Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്ഞിയെ പോലെ ഇവാന്‍ക; സ്വന്തം നാട്ടില്‍ രൂക്ഷ വിമര്‍ശം

ഹൈദരാബാദിലെ ഗോല്‍കോണ്ട കോട്ട കാണാനെത്തിയ ഇവാന്‍ക ട്രംപ് ടൂറിസ്റ്റ് ഗൈഡിന്റെ വിശദീകരണം കേട്ട് കയ്യടിക്കുന്നു. ഇന്ത്യയിലെ പുതിയ യു.എസ് അംബാഡഡര്‍ കെന്‍ ജസ്റ്ററാണ് സമീപം.

ഹൈദരാബാദ്- വനിതാ സംരംഭകരുടെ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കാനാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ഇന്ത്യയിലെത്തിയതെങ്കിലും സൈബര്‍ സിറ്റിയായി മാറിയ പുരാതന ഹൈദരാബാദിലുള്ള സ്ത്രീകള്‍ക്ക് അവര്‍ രാജ്ഞിയെ പോലെയായി. യു.എസ് പ്രസിഡന്റിന്റെ കുടുംബത്തിലെ വനിതാ താരത്തിന്റെ ഗ്ലാമറും വേഷവിധാനങ്ങളുമാണ് വനിതകളെ ആകര്‍ഷിച്ചത്.
വി.ഐ.പി സന്ദര്‍ശകയെ നേരിട്ടു കാണാന്‍ ഇന്നലെ പ്രദേശവാസികള്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നാണ് േേഗാല്‍ക്കോണ്ട കോട്ടയിലെത്തിയത്.
എന്തൊരു സൗന്ദര്യം, എന്തൊരു ആത്മവിശ്വാസം, രാജ്ഞിയെ പോലെ തന്നെയുണ്ട് -ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഇര്‍ഫാന ബീഗം പറഞ്ഞു.
സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇവാന്‍കയടക്കം നിരവധി പ്രമുഖരെത്തിയതിനാല്‍ ഹൈദരാബാദില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. നഗരത്തില്‍ വൃത്തിയും വെടിപ്പും ഉറപ്പു വരുത്തിയ അധികൃതര്‍ യാചകരെ മുഴുവന്‍ നീക്കിയിരുന്നു.
ഇവാന്‍കയുടെ വരവ് ഹൈദരാബാദിനെ ആഗോള ഭൂപടത്തില്‍ രേഖപ്പെടുത്താന്‍ സഹായകമായെന്നും അവരുടെ സന്നിധ്യം നഗരത്തെ പ്രകാശപൂരിതമാക്കിയെന്നും 19 കാരനായ വിദ്യാര്‍ഥി രാജ് ശേഖര്‍ പറഞ്ഞു.
വനിതകളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ഇവാന്‍ക ട്രംപ് ഉച്ചകോടിയില്‍ ബിസിനസ് പ്രമുഖരോട് ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസില്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും വസ്ത്ര ബ്രാന്‍ഡുകളെ കുറിച്ചും വിമര്‍ശനം നേരിടുന്ന ഇവാന്‍കക്ക് ഹൈദരാബദില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കുന്ന അതേ വരേവല്‍പാണ്  നല്‍കിയത്. ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വനിതകളുടെ കര്‍മശേഷി ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നും അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കണമെന്നുമാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഇവാന്‍ക ആഹ്വാനം ചെയ്തത്.
ജോലിസ്ഥലത്തെ വനിതാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് വനിതകളെ തഴയുന്ന രീതി വ്യാപാര, വ്യവസായ നേതാക്കള്‍ ഒഴിവാക്കണമെന്ന് അവര്‍ ഇന്നലെ പറഞ്ഞു. ജനസംഖ്യയില്‍ പകുതി സ്ത്രീകളാണെന്നും വനിതാ സംരംഭകരില്‍നിന്ന് വമ്പിച്ച വിപ്ലവമാണ് പ്രതീക്ഷിക്കുന്നതെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു.
ത്രിദിന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുത്തവരില്‍ പലരും ഇവാന്‍കയുടെ ആഹ്വാനത്തെ കൈയടികളോടെയാണ് വരവേറ്റത്. ശക്തിപ്പെട്ടുവരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയില്‍ തൊഴില്‍രംഗത്ത് വനിതകള്‍ വളരെ പിറകിലാണെന്ന കാര്യം അവര്‍ എടുത്തു പറഞ്ഞു.
ഇവാന്‍ക ഇപ്പോള്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിതയാണെന്നും അവര്‍ പറയുന്ന ഓരോ വാക്കിനും ഫലമുണ്ടാകുമെന്നും ഇന്ത്യന്‍ സംരംഭകയായ നിഷിതം മന്നെ പറഞ്ഞു.
അതേസമയം, ഇവാന്‍ക ഇന്ത്യയില്‍ വലിയ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും പറയുമ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ അവരെ കുറിച്ച് വിമര്‍ശനങ്ങള്‍ നിറയുകയാണ്. ഇവാന്‍ക വിപണയിലിറക്കുന്ന വസ്ത്ര ബ്രാന്‍ഡുകളും അവയുടെ നിര്‍മിതിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇവാന്‍ക അമേരിക്കയില്‍ ഇറക്കുന്ന വസ്ത്രങ്ങളും ചെരിപ്പുകളും പുറംരാജ്യങ്ങളില്‍ നിര്‍മിക്കുന്നവയാണ്. ഇവ മോശം സാഹചര്യങ്ങളിലാണ് നിര്‍മിക്കപ്പെടുന്നതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇവാന്‍ക തയാറാകുന്നില്ലെന്ന് അമേരിക്കയിലെ സന്നദ്ധ സംഘടനയായ പബ്ലിക് സിറ്റിസണ്‍ തലവന്‍ റോബര്‍ട്ട് വീസ്മാന്‍ ട്വിറ്ററില്‍ ആരോപിച്ചു. ഇവാന്‍കയോടൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്കയക്കാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തയാറാകത്തതും വാര്‍ത്തയായി.
പിതാവിന്റെ രാഷ്ട്രീയ നയങ്ങളെ എതിര്‍ക്കുന്നവര്‍ ഇത്തരമൊരു ഉച്ചകോടി നയിക്കാന്‍ ഇവാന്‍കക്കുള്ള യോഗ്യതയാണ് ചോദ്യം ചെയ്യുന്നത്. വനിതാ സംരംഭകര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളേക്കാള്‍ രാഷ്ട്രീയ വിഷയങ്ങളാണ് ഇവാന്‍ക സംസാരിക്കുന്നതെന്നും അമേരിക്കന്‍ രാഷ്ട്രീയത്തിലോ ഇവാന്‍കയുടെ പിതാവിന്റെ നയങ്ങളിലോ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും നമീബിയക്കാരി സംരംഭക നോര്‍മ യുവസെംഗിസ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും യഥാര്‍ഥ പ്രതിബന്ധങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത ഇവാന്‍കയെ സംരംഭകയായി കാണാനാവില്ലെന്നാണ് അമേരിക്കയിലെ  ഒരു വനിതാ വ്യവസായി പ്രതികരിച്ചത്.
അതേസമയം വിവാദങ്ങള്‍ ഒഴിവാക്കി ക്രിയാത്മക വശങ്ങള്‍ കാണണമെന്നാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപക ഉപാസന മകാത്തിയുടെ പ്രതികരണം.

 

 

 

Latest News