കോട്ടയം - ചങ്ങനാശ്ശേരി സീറ്റ് ജോസഫ് വിഭാഗത്തിനു നൽകിയാൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസിഡന്റായ ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചങ്ങനാശ്ശേരിയിൽ മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ തുടർന്നാൽ കോൺഗ്രസിന് വിജയം നേടാനാവില്ലെന്നും ഡിസിസി അംഗവുമായ ബേബിച്ചൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് പരാതി നൽകിയതായും മുക്കാടൻ പറഞ്ഞു. കോൺഗ്രസിന്റെ പോഷക സംഘടനാ ഭാരവാഹികളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. ജോസഫും ജോസഫ് വാഴയ്ക്കനും അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ പരസ്പരം മണ്ഡലങ്ങൾ വെച്ചുമാറ്റത്തിലൂടെ ചങ്ങനാശ്ശേരിയിൽ മത്സരിക്കാൻ തയ്യാറെടുത്തപ്പോൾ സഭാനേതൃത്വത്തെ സമ്മർദ്ദത്തിലാക്കി സീറ്റു കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പിടിച്ചുവാങ്ങിയതിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നതെന്ന് ബേബിച്ചൻ മുക്കാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന് ചങ്ങനാശ്ശേരി സീറ്റ് ലഭിക്കുകയാണെങ്കിൽ റിബലായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാജൻ ഫ്രാൻസിസിന്റെ ധിക്കാരപരമായ പ്രഖ്യാപനത്തിന് എതിരായിട്ടാണ് താൻ മത്സരിക്കുന്നത്.
ജോസഫ് വിഭാഗത്തിന് അർഹിക്കുന്നതിലധികം സീറ്റുകൾ നൽകിയാൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കും. കേരളാ കോൺഗ്രസ് രണ്ടായി പിളർന്നതിനാൽ പകുതി സീറ്റുമാത്രമേ ജോസഫ് വിഭാഗത്തിന് നൽകാവൂ. സ്വന്തം ജില്ലയിൽ മത്സരിക്കാൻ വർഷങ്ങളായി ആഗ്രഹിക്കുന്ന ടോമി കല്ലാനി, ജോസഫ് വാഴക്കൻ, കെ. സി. ജോസഫ്, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ എന്നിവരുടെ അവസരം നിഷേധിക്കരുത്.
കോൺഗ്രസിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഐ. എൻ. ടി. യു. സിയുടേയും, പോഷക സംഘടനകളുടേയും, നേതാക്കന്മാരേ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഓൾ ഇന്ത്യാ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു. സി) യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും, റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമാണ് ബേബിച്ചൻ മുക്കാടൻ.






