Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈംഗികാക്രമണം: കുറ്റാരോപിതനായ ഡിജിപിയുടെ പേര് വെളിപ്പെടുത്തരുതെന്ന് മദ്രാസ് ഹൈക്കോടതി, വിവാദം

ചെന്നൈ- ഒരു വനിതാ ഐപിഎസ് ഓഫീസറെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന സ്പെഷ്യൽ ഡിജിപിയുടെ പേര് പ്രസിദ്ധീകരിക്കരുതെന്ന്  മദ്രാസ് ഹൈക്കോടതി ഉത്തരവ് വിവാദമായി.  മാർച്ച് ഒന്നിനാണ്  ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയത്. ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിന്റെ ഉത്തരവ് പറയുന്നത് ഇങ്ങനെ: "കേസിന്റെ സ്വഭാവം പരിഗണിച്ചും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കണക്കിലെടുത്തും ഈ കക്ഷികൾ മാധ്യമങ്ങൾക്ക് കേസുമായി ബന്ധപ്പെട്ട് യാതൊരു പ്രസ്താവനയും നൽകിക്കൂടാ." ഇതോടൊപ്പം ഇങ്ങനെയൊരു വാചകം കൂടിയുണ്ട്: "ഇരയായ ഓഫീസറുടെ പേരോ, ആരോപണവിധേയന്റെ പേരോ, സാക്ഷികളുടെ പേരോ മാധ്യമങ്ങൾ നൽകാൻ പാടുള്ളതല്ല. ഇത് ലംഘിക്കപ്പെട്ടാൽ അത് വളരെ ഗൌരവമായി കോടതി കണക്കിലെടുക്കുകയും അലക്ഷ്യനടപടികളെടുക്കുകയും ചെയ്യും."

ഇരയുടെ പേര് പരാമർശിക്കാൻ പാടില്ലെന്ന ഉത്തരവ് ന്യായമാണെങ്കിലും വേട്ടക്കാരന്റെ പേര് പറയാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്നതിലെ ന്യായമാണ് വിമർശകർ ഉന്നയിക്കുന്നത്. ഈ കേസിൽ പരാതി പറയാൻ പരാതിക്കാരി ഏറെ കഷ്ടപ്പെട്ടുവെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റാരോപിതനായ ഡിജിപിയിൽ നിന്ന് പലതവണ ഭീഷണി വിളികളുണ്ടായി. പരാതി നൽകാൻ പോകുന്നതിനിടയിൽ പതിനഞ്ചോളം പൊലീസുദ്യോഗസ്ഥർ അവരെ വഴിയിൽ തടഞ്ഞു. 

എന്നാൽ ഈ കേസ് രാഷ്ട്രീയവൽക്കരിക്കപ്പെടുമോയെന്ന ആശങ്കയാണ് ആരുടെയും പേര് പരാമർശിക്കരുതെന്ന നിലപാടിന്റെ പിന്നിലുള്ളതെന്ന് കോടതി വ്യക്തമാക്കുന്നു. സത്യസന്ധമായ അന്വേഷണം കേസിൽ നടക്കണം. എന്നാൽ ഇത് അസാധാരണമായ ഒരു നിലപാടാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. 2018ലെ സുപ്രീംകോടതി ഉത്തരവാണ് ഇരയുടെ പേര് പുറത്തുവിടരുതെന്ന വഴക്കം സൃഷ്ടിച്ചത്. ഇതിൽ ലൈംഗിക ഉപദ്രവം നടത്തിയയാളുടെ പേര് പറയരുതെന്ന് ആവശ്യപ്പെടുന്നില്ല. 

എഫ്ഐആറിടുന്നതും, പ്രതിയുടെ പേര് പരസ്യമാക്കുന്നതും ഇത്തരം കൃത്യങ്ങൾ ചെയ്യാതിരിക്കാനുള്ള ഒരു സന്ദേശം സമൂഹത്തിന് നൽകലാണെന്ന് തമിഴ്നാട് വനിതാ അഭിഭാഷകരുടെ സംഘടനയുടെ പ്രസിഡണ്ട് ശാന്തകുമാരി പറയുന്നു.

Latest News