മുംബൈ- വ്യവസായി മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്‍റെ ഉടമയല്ല മരിച്ചതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വെളിപ്പെടുത്തി. താനെ സ്വദേശിയായ സ്പെയർ പാർട്സ് വ്യാപാരി മൻസുക് ഹിരണിന്റെ (45) മൃതദേഹമാണു കഴിഞ്ഞ ദിവസം താനെക്കു സമീപം കടലിടുക്കില്‍ കണ്ടെത്തിയത്. എന്നാൽ, കാറിന്റെ യഥാർഥ ഉടമ മൻസുക് അല്ലെന്നും ഇന്റീരിയർ ജോലികൾക്കായി ഉടമ അദ്ദേഹത്തെ ഏൽപിച്ചതാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇതോടെ സംഭവം കൂടുതല്‍ ദുരൂഹമാകുകയാണ്. കഴിഞ്ഞമാസം 25നു രാത്രിയാണ് 20 ജലറ്റിൻ സ്റ്റിക്കുകളും അംബാനിക്കെതിരായ ഭീഷണിക്കത്തും സഹിതം കാർ കണ്ടെത്തിയത്. മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് രംഗത്തുവന്ന മൻസുക് കാർ കാണാനില്ലെന്നു കാണിച്ച് പോലീസിൽ നല്‍കിയ പരാതിയും ഹാജരാക്കിയിരുന്നു.
പ്രധാന സാക്ഷിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം എൻഐഎയ്ക്കു കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസുമായുള്ള മൻസുകിന്റെ ബന്ധം സംശയകരമാണെന്നും അദ്ദേഹം ആരോപിച്ചു. റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സച്ചിന്‍ വാസിനെ വിവാദത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.






