ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയ യോഗം ഇന്ന് 

തിരുവനന്തപുരം- ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയക്കാര്യം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനുള്ള നിർണായക കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. ബി.ജെ.പി മത്സരിക്കേണ്ട മണ്ഡലങ്ങളെക്കുറിച്ചും മത്സരിക്കേണ്ട സ്ഥാനാർഥികളെക്കുറിച്ചും ഇതിനോടകംതന്നെ വ്യക്തമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം 9ന് മാത്രമയേുണ്ടാകുകയുള്ളൂ. വിജയ സാധ്യതയുള്ള നേതാക്കളെയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുള്ള നേതാക്കളെയും ബി.ജെ.പി സ്വാധീനമുള്ള മണ്ഡലങ്ങളിലിറക്കാനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്തെ കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസ് മത്സരിക്കും. പാറശാലയിൽ കരമന ജയനും ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസും മത്സരിക്കും. കേന്ദ്രമന്ത്രി വി.മുരളീധരനെ മത്സരിപ്പിക്കണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ മുരളീധരൻ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലത് പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം അദ്ദേഹത്തിനുണ്ട്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി മത്സരിക്കാൻ സാധ്യതയുണ്ട്. പാർട്ടിയിലേക്ക് മുസ്‌ലിം വോട്ടുകൾ ആകർഷിക്കാനത് സഹായകരമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. 

എൽ.ഡി.എഫിലും യു.ഡി.എഫിലും പ്രവർത്തിച്ച അനുഭവ പരിചയവും ബന്ധങ്ങളും അദ്ദേഹത്തിന് തുണയാകുമെന്നും വിലയിരുത്തപ്പെടുന്നു. 
എന്നാൽ എവിടെയാവും അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കുകയെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ തീരുമാനമുണ്ടാകുകയുള്ളൂ. ഇ.ശ്രീധരനെ തൃപ്പൂണിത്തറയിൽ തന്നെ മത്സരിപ്പിക്കണമെന്നാണ് ബി.ജെ.പിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മലബാറിൽ മത്സരിക്കണമെന്നാണ് ശ്രീധരന്റെ വ്യക്തിപരമായ താൽപര്യം. എന്നാൽ ബി.ജെ.പി പറയുന്നയിടത്ത് അദ്ദേഹം സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇ.ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന പ്രചാരണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ പാർട്ടിൽ പുകയുകയാണ്. 
 

Latest News