്യക്തി നൽകുന്ന മൊഴി പുറത്തുപറയരുതെന്ന് ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. കസ്റ്റംസിന്റെ നടപടി കേട്ടുകേൾവിയില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് കസ്റ്റംസ് രംഗത്തിറങ്ങിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേസിൽ എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസാണ് മൊഴി പുറത്തുവിടുന്നത്. രാഷ്ട്രീയ പ്രസ്താവന നടത്തി മാധ്യമങ്ങൾക്ക് നൽകുന്നതാണ് കസ്റ്റംസിന്റെ രീതി. ഇത് കോൺഗ്രസിനും ബി.ജെ.പിക്കുമുള്ള വിടുവേലയാണ്. 2020 നവംബറിൽ തന്നെ ഈ രഹസ്യമൊഴിയിൽ എന്തുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയിരുന്നു. അവർ ഒരേ സ്വരത്തിലാണ് അത് പറഞ്ഞത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നതാണ്. 
തെരഞ്ഞെടുപ്പിൽ ആരോപണം വാരിവിതറി പൂഴിക്കടകൻ ഇഫക്ട് ഉണ്ടാക്കാനാണ് ഭാവം. തെളിഞ്ഞ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പാടില്ലെന്നും ജനമനസുകളിൽ വിഭ്രാന്തി ഉണ്ടാക്കാനും കോൺഗ്രസും ബി.ജെ.പിയും ആഗ്രഹിക്കുന്നു. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ പറയുന്നത് ഏറ്റുപിടിക്കുന്നതാണ് അവരുടെ രീതി. സ്വർണക്കടത്ത് കേസ് ആദ്യം വന്നത് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റിയാണ് ആരോപണം ഉന്നയിച്ചത്. 
എന്നാൽ അതില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ പറഞ്ഞിരുന്നു. സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥനെ നാഗ്പുരിലേക്കാണ് നാടുകടത്തിയത്. അന്വേഷണത്തിലുണ്ടായിരുന്ന പത്തുപേരെ ഒറ്റയടിക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയത് എന്തിനായിരുന്നു. അന്നു തന്നെ അത് ചർച്ചയായിരുന്നു. കൃത്യമായ കളികൾ നടക്കുന്നുണ്ട്. കണ്ണടച്ച് പാലു കുടിച്ചാൽ ആർക്കും മനസിലാകില്ല എന്ന ചിന്ത പൂച്ചകൾക്കേ ചേരൂ. കേന്ദ്ര വിദേശകാര്യവകുപ്പിന്റെ ചുമതലയിലുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു മന്ത്രി ഇന്നും പറയുന്നത് കേട്ടു. മിഡിലീസ്റ്റിന്റെ ചുമതലയാണ് തനിക്ക് എന്നാണ് അദ്ദേഹം പറയുന്നത്. ഇദ്ദേഹം മന്ത്രിയായ ശേഷം എത്ര തവണ സ്വർണക്കടത്ത് നടന്നുവെന്ന് വല്ല വിവരവുമുണ്ടോ. ഈ മന്ത്രി വന്നതിന് ശേഷമാണ് നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയത്. നയതന്ത്ര ബാഗിലൂടെയല്ല സ്വർണം കടത്തിയത് എന്ന് പ്രതിയെ പറയിപ്പിക്കാൻ പ്രേരിപ്പിച്ചയാൾക്ക് മന്ത്രിയുമായി ബന്ധമുണ്ട്. സംസ്ഥാന സർക്കാറിനെ നേരിടാൻ കസ്റ്റംസ് എന്ന വാൾ കാണിച്ച് രംഗത്തിറങ്ങാനാണ് മന്ത്രി ശ്രമിക്കുന്നത്. ജനമനസുകളിൽ ഇടതുമുന്നണിയെ ഇകഴ്ത്താൻ ഇതൊന്നും കാരണമാകില്ല. ഞങ്ങൾ ജനങ്ങളോടൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കും ഞങ്ങൾക്കുമുണ്ട്. അതാണ് ഞങ്ങളുടെ ഉറപ്പ്. വിരട്ടൽ കൊണ്ട് ഇടതുമുന്നണിയെ വിറങ്ങലിപ്പിക്കാം എന്ന വ്യാമോഹമുണ്ടെങ്കിൽ അതൊക്കെ മനസിൽ വെച്ചാൽ മതി.
 

Latest News