വില കൂടിയ ഐഫോണ്‍ നല്‍കിയത് യു.എ.ഇ കോണ്‍സല്‍ ജനറലിനെന്ന് സന്തോഷ് ഈപ്പന്‍; വിനോദിനിയെ അറിയില്ല

തിരുവനന്തപുരം- ഐ ഫോണ്‍ വാങ്ങി നല്‍കിയത് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനാണെന്നും കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ അറിയില്ലെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. വില കൂടിയ ഐ ഫോണ്‍ യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കുമെന്നാണ് സ്വപ്ന പറഞ്ഞിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.   കോണ്‍സല്‍ ജനറലിന് വിലയേറിയ ഫോണ്‍ തന്നെ വേണമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് 1.13 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങി നല്‍കിയത്.

ഫോണ്‍ ലഭിച്ചശേഷം കോണ്‍സല്‍ ജനറല്‍ തന്നെ വിളിച്ച് നന്ദി പറഞ്ഞതായും സന്തോഷ് ഈപ്പന്‍ പറഞ്ഞു. കോടിയേരിയെ നേരിട്ട് കണ്ടിട്ടില്ല. കോടിയേരിയുടെ ഭാര്യ വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെ ഫോണ്‍ നല്‍കുമെന്നും സന്തോഷ് ഈപ്പന്‍ ചോദിച്ചു. 

സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി കോടിയേരിയും വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ തനിക്ക് ഐഫോണ്‍ നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിന്  നല്‍കിയ ഐഫോണ്‍ വിനോദിനി ഉപയോഗിച്ചതായിയാണ് കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ കസ്റ്റംസില്‍നിന്ന് നോട്ടീസ് കിട്ടിയിട്ടില്ലെന്നും വിനോദിനി പറയുന്നു.
 

Latest News