ജിദ്ദ- പ്രവാസി സാംസ്‌കാരിക വേദി സൗദി വെസ്‌റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റിയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി റഹീം ഒതുക്കുങ്ങൽ പ്രസിഡന്റ്, അഷ്‌റഫ് പാപ്പിനിശ്ശേരി ജനറൽ സെക്രട്ടറി, സിറാജ് താമരശ്ശേരി ട്രഷറർ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി നിസാർ ഇരിട്ടി, ഉമറുൽ ഫാറൂഖ് പാലോട്, സുഹറ ബഷീർ എന്നിവരും സെക്രട്ടറിമാരായി ഷഫീഖ് മേലാറ്റൂർ, ഫിദ അജ്മൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കോ-ഓർഡിനേറ്റർ ഖലീൽ പാലോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ വിങ് കോ-ഓർഡിനേറ്റർ ആയി കെ.എം.അബ്ദുൽ കരീമിനെയും അംഗങ്ങളായി എ.കെ സൈദലവി, സിറാജ് തബൂക്ക്, യൂസുഫ് പരപ്പൻ, സലീഖത്ത് എന്നിവരെയും തെരഞ്ഞെടുത്തു. കലാ കായിക വിഭാഗം കോ-ഓർഡിനേറ്ററായി ഓവുങ്ങൽ മുഹമ്മദലിയും, മീഡിയ ആൻഡ് സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററായി മുനീർ ഇബ്രാഹിം പയ്യന്നൂരിനെയും ഐ.ടി കോ-ഓർഡിനേറ്ററായി അജ്മൽ അബ്ദുൽ ഗഫൂറിനെയും നിശ്ചയിച്ചു. കേന്ദ്ര കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളായി സി.എച്ച് ബഷീർ, നിസാർ ഇരിട്ടി, പി.എം സാബു യാമ്പു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ സ്പർധയും വിദ്വേഷവും സൃഷ്ടിച്ചുകൊണ്ട് വോട്ടു നേടിക്കളയാമെന്നുള്ള ദുഷ്ട മനോഭാവം രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അടിസ്ഥാന വർഗങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും കണ്ടില്ലെന്ന് നടിച്ച് കോർപറേറ്റ് വൈദേശിക ശക്തികൾക്ക് നാടിന്റെ വിഭവങ്ങൾ തീറെഴുതി കൊടുക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം തിരുത്തേണ്ടതുണ്ട്. ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ വെൽഫെയർ പാർട്ടി നീതിയുടെ പക്ഷത്ത് ജനങ്ങളോടൊപ്പം എന്നും നിലകൊണ്ടിട്ടുണ്ടെന്നും അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും കേന്ദ്ര കോ-ഓർഡിനേറ്റർ ഖലീലുറഹ്മാൻ പാലോട് പ്രസ്താവിച്ചു. പ്രവാസ ലോകത്തും അവശരോടൊപ്പവും എപ്പോഴും നിലകൊണ്ടു എന്നുള്ളതാണ് പ്രവാസി സാംസ്‌കാരിക വേദിയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.