Sorry, you need to enable JavaScript to visit this website.

തർഹീലിൽനിന്ന് അഞ്ചു വിമാനങ്ങളിലായി 1500 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

റിയാദ്- തൊഴിൽ, താമസ നിയമലംഘനങ്ങളുടെ പേരിൽ പോലീസ് പിടിയിലായി തർഹീലു (നാടുകടത്തൽ കേന്ദ്രം) കളിൽ കഴിഞ്ഞിരുന്ന 1500 ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇഖാമ പുതുക്കാത്തവർ, ഹുറൂബായവർ, തൊഴിൽ നിയമ ലംഘനത്തിന് പിടിയിലായവർ എന്നിങ്ങനെ വിവിധ കുറ്റങ്ങളിൽ പിടിക്കപ്പെട്ടവർക്കാണ് ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ നാട്ടിലെത്താനായത്. വിവിധ ഘട്ടങ്ങളിൽ അഞ്ചു വിമാനങ്ങളിൽ സൗദി ഗവൺമെന്റ് സൗജന്യമായി ഇവരെ ദൽഹിയിൽ എത്തിക്കുകയായിരുന്നു. ദൽഹിയിൽ നിന്ന് അവരുടെ നാടുകളിലേക്ക് അവർ പോയി.
പിടിക്കപ്പെട്ടവരിൽ ഏറ്റവുമധികം യു.പി സ്വദേശികളാണ്. നൂറോളം പേരാണ് മലയാളികൾ. എല്ലാവർക്കും നാട്ടിലെത്താനുള്ള രേഖകൾ എംബസി അധികൃതർ ജയിലിലെത്തി നൽകി. പലരുടെയും കൈകളിൽ പാസ്‌പോർട്ടുകളുണ്ടായിരുന്നില്ല. അവർക്ക് എമർജൻസി സർട്ടിഫിക്കറ്റാണ് നൽകിയത്. സെക്കന്റ് സെക്രട്ടറി സുനിൽകുമാർ, യൂസുഫ് കാക്കഞ്ചേരി എന്നീ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇവർക്ക് രേഖകൾ നൽകിയത്.
ഇന്ത്യയിലേക്ക് വിമാന സർവീസുകൾ കുറവായതിനാൽ എംബസിയുടെ പ്രത്യേക അഭ്യർഥന പ്രകാരമാണ് സൗദി അധികൃതർ സൗജന്യ വിമാന യാത്രയൊരുക്കുന്നത്. അതേസമയം ഇഖാമ കാലാവധി അവസാനിച്ച് പുതുക്കാത്തവർക്കും ഹുറൂബായവർക്കും എംബസി ഇടപെട്ട് ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകുന്നുണ്ട്. അതിന് ഓൺലൈൻ ആയി എംബസിയിൽ അപേക്ഷ നൽകണം. എന്നാൽ ഇവർ സ്വന്തം ടിക്കറ്റിലാണ് നാട്ടിലെത്തേണ്ടത്. തർഹീലിൽ കഴിയുന്നവർക്ക് മാത്രമേ സൗജന്യ ടിക്കറ്റ് ലഭ്യമാവുകയുളളൂ. ഇന്നലെ റിയാദ് തർഹീലിൽ നിന്ന് 300 പേരാണ് ദൽഹിയിലേക്ക് പോയത്. യു.പി 229, പശ്ചിമ ബംഗാൾ 133, തമിഴ്‌നാട് 47, ബിഹാർ 31, രാജസ്ഥാൻ 29, കേരളം 21, പഞ്ചാബ് 18, അസം 18, ആന്ധ്ര 8 എന്നിങ്ങനെ 300 പേരാണ് ഇന്നലെ റിയാദ് തർഹീലിൽ നിന്ന് ദൽഹിയിലേക്ക് പോയത്. ഇവരിൽ 25 പേർ ദമാം തർഹീലിൽ നിന്ന് റിയാദിലെത്തിച്ചവരായിരുന്നു.

Tags

Latest News