സ്വര്‍ണം ഒളിപ്പിച്ചെന്ന സംശയത്തില്‍ വിലകൂടിയ വാച്ച് പൊട്ടിച്ചു; പോലീസ് കേസെടുത്തു-video

കൊണ്ടോട്ടി- സ്വര്‍ണം ഒളിപ്പിച്ചെന്ന സംശയത്തില്‍ കരിപ്പൂരിലെത്തിയ കര്‍ണാടക സ്വദേശിയായ യാത്രക്കാരന്റെ വില കൂടിയ വാച്ച് കസ്റ്റംസ് അടിച്ചു തകര്‍ത്തതായി പരാതി. സംഭവം സംബന്ധിച്ച് കരിപ്പൂര്‍ പോലീസ് കേസെടുത്തു. വിഷയത്തില്‍ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും സംഭവം വിശദമായി പോലീസ് പരിശോധിക്കുക.  

കഴിഞ്ഞ ദിവസം രാത്രി കസ്റ്റംസ് പരിശോധനക്കിടെയാണ് ദുബായില്‍ നിന്നെത്തിയ കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ 45 ലക്ഷത്തിലേറെ വിലയുളള വാച്ച് അടിച്ചുതകര്‍ത്തത്. സ്വര്‍ണമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചാണ് വാച്ച് പരിശോധിക്കാനായി കസ്റ്റംസ് വാങ്ങിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല.പിന്നീട് വാച്ച് തിരികെ നല്‍കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത രീതിയില്‍ തകര്‍ന്നിരുന്നു.
   ദുബായിലുളള സഹോദരനാണ് വാച്ച് ഇസ്മായിലിന് നല്‍കിയത്. പരിശോധന വേളയില്‍ തന്നെ വില കൂടിയ വാച്ചാണെന്ന് യാത്രക്കാരന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ കരിപ്പൂരിലെ കസ്റ്റംസ് വിഭാഗത്തിനും വിമാനത്താവള ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ സ്വര്‍ണമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യാത്രക്കാരന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനയെന്നും വില കൂടിയ വാച്ചാണെന്ന വിവരം ധരിപ്പിച്ചില്ലെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

 

 

Latest News